ഉദുമ∙ ഉദുമ മേഖലയിൽ ഗ്രാമ പ്രദേശങ്ങളിലെ ചെറിയ റോഡുകൾ ടാറിങ് നടത്തി മനോഹരമാകുമ്പോഴും വിദ്യാർഥികൾ ഉൾപ്പെടെ ദിവസേന നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന കളനാട് റെയിൽവേപാലം–ഉദുമ അച്ചേരി റോഡ് ഇപ്പോഴും ചെമ്മൺപാതയായി തുടരുന്നത് പരാതിക്കിടയാക്കുന്നു. ചെമ്മനാട് പഞ്ചായത്തിലെ 16–ാം വാർഡിൽ ഉൾപ്പെടുന്ന അച്ചേരി, തൊട്ടിയിൽ, വള്ളിവയൽ, കോയിതീടൽ, കളനാട് തൊട്ടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ 350 ലേറെ വീടുകളിലായി രണ്ടായിരത്തിലേറെയാളുകൾ ഉപയോഗിക്കുന്ന റോഡാണ് ടാറിങ് നടത്താതെ കുണ്ടംകുഴിയും നിറഞ്ഞ് കിടക്കുന്നത്.
കളനാട് റെയിൽവേ മേൽപാലം മുതൽ അച്ചേരി വരെ 4 മീറ്റർ വീതിയിൽ 2 കിലോമീറ്ററോളം ദൂരമുള്ള റോഡാണിത്. ഈ പാതയിൽ പലയിടങ്ങളിലുമായി കുഴികൾ ഏറെയുണ്ട്.
മഴയിൽ വെള്ളം ഈ കുഴികളിൽ നിറഞ്ഞ് കിടക്കുന്നു.മഴക്കാലത്ത് ഇരു ചക്രവാഹനങ്ങൾക്കു പോലും യാത്ര ചെയ്യാൻ പ്രയാസം. ഓട്ടോ പോലും വരാൻ മടിക്കുന്നു.
പല ഓട്ടോകളും കൊക്കാൽ വഴി ഏറെ ദൂരം സഞ്ചരിച്ചാണ് എത്തുന്നത്. വലിയ വാടകയാണ് ഓട്ടോകൾക്ക് ഇതുകാരണം നൽകേണ്ടി വരുന്നത്.
അച്ചേരി ഉൾപ്പെടെയുള്ള പ്രദേശത്തുക്കാരിൽ ഏറെയും ഈ റോഡിലൂടെ നടന്നാണ് ബസ് കയറാനായി കളനാട് റെയിൽവേ മേൽപാലം, കളനാട് ജംക്ഷൻ സ്റ്റോപ്പുകളിലെത്തുന്നത്.
റോഡിന്റെ ഇരുവശവും പുല്ല് വളർന്നതിനാൽ കാൽനട പോലും ദുസ്സഹമാണെന്നാണ് നാട്ടുകാരുടെ പരാതി. ഉദുമ ഗവ.ഹയർസെക്കൻഡറി സ്കൂൾ, പാലക്കുന്ന് അംബിക ഇംഗ്ലിഷ് മീഡിയം സ്കൂൾ, ഉദുമ ഗവ.എൽപി സ്കൂൾ എന്നിവിടങ്ങളിലേക്കായി നൂറിലേറെ വിദ്യാർഥികളാണ് ഈ പ്രദേശത്ത് നിന്നായി പോകുന്നത്.
ഇവർ എല്ലാം ഉപയോഗിക്കുന്നത് ഈ റോഡാണ്.
സ്കൂൾ വാഹനങ്ങൾ പോലും വരാൻ മടിക്കുന്നു. റെയിൽവേ ഉടമസ്ഥതയിലുള്ള സ്ഥലമായതിനാലാണ് റോഡിന്റെ ടാറിങ് പ്രവൃത്തികൾ നടത്താൻ സാധിക്കാത്തതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ചേർന്നു റെയിൽവേയിൽ നിന്നു അനുമതി വാങ്ങി റോഡിന്റെ ടാറിങ് നടത്താൻ ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
റോഡിലാകെ പുല്ല് വളർന്നതിനാൽ ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യവും രൂക്ഷവുമാണ്.
ഇതിനു പുറമേ അച്ചേരി പ്രദേശത്തുള്ളവർ കളനാട് ജംക്ഷനിലെ റേഷൻകട, ബസ് സ്റ്റോപ് എന്നിവിടങ്ങളിൽ എളുപ്പത്തിൽ എത്തുന്നതിനായി അച്ചേരിയിൽ റെയിൽവേ നടപ്പാലം കൂടി പണിയണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]