തളിപ്പറമ്പ് ∙ നഗരത്തിലെ കെ.വി.കോംപ്ലക്സിൽ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തത്തിൽ 5 കോടിയോളം രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നതായി റവന്യു വകുപ്പ് അധികൃതരുടെ റിപ്പോർട്ട്. ഇത് പ്രാഥമിക പരിശോധന മാത്രമാണെന്നും ശരിയായ നഷ്ടം കണക്കാക്കാൻ ദുരന്തത്തിന് ഇരയായ വ്യാപാരികളിൽനിന്ന് അപേക്ഷ സ്വീകരിച്ച് സാധനങ്ങവുടെ വിവരവും മറ്റും പരിശോധിക്കണമെന്നും റവന്യു അധികൃതർ പറഞ്ഞു. ജിഎസ്ടി ബില്ലുകൾ ഉൾപ്പെടെ പരിശോധിച്ചാണ് ശരിയായ കണക്കുകൾ തയാറാക്കുക.
ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ നടപടികൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
കാരണം കണ്ടെത്താനും അന്വേഷണം
∙ എങ്ങനെയാണ് തീപിടിത്തം ഉണ്ടായതെന്നു കണ്ടെത്താൻ വൈദ്യുതി വകുപ്പിന്റെ അന്വേഷണം നടന്ന് വരികയാണ്. വൈദ്യുതി വകുപ്പിന് കീഴിലുള്ള ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെകടറേറ്റ് വകുപ്പാണ് അന്വേഷണം നടത്തുന്നത്.
കോംപ്ലക്സിലെ എല്ലാ വ്യാപാരികളിൽനിന്നും ദൃക്സാക്ഷികളിൽനിന്നും ഇതിനായി മൊഴിയെടുക്കും. സാധാരണഗതിയിൽ ഒരു മാസത്തോളമെങ്കിലും സമയമെടുക്കും.
കെ.വി.കോംപ്ലക്സിന് മുൻപിലുള്ള ട്രാൻസ്ഫോമറിൽനിന്നാണ് തീപിടിത്തം ഉണ്ടായതെന്ന ആരോപണമുയർന്ന സാഹചര്യത്തിൽ ട്രാൻസ്ഫോമറും സമീപത്തെ കടകളുടെ മീറ്ററുകളും പരിശോധിക്കേണ്ടതുണ്ട്.
സമാനതകളില്ലാത്ത ദുരന്തം: രാജു അപ്സര
തളിപ്പറമ്പ്∙ സമാനതകളിലാത്ത ദുരന്തമാണ് തളിപ്പറമ്പിലുണ്ടായതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. തീപിടിത്തത്തിന് ഇരയായ വ്യാപാരികൾക്ക് ഏകോപന സമിതിയുടെ നേതൃത്വത്തിൽ അടിയന്തരസഹായമായി 2 കോടി രൂപ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും സ്ഥലം സന്ദർശിച്ച് രാജു അപ്സര പറഞ്ഞു.
എന്നാൽ ഇത് കൊണ്ടൊന്നും പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല.
സർക്കാർ ഭാഗത്തുനിന്ന് നല്ല പ്രതീക്ഷയാണുള്ളതെന്നും 40 കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, വൈസ് പ്രസിഡന്റ് ബാബു കോട്ടയിൽ, ജില്ലാ ജനറൽ സെക്രട്ടറി പി.ബാഷിത്, ട്രഷറർ എം.വി.തിലകൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
‘പാക്കേജ് അനുവദിക്കണം’
കണ്ണൂർ ∙ തളിപ്പറമ്പ് വ്യാപാരസമുച്ചയത്തിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്ക്, സംസ്ഥാനത്തുണ്ടായ സമാനദുരന്തങ്ങൾക്കു തുല്യമായ പാക്കേജ് അനുവദിക്കണമെന്നും മുഴുവൻ തൊഴിലാളികളുടെയും ജോലി സംരക്ഷിക്കണമെന്നും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ.ജോയി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വി.കെ.രാകേഷ്, കെ.കുഞ്ഞനന്തൻ, പി.വി.കുഞ്ഞപ്പൻ, സുർജിത് കുമാർ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]