ഗ്രേറ്റർ നോയിഡ: ഗ്രേറ്റർ നോയിഡയിലെ പൊതുനിരത്തിൽ കാർ ഉപയോഗിച്ച് അപകടകരമായ അഭ്യാസപ്രകടനം നടത്തിയ യുവാവിന് ട്രാഫിക് പോലീസ് കനത്ത പിഴ ചുമത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മാരുതി സുസുക്കി ബലേനോ കാർ ഉപയോഗിച്ച് യുവാവ് അതിവേഗത്തിൽ ഡ്രിഫ്റ്റ് ചെയ്യുന്നതും മറ്റ് അഭ്യാസങ്ങൾ നടത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. തിരക്കേറിയ റോഡിലൂടെ അതിവേഗമെത്തിയ കാർ, വെട്ടിത്തിരിച്ച് ഡ്രിഫ്റ്റ് ചെയ്ത് റോഡരികിൽ നിർത്തുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്.
പിന്നീട് ഒരു റെസിഡൻഷ്യൽ ഏരിയയ്ക്ക് മുന്നിലും സമാനമായ രീതിയിൽ സ്റ്റണ്ട് ആവർത്തിക്കുന്നത് കാണാം. അപ്രതീക്ഷിത ക്ലൈമാക്സ്; കാത്തിരുന്നത് 57,500 രൂപയുടെ പിഴ സാധാരണ സ്റ്റണ്ട് വീഡിയോ എന്ന് കരുതി കണ്ടുതുടങ്ങുന്നവർക്ക് അവസാനം ഒരു ട്വിസ്റ്റ് കാത്തിരിപ്പുണ്ട്.
യുവാവിന് നോയിഡ ട്രാഫിക് പോലീസ് നൽകിയ 57,500 രൂപയുടെ ഇ-ചലാനിന്റെ ചിത്രത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിനാണ് പോലീസ് ഇത്രയും വലിയ തുക പിഴയായി ചുമത്തിയത്.
“ഗ്രേറ്റർ നോയിഡയിലെ റോഡുകളിൽ യുവാവ് കാർ സ്റ്റണ്ട് നടത്തി, നോയിഡ ട്രാഫിക് പോലീസ് 57,500 രൂപ പിഴ ചുമത്തി നടപടിയെടുത്തു, അഭിനന്ദനങ്ങൾ,” എന്ന കുറിപ്പോടെയാണ് വീഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് ട്രാഫിക് നിയമങ്ങൾ ലംഘിച്ച വാഹനത്തിന് 57,500 രൂപയുടെ ഇ-ചലാൻ നൽകി നിയമനടപടി സ്വീകരിച്ചതായി നോയിഡ ട്രാഫിക് പോലീസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു.
സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം വീഡിയോ വൈറലായതിന് പിന്നാലെ, സുരക്ഷിതമല്ലാത്ത ഡ്രൈവിംഗിനെതിരെയും ഇത്തരം പ്രവൃത്തികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾ ഉയർന്നു. “വളരെ വില കൂടിയ സ്റ്റണ്ട് ആയിപ്പോയി,” എന്ന് ഒരാൾ കുറിച്ചപ്പോൾ, നിരവധി പേർ പോലീസിന്റെ നടപടിയെ അഭിനന്ദിച്ചു.
“ഇതൊന്നും ഇവിടെ പുതുമയല്ല, ദിവസവും ഇത്തരം ഡ്രൈവർമാരെ കാണാറുണ്ട്. ഗ്രേറ്റർ നോയിഡയിൽ ട്രാഫിക് നിയമങ്ങൾക്ക് ആരും വില കൽപ്പിക്കുന്നില്ല.
യുപിയിലെ പലയിടത്തും ഇതാണ് അവസ്ഥ. ബാംഗ്ലൂരിൽ താമസിക്കുമ്പോൾ ഇങ്ങനെയൊരു അശ്രദ്ധമായ ഡ്രൈവിംഗ് കണ്ടിട്ടില്ല.
ഇത് ജനങ്ങളുടെ മാത്രം പ്രശ്നമാണോ, പോലീസ് എന്ത് നടപടിയാണ് സ്വീകരിക്കുന്നത്?” എന്ന് മറ്റൊരാൾ ചോദിച്ചു. “പിഴ ചുമത്തിയാൽ മാത്രം പോരാ, വാഹനം പിടിച്ചെടുക്കുകയും ലാത്തിക്ക് അടിക്കുകയും ചെയ്യുന്ന വീഡിയോ കൂടി പുറത്തുവിടണം, എങ്കിലേ ഇവർ പഠിക്കൂ,” എന്നായിരുന്നു മറ്റൊരു പ്രതികരണം.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

