അമേരിക്കയിൽ നിന്ന് ഇതാദ്യമായി ദീർഘകാല കരാറിലൂടെ പാചകാവശ്യത്തിനുള്ള എൽപിജി വാങ്ങിക്കൂട്ടാൻ ഇന്ത്യയുടെ നീക്കം. നിലവിൽ സൗദി അറേബ്യയുമായാണ് ഇന്ത്യയ്ക്ക് ദീർഘകാല എൽപിജി വാങ്ങൽക്കരാറുള്ളത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തുന്ന 50% ഇറക്കുമതി തീരുവ ഒഴിവാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ്, അമേരിക്കയിൽ നിന്ന് കൂടുതൽ ഊർജോൽപന്നങ്ങൾ വാങ്ങി ചർച്ചകൾ ഇന്ത്യയ്ക്ക് അനുകൂലമാക്കാനുള്ള നീക്കം.
ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി).
ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നിവയാണ് യുഎസുമായി ദീർഘകാല കരാറിന് ശ്രമിക്കുന്നതെന്നാണ് സൂചന. ലോകത്ത് ഏറ്റവുമധികം എൽപിജി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുന്നിലാണ് യുഎസ്.
മൊത്തം കയറ്റുമതിയുടെ 46 ശതമാനവും യുഎസിൽ നിന്നാണ്. 39 ശതമാനമാണ് മിഡിൽ ഈസ്റ്റിൽ നിന്ന് ലോക വിപണിയിലെത്തുന്നത്.
അതേസമയം, റഷ്യൻ എണ്ണ ഇറക്കുമതി നിലനിർത്തിത്തന്നെ യുഎസിന്റെ ഊർജോൽപന്നങ്ങൾ വാങ്ങാനാണ് ഇന്ത്യയുടെ ശ്രമം.
എന്നാൽ, സെപ്റ്റംബറിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ പ്രതിദിനം ഒരുലക്ഷം ബാരൽ വീതം ഓഗസ്റ്റിനെ അപേക്ഷിച്ച് ശരാശരി കുറഞ്ഞിരുന്നു. പ്രതിദിനം 16.1 ലക്ഷം ബാരൽ വീതം റഷ്യൻ എണ്ണയാണ് കഴിഞ്ഞമാസം ഇന്ത്യ ഇറക്കുമതി ചെയ്തത്.
ഓഗസ്റ്റിൽ ഇത് 17.2 ലക്ഷം ബാരൽ വീതമായിരുന്നു. അതായത്, സെപ്റ്റംബറിൽ കുറഞ്ഞത് 16%.
എങ്കിലും, ഇപ്പോഴും ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ മൂന്നിലൊന്നും എത്തുന്നത് റഷ്യയിൽ നിന്നുതന്നെ.
ചില റിഫൈനറികൾ റഷ്യയെ കൈവിട്ട് യുഎസ്, ബ്രസീൽ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിച്ചതാണ് സെപ്റ്റംബറിൽ റഷ്യൻ എണ്ണയുടെ വരവ് കുറയാനിടയാക്കിയത്. ചൈനയാണ് റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഒന്നാമത്; ഇന്ത്യയ്ക്ക് രണ്ടാംസ്ഥാനം.
അതേസമയം, രാജ്യാന്തര വിപണിയിൽ നിന്ന് റഷ്യൻ എണ്ണയെ മാറ്റിനിർത്താനാണ് ശ്രമമെങ്കിൽ വില ബാരലിന് 100 ഡോളറും കടന്ന് കുതിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ രംഗത്തെത്തി.
റഷ്യയുടെ സാന്നിധ്യമില്ലാത്ത രാജ്യാന്തര എണ്ണ വിപണി സങ്കൽപ്പിക്കാൻ പോലുമാകില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യ, ചൈന, തുർക്കി, നാറ്റോ അംഗരാഷ്ട്രങ്ങൾ തുടങ്ങിയവയോട് ട്രംപ് തുടർച്ചയായി ആവശ്യപ്പെടുന്നതിനിടെയാണ് പുട്ടിന്റെ പ്രതികരണം.
നിലവിൽ ക്രൂഡ് ഓയിൽ വില ഡബ്ല്യുടിഐ ഇനത്തിന് ബാരലിന് 60 ഡോളറും ബ്രെന്റ് ക്രൂഡിന് 64 ഡോളറുമാണ്. വില 60-65 ഡോളർ നിലവാരത്തിൽ തുടരുന്നതാണ് ഇന്ത്യയ്ക്ക് അഭികാമ്യം.
ഈ വിലയേക്കാൾ ബാരലിന് 4-4.5 ഡോളർ വരെ ഡിസ്കൗണ്ടിലാണ് റഷ്യ ഇന്ത്യയ്ക്ക് എണ്ണ നൽകുന്നതെന്നതും നേട്ടമാണ്. ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85-90 ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ.
അതുകൊണ്ടുതന്നെ, ക്രൂഡ് വില കൂടിയാൽ അത് ഏറ്റവും സാരമായി ബാധിക്കുന്നതും ഇന്ത്യയെയായിരിക്കും. കുറഞ്ഞവിലയ്ക്ക് കിട്ടുന്ന റഷ്യൻ എണ്ണ ഇന്ത്യ വലിയതോതിൽ വാങ്ങിക്കൂട്ടുന്നതിന് പിന്നിലെ കാരണവും വേറെയല്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]