കാഞ്ഞാർ∙ തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിലെ കാഞ്ഞാർ പാലത്തിന് ആവശ്യത്തിന് വീതിയില്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. ഏറെ തിരക്കേറിയ പാതയിലെ പാലത്തിനാണ് വീതിയില്ലാതെ വാഹനങ്ങളും കാൽനടയാത്രക്കാരും കഷ്ടപ്പെടുന്നത്.
നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്.
പാലത്തിന്റെ വീതിക്കുറവ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ നടന്നുപോകുന്നത് വീതികുറഞ്ഞ പാലത്തിലൂടെയാണ്.
വാഹനങ്ങൾ വരുമ്പോൾ ഒതുങ്ങി നിൽക്കാനുള്ള സൗകര്യം പോലും ഇല്ല.
പാലത്തിന്റെ വീതിക്കുറവിന് പരിഹാരമായി വശങ്ങളിൽ നടപ്പാലം നിർമിക്കാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ ഇതിനും നടപടിയായില്ല.
പാലത്തിന്റെ കൈവരിയോട് ചേർന്ന് ജലവിതരണ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ വാഹനങ്ങൾ വരുമ്പോൾ ഒതുങ്ങിനിൽക്കാനുള്ള സൗകര്യവും ഇല്ലാതെയായി.
ജില്ലയുടെ ഭരണ സിരാകേന്ദ്രമായ ഇടുക്കിയിലേക്ക് എത്തിച്ചേരുന്ന പ്രധാന റോഡിലെ പാലത്തിനോടാണ് ഈ അവഗണന.
ഇടുക്കി നിയോജകമണ്ഡലത്തിൽപെട്ടതാണ് ഈ പാലം. പാലത്തിന് വീതി കൂട്ടണം അല്ലെങ്കിൽ വശങ്ങളിൽ നടപ്പാലം പണിയണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.
വീതിക്കുറവുള്ള പാലത്തിലൂടെ ഭീതിയോടെയാണ് ആളുകൾ സഞ്ചരിക്കുന്നത്.
വിനോദ സഞ്ചാര സീസൺ ആരംഭിച്ചാൽ നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. വലിയ വാഹനങ്ങൾ പാലത്തിൽ കയറിയാൽ കാൽ നടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ പോലും സ്ഥലമില്ല. തിരക്കേറിയ പാലത്തിന്റെ വശങ്ങളിൽ താമസം കൂടാതെ നടപ്പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]