അജ്മാൻ∙ ചെറുപ്രായത്തിൽ വരയിൽ വർണങ്ങൾ ചാലിച്ച് കലാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് നന്ദന സുരേഷ്. പ്രകൃതിയുടെ സൗന്ദര്യവും സത്തയുമാണ് നന്ദനയുടെ വരകളിൽ നിറയുന്നത്.
പാലക്കാട് ആലത്തൂർ സ്വദേശി സുരേഷിന്റെയും രോഹിണിയുടെയും മകളായ നന്ദന ഷാർജ ലീഡേഴ്സ് പ്രൈവറ്റ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. ലോകത്തെ പ്രമുഖ ചിത്രകാരന്മാരുടെ വേദിയായ വേൾഡ് ആർട്ടിൽ പങ്കെടുക്കാനായതിന്റെ ആവേശത്തിലാണ് നന്ദന.
കലയോടുള്ള മകളുടെ അഭിനിവേശം തിരിച്ചറിഞ്ഞ മാതാപിതാക്കളും സ്കൂൾ അധ്യാപകരും നൽകുന്ന പിന്തുണയും പ്രചോദനവും വരയിൽ ഉയരങ്ങൾ കീഴടക്കാനുള്ള പ്രചോദനമായി മാറി.
പെൻസിലും കളർ പെൻസിലും ഉപയോഗിച്ച് വരച്ചുതുടങ്ങിയ നന്ദന പിന്നീട് വാട്ടർ വാട്ടർ കളർ, അക്രിലിക്സ്, ഓയിൽ പെയിന്റിങ് തുടങ്ങി വിവിധ മാധ്യമങ്ങളിൽ വ്യത്യസ്ത ശൈലികളിൽ വര ഊർജിതമാക്കി. പ്രകൃതിയാണ് ഇഷ്ടവിഷയം.
ഭാവി തലമുറയ്ക്കു കൂടി അവകാശപ്പെടുന്ന ഈ പ്രകൃതി മനുഷ്യരുടെ ഇടപെടലിലൂടെ നശിപ്പിക്കുന്നതിനെതിരെയാണ് വര. കൂടാതെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ പരിപാലിച്ച് നിർത്തേണ്ടതിന്റെ ആവശ്യകതയിലേക്കും ചായം തേച്ചിട്ടുണ്ട് ഈ ചിത്രകാരി.
ഏഴാം വയസ്സിൽ മകളുടെ കഴിവ് തിരിച്ചറിഞ്ഞ സുരേഷ് ഓൺലൈൻ പരിശീലനം ഏർപ്പാടാക്കി. പഠിച്ചതും വായനയിലൂടെ ആർജിച്ചെടുത്ത വിജ്ഞാനവും സ്വന്തം ആശയങ്ങളും സമന്വയിപ്പിച്ച് കലയിൽ തന്റേതായ ശൈലി കണ്ടെത്തുകയാണ് നന്ദന.
ഇതിനകം യുഎഇയ്ക്ക് അകത്തും പുറത്തുമായി ഒട്ടേറെ പ്രദർശനങ്ങൾ നടത്തി. ക്രിയേറ്റ്2.0 ഇന്റർ സ്കൂൾ ആർട്ട് എക്സിബിഷൻ ആൻഡ് കോംപറ്റീഷൻ (2023), യുഎഇ വണ്ടേഴ്സ് അൺവീൽഡ് (2024), സെലിബ്രേറ്റിങ് നേച്ചേഴ്സ് ബ്യൂട്ടി (2024), ആർട്ട് ബിയോണ്ട് ബൗണ്ടറീസ് ആർട്ട് എക്സിബിഷൻ (2024), ആർട്ട് ഓഫ് ബിലോങ് ആർട്ട് എക്സിബിഷൻ (2025), തൃശൂർ ലളിതകലാ അക്കാദമി എന്നിവിടങ്ങളിലെ പ്രദർശനങ്ങളിൽ പങ്കെടുത്തു.
ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖിയുടെ രക്ഷാകർത്വത്തിൽ നടക്കുന്ന അൽബദർ അവാർഡ് 2025, ദുബായ് വേൾഡ് എക്സ്പൊ 2020യുടെ ഇന്റർനാഷനൽ എജ്യുക്കേഷൻ അവാർഡ് തുടങ്ങി ഒട്ടേറെ മത്സരങ്ങളിലെ ജേതാവായ നന്ദനയ്ക്ക് ചെറുകഥാ രചനയിൽ ഷാർജ രണ്ടാം സസ്റ്റൈനബിലിറ്റി അവാർഡും ലഭിച്ചിട്ടുണ്ട്.
സമൂഹവുമായി സംവദിക്കാനുള്ള വേദിയായാണ് പ്രദർശനങ്ങളെ കാണുന്നത്. ആസ്വാദകരുടെ അഭിപ്രായങ്ങൾ പോസിറ്റീവായി കണ്ട് കഴിവുകൾ മെച്ചപ്പെടുത്തുമെന്നും നന്ദന പറഞ്ഞു.
എയ്റോനോട്ടിക്കൽ എൻജിനീയർ ആകാനാണ് ഇഷ്ടം. എങ്കിലും ഇഷ്ടവിനോദമായ വര എന്നും കൂടെയുണ്ടാകുമെന്നും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

