പാലക്കാട് ∙ ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ ഉയർത്തിയ കടുത്ത പ്രതിഷേധത്തിനിടെ കോൺഗ്രസ്, മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരുടെ സംരക്ഷണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തു. യുഡിഎഫ് ഭരിക്കുന്ന പിരായിരി പഞ്ചായത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത പൂഴിക്കുന്നം റോഡാണ് രാഹുൽ ഉദ്ഘാടനം ചെയ്തത്.
ലൈംഗികാരോപണം ഉയർന്ന ശേഷം രാഹുൽ പാലക്കാട്ട് പങ്കെടുക്കുന്ന രണ്ടാമത്തെ ഔദ്യോഗിക പരിപാടിയാണ് ഇന്നലത്തേത്.
എംഎൽഎ എന്ന നിലയിൽ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നു ബിജെപി പ്രഖ്യാപിച്ചിരുന്നു. എംഎൽഎയെ തടയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞെങ്കിലും പാലക്കാട് മണ്ഡലത്തിൽ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്താൽ തടയുമെന്നു ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ, മുൻകൂട്ടി അറിയിക്കാതെ കഴിഞ്ഞയാഴ്ച പുതിയ പാലക്കാട് – ബെംഗളൂരു കെഎസ്ആർടിസി ബസിന്റെ ഫ്ലാഗ് ഓഫ് എംഎൽഎ നിർവഹിച്ചിരുന്നു. ഡിവൈഎഫ്ഐയും ബിജെപിയും ഇരുഭാഗങ്ങളിലായാണ് നിലയുറപ്പിച്ചിരുന്നത്.
ഡിവൈഎഫ്ഐക്കാർ വാഹനം തടയുമ്പോൾ മറുഭാഗത്തു ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. വാഹനം തടഞ്ഞതോടെ പ്രവർത്തകർക്കൊപ്പം നടന്നാണ് രാഹുൽ ഉദ്ഘാടനസ്ഥലത്തേക്ക് എത്തിയത്.
പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐക്കാർ പലവട്ടം എംഎൽഎയുടെ വാഹനത്തിൽ കൈകൊണ്ട് ആഞ്ഞടിച്ചു. ചിലർ വാഹനത്തിന്റെ വശത്തു പിടിച്ചു കയറി കൊടിവീശി.
വാഹനത്തിനു നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയതായി എംഎൽഎ അറിയിച്ചു.വഴിയിൽ രണ്ടിടത്തു ഡിവൈഎഫ്ഐ പ്രവർത്തകർ എംഎൽഎയ്ക്കു നേരെ പാർട്ടിക്കൊടിയും കരിങ്കൊടിയും വീശി.
ഒരിടത്ത് ഇവരെ യുഡിഎഫ് പ്രവർത്തകർ നേരിട്ടു.
എംഎൽഎ ഇതൊന്നും വകവയ്ക്കാതെ നാട മുറിച്ചു റോഡ് ഉദ്ഘാടനം ചെയ്തു. പ്രവർത്തകരോടൊപ്പം നടന്നു പ്രധാന റോഡിലെത്തി റോഡ് ഷോയും നടത്തിയാണു രാഹുൽ മടങ്ങിയത്. ഇതിനിടെ യുഡിഎഫ് പ്രവർത്തകരിൽ ചിലർ ഭീഷണിമുദ്രാവാക്യങ്ങളും മുഴക്കി. വൻ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
സർക്കാർ മണ്ഡലത്തെ അവഗണിക്കുന്നു: രാഹുൽ
ഫണ്ട് അനുവദിക്കുന്നതിൽ അടക്കം എൽഡിഎഫ് സർക്കാർ മണ്ഡലത്തെ അവഗണിക്കുന്നതായി എംഎൽഎ കുറ്റപ്പെടുത്തി.
പ്രദേശത്തിനും പിരായിരി പഞ്ചായത്തിലേക്കും പുതിയ പദ്ധതികളും അടുത്ത ദിവസത്തെ ഉദ്ഘാടന പരിപാടികളും അദ്ദേഹം പ്രഖ്യാപിച്ചു. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റെ നേതൃത്വത്തിലാണു ബിജെപി പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ പ്രതിഷേധത്തിനു പാലക്കാട് ബ്ലോക്ക് ട്രഷററും ജില്ലാ പഞ്ചായത്ത് അംഗവുമായ എം.എച്ച്.സഫ്ദർ ഷെരീഫ്, സെക്രട്ടറി മുഹമ്മദ് നാസിം, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ്.വിപിൻ എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]