അരൂർ∙ രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത നിർമാണം പ്രതിബന്ധങ്ങൾക്കിടയിലും അതിവേഗം മുന്നോട്ട്. നിർമാണം തുടങ്ങി 943 ദിവസം പിന്നിടുമ്പോൾ 74.5 ശതമാനം ജോലികൾ പൂർത്തിയായെന്നാണ് സൂചന. കരാർ പ്രകാരം ഉള്ളതിനെക്കാൾ 4.5 ശതമാനം അധിക ജോലിയാണ് ഇതുവരെ പൂർത്തിയാക്കിയത്.
നിലവിൽ 9.65 കിലോമീറ്റർ പാതയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ദേശീയപാത 66ൽ അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്ററിലാണ് ഉയരപ്പാത നിർമാണം നടത്താനിരുന്നത്.
തുറവൂർ ജംക് ഷനിൽ നിന്നു 350 മീറ്റർ അപ്രോച്ച് റോഡ് മണ്ണിട്ടുയർത്തി വാഹനങ്ങൾ ഇറങ്ങുന്നതിനും കയറുന്നതിനുമുള്ള സൗകര്യമായിരുന്നുരൂപരേഖയിൽ നിർദേശിച്ചിരുന്നത്. എന്നാൽ തുറവൂർ ജംക്ഷനിലെ വികസനം ഇല്ലാതാകുമെന്ന പരാതിയെത്തുടർന്ന് 480 മീറ്ററായി വർധിപ്പിച്ചു.
ഇതോടെ 12.75 കിലോ മീറ്റർ എന്നത് 13 കിലോമീറ്റർ ഉയരപ്പാതയായി മാറി.
ദേശീയപാതയുടെ വീതിക്കുറവും കാനയില്ലാത്തതും പലയിടങ്ങളിലും നിർമാണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 27 മീറ്റർ വീതിയുള്ള ദേശീയപാതയ്ക്കു മുകളിൽ ഒറ്റത്തൂണിൽ 24.5 മീറ്റർ വീതിയുള്ള 6 വരിപ്പാതയാണ് ഒരുങ്ങുന്നത്.ആകെ 354 തൂണുകളാണ് പാതയ്ക്കായി സ്ഥാപിച്ചത്. സുരക്ഷാ സംവിധാനം ഒരുക്കാത്ത സർവീസ് റോഡുകളിലൂടെയുള്ള യാത്രയിൽ ഒട്ടേറെയാളുകളുടെ ജീവൻ നഷ്ടമായത് ജനരോഷം ഉയർത്തിയിരുന്നു. ഉയരപ്പാത നിർമാണം 5 റീച്ചുകളിലായാണ് നടക്കുന്നത്.
ആദ്യ റീച്ച് അരൂർ ബൈപാസ് കവല മുതൽ കെൽട്രോൺ ജംക്ഷൻ വരെയുള്ള 2.5 കിലോമീറ്റർ ഭാഗത്ത് 1.5 കിലോമീറ്റർ പാതയാണ് ഒരുങ്ങിയത്. രണ്ടാമത്തെ റീച്ചായ കെൽട്രോൺ ജംക്ഷനിൽ നിന്നു എരമല്ലൂർ കൊച്ചുവെളിക്കവല വരെ 2.7 കിലോമീറ്ററിൽ 1.7 കിലോമീറ്റർ ഭാഗത്ത് തൂണുകൾക്ക് മകളിൽ പാതയുടെ കോൺക്രീറ്റ് പൂർത്തിയായി.
മൂന്നാമത്തെ റീച്ചായ കൊച്ചുവെളിക്കവല മുതൽ മോഹം ആശുപത്രി വരെ 2.5 കിലോമീറ്റർ പാതയിൽ 2 കിലോമീറ്റർ ഭാഗത്ത് തൂണുകൾക്ക് മുകളിൽ പാത പൂർത്തിയായി.
നാലാമത്തെ റീച്ചായ മോഹം ആശുപത്രി മുതൽ കുത്തിയതോട് പാലം വരെ 2.3 കിലോ മീറ്റർ പാതയിൽ 1.9 കിലോമീറ്റർ പാത പൂർത്തിയായി. അവസാന റീച്ചായ കുത്തിയതോട് പാലം മുതൽ തുറവൂർ ജംക്ഷൻ വരെ 3.1 കിലോമീറ്ററിൽ 2.3 കിലോമീറ്റർ ഭാഗത്ത് തൂണിനു മുകളിൽ പാത പൂർത്തിയായി. മഴക്കെടുതികളും ചില പഞ്ചായത്തുകളുടെ നിസ്സഹകരണവും കാന നിർമാണം അനിശ്ചിതത്വത്തിലാക്കി.ഉയരപ്പാതയുടെ ഇരു ഭാഗത്തുമായി നിർമിക്കുന്ന കാന യാഥാർഥ്യമായാൽ കാനയിൽ നിന്നുള്ള വെള്ളം ഇട
തോടുകളിലേക്ക് ഒഴുക്കാനാണ് തീരുമാനം.
ഉയരപ്പാതയുടെ മുകളിൽ നിന്നുള്ള വെള്ളം തൂണുകളിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ വഴി കാനയിലേക്ക് ഒഴുക്കി വിടും.ഇതുവരെ 7.5 കിലോമീറ്റർ ഭാഗത്ത് കാന നിർമാണം പൂർത്തിയായി. അരൂർ മുതൽ തുറവൂർ വരെയുള്ള പാതയിൽ കുത്തിയതോട്, ചന്തിരൂർ എന്നിവിടങ്ങളിലുള്ള പ്രധാനപ്പെട്ട 2 തോടുകളിലേക്കും അരൂർ ബൈപാസിനു സമീപമുള്ള കൈതപ്പുഴക്കായലിലേക്കുമാണ് കാനയെത്തുന്നത്.
തകർന്നു കുണ്ടും കുഴിയും വെള്ളക്കെട്ടും ചെളിയും പുതഞ്ഞ സർവീസ് റോഡ് ഒട്ടേറെ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ദേശീയപാത അധികൃതരും സർക്കാർ സംവിധാനങ്ങളും യഥാസമയം ചെയ്യേണ്ടിയിരുന്ന ഉത്തരവാദിത്തം നിർവഹിക്കാത്തതാണ് റോഡിൽ നിലവിൽ ജനങ്ങൾ ഇപ്പോൾ നേരിടുന്ന ദുരിതങ്ങൾക്കു കാരണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]