ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും സൂപ്പർതാരവുമായ വിജയുടെ സംസ്ഥാന പര്യടനം രണ്ടാം ദിവസത്തിലേക്ക്. ഇന്ന് നാഗപട്ടണം, തിരുവാരൂർ ജില്ലകളിലാണ് അദ്ദേഹം പര്യടനം നടത്തുന്നത്.
തിരുച്ചിറപ്പള്ളിയിൽ നടത്തിയ റോഡ്ഷോയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ പരോക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിൽ, പാർട്ടി പ്രവർത്തകർക്കായി ടിവികെ പത്തിന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വിജയുടെ വാഹനവ്യൂഹത്തെ പിന്തുടരരുത്, സർക്കാർ-സ്വകാര്യ കെട്ടിടങ്ങളുടെയോ വൈദ്യുത തൂണുകളുടെയോ മുകളിൽ കയറരുത്, പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം എന്നിവയാണ് ഇതിൽ പ്രധാനം.
റാലി നടക്കുന്ന സമയത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും സാധ്യതയുണ്ട്. മുഖ്യമന്ത്രി എം.കെ.
സ്റ്റാലിന്റെ സമീപകാല വിമർശനങ്ങൾക്ക് വിജയ് ഇന്ന് മറുപടി നൽകിയേക്കുമെന്നും സൂചനകളുണ്ട്. അതേസമയം, ചെന്നൈയിലെ വിജയുടെ വസതിയിൽ കഴിഞ്ഞ ദിവസം ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായി.
വൈ കാറ്റഗറി സുരക്ഷ മറികടന്ന് ഒരു യുവാവ് വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. സമീപത്തെ മരത്തിൽ കയറി വീടിന്റെ ടെറസിൽ എത്തിയ അക്രമിയെ ആദ്യം കണ്ടത് വിജയ് തന്നെയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് വിജയ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

