തൃശൂർ ∙ സംസ്ഥാനത്തെ ചെറുകിട (നാനോ) സംരംഭക യൂണിറ്റുകളെ വളർത്തുന്നതിനു ‘മിഷൻ 10000’ ഉടൻ നടപ്പാക്കുമെന്നും പതിനായിരം സംരംഭങ്ങളെ ഒരുകോടി രൂപ വിറ്റുവരവിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും മന്ത്രി പി.രാജീവ്.
വാണിജ്യ–വ്യവസായ ഡയറക്ടറേറ്റ് തൃശൂരിൽ സംഘടിപ്പിച്ച കേരള വിമൻ ഒൻട്രപ്രനേഴ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആയിരം സംരംഭങ്ങൾ ശരാശരി 100 കോടി വിറ്റുവരവ് എന്ന ലക്ഷ്യത്തോടെ ‘മിഷൻ 1000’ വ്യവസായ വകുപ്പ് നടപ്പാക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയാണ് പുതിയ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
‘‘സംരംഭക വർഷാചരണത്തിന്റെ ഭാഗമായി റജിസ്റ്റർ ചെയ്ത സംരംഭകരിൽ 31% സ്ത്രീകളാണ്. അവരെ പ്രോത്സാഹിപ്പിക്കാൻ സുപ്രധാന വ്യവസായ ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്.
പഞ്ചായത്തുകളിൽ വീടുകളിൽ 50% വരെ സംരംഭം തുടങ്ങാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും.
ഒഴിഞ്ഞുകിടക്കുന്ന വീടുകളിൽ 100% സംരംഭം തുടങ്ങാനും അനുമതി നൽകും. ഓൺലൈൻ വിൽപന സജീവമാക്കാൻ ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കും.
ഇതോടൊപ്പം നൈപുണ്യ വികസനവും ഉറപ്പാക്കും.’’മന്ത്രി പറഞ്ഞു. സ്ത്രീ സംരംഭകരുടെ വളർച്ച അടുത്ത ഘട്ടത്തിലെത്തിക്കാൻ വനിതാ വ്യവസായ പാർക്ക് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷനായി.
മന്ത്രി ആർ.ബിന്ദു സംരംഭകരുമായി ആശയ വിനിമയം നടത്തി. വിവിധ ജില്ലകളിൽ നിന്നായി ആയിരത്തിലേറെ വനിതാ സംരംഭകർ കോൺക്ലേവിൽ പങ്കെടുത്തു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

