എടത്വ ∙ പുഞ്ചക്കൃഷിക്ക് കൃഷിഭവനുകൾ വഴി സബ്സിഡിയോടു കൂടിയുള്ള വിത്ത് എത്തിത്തുടങ്ങി. അതത് പഞ്ചായത്തും കൃഷിക്കു മാറ്റി വയ്ക്കുന്ന ഫണ്ടും വകുപ്പ് വക സബ്സിഡിയും ചേർത്ത് കർഷകർക്ക് പൂർണ സബ്സിഡിയോടെയാണ് വിത്ത് നൽകുന്നത്. കഴിഞ്ഞ സീസണിൽ സർക്കാർ സബ്സിഡി നൽകില്ലെന്ന അറിയിപ്പ് വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.
കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് തീരുമാനം മാറ്റി സബ്സിഡിയോടെ വിത്ത് നൽകുകയായിരുന്നു.
ഇക്കുറി എല്ല കൃഷിഭവനുകളിലും കർഷകർക്ക് വിത്ത് സൗജന്യമായി നൽകാനുള്ള തയാറെടുപ്പാണ് നടത്തിയിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള സീഡ് അതോറിറ്റിയുടെ വിത്താണ് കൃഷിഭവൻ വഴി വിതരണം ചെയ്യുന്നത്.
എന്നാൽ ചില പാടശേഖരങ്ങൾ സീഡ് അതോറിറ്റിയിൽ നിന്നുള്ള വിത്ത് എടുക്കാതെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള എൻ എസ്സിയുടെ (നാഷനൽ സീഡ് കോർപറേഷൻ) വിത്ത് വേണം എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
മാത്രമല്ല അവർക്കിഷ്ടമുള്ള ഏജൻസിയിൽ നിന്നും വിത്ത് വാങ്ങുകയും അതിന്റെ തുക കൃഷിഭവനുകൾ വഴി നൽകണം എന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ സീഡ് അതോറിറ്റിയിൽ നിന്നുള്ള വിത്ത് സമയത്ത് ലഭിക്കാതെ വരുന്നതും സ്വകാര്യ ഏജൻസിയെ സമീപിക്കാൻ കാരണമാകുന്നുണ്ട്.
കർഷകർക്ക് ഏക്കറിന് 40 കിലോ വീതമാണ് പൂർണ സബ്സിഡിയിൽ നൽകുന്നത്.
എന്നാൽ കർഷകർ ഏക്കറിന് 50 കിലോ മുതൽ 55 കിലോ വരെ വിതയ്ക്കുകയാണ് പതിവ്. കൂടുതൽ വിത്ത് വാങ്ങുന്നതിന് സബ്സിഡി ലഭിക്കില്ല.
വിത്തിന്റെ വില പൂർണമായി കൊടുത്താൽ മാത്രമേ ലഭിക്കൂ.
കുട്ടനാട്ടിൽ ആദ്യം കൃഷി ആരംഭിക്കുന്ന തകഴി കൃഷി ഭവൻ പരിധിയിൽ വിത്ത് വിതരണം ആരംഭിച്ചു. 7 പാടശേഖരങ്ങളിലേക്കു വേണ്ട വിത്ത് എത്തിക്കഴിഞ്ഞു.
ഇവിടെ മാത്രം 64 പാടശേഖരങ്ങളാണ് ഉള്ളത്. ജില്ലയിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 30000 ഹെക്ടറിൽ എങ്കിലും വിത്ത് വേണ്ടി വരും.
കൃഷി വകുപ്പ് കണക്കു പ്രകാരം മാത്രം ഏക്കറിന് 40 കിലോ വച്ച് 30000 ക്വിന്റൽ വിത്ത് എങ്കിലും വേണ്ടിവരും.
പുഞ്ചക്കൃഷി (രണ്ടാം വിള) ആരംഭിക്കാനുള്ള നടപടി ആരംഭിച്ചിരിക്കെ വിത മുതൽ വിളവെടുക്കുന്ന നെല്ല് സംഭരിക്കുന്നതു വരെ അതിന്റെ വില ലഭിക്കുന്നതിനുള്ള നടപടി സംബന്ധിച്ച് മുൻകൂട്ടി തീരുമാനങ്ങൾ കൈക്കൊള്ളണം. നെല്ല് സംഭരിച്ച് 15 ദിവസത്തിനകം വില കർഷകരുടെ അക്കൗണ്ടിൽ എത്താനുള്ള നടപടി സ്വീകരിക്കണം.
സോണിച്ചൻ പുളിങ്കുന്ന്, എൻകെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി
കാലങ്ങളായി കേന്ദ്രസർക്കാർ വർധിപ്പിക്കുന്ന നെല്ലിന്റെ വില സംസ്ഥാന സർക്കാർ ഉള്ളതിൽ നിന്നും കുറവു വരുത്തുകയാണ്. 2820 രൂപയാണ് ഒരു ക്വിന്റൽ നെല്ലിന് കർഷകർക്ക് നൽകുന്നത്. എന്നാൽ പല ഘട്ടങ്ങളായി കേന്ദ്ര സർക്കാർ കൂട്ടിയതും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതുമായ കണക്കനുസരിച്ചും ക്വിന്റലിന് 3321 രൂപയാണ് ലഭിക്കേണ്ടത്.
അത് ലഭിക്കാനുള്ള നടപടി വേണം.
റോയ് ഊരാം വേലി, എൻകെഎസ്എസ് സംസ്ഥാന വൈസ്. പ്രസിഡന്റ്
കൃഷി ആരംഭിക്കുമ്പോൾ തന്നെ എല്ലാ കർഷകർക്കും വിത്ത് ലഭിക്കാൻ നടപടി വേണം.
കഴിഞ്ഞ സീസണിൽ വിത്ത് സമയത്ത് ലഭിക്കാതെ വരികയും വിത്ത് കിട്ടിയപ്പോൾ കാലാവസ്ഥ പ്രതികൂലമാകുകയുംചെയ്തു. ഇതേ തുടർന്ന് കൃഷി വളരെ താമസിക്കുകയും പല പാടശേഖരങ്ങളിലെയും കൃഷി ആരംഭത്തിൽ തന്നെ നശിക്കുകയും ചെയ്തു.
അതിനിടവരാത്ത വിധം കൃഷിവകുപ്പ് മുൻകൂട്ടി സജ്ജമാകണം.
തങ്കച്ചൻ പാട്ടത്തിൽ, ഐക്യ പാടശേഖര സമിതി സെക്രട്ടറി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]