കുവൈത്ത് സിറ്റി: കുവൈത്തിലെ ക്യാപിറ്റൽ ഗവർണറേറ്റിൽ സ്ഥാപിച്ച പുതിയ വാഹന പരിശോധനാ കേന്ദ്രത്തിൽ പൂർണ്ണമായും ഓട്ടോമാറ്റിക് ആയ സംവിധാനം ഉടൻ നിലവിൽ വരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. മനുഷ്യന്റെ ഇടപെടൽ ആവശ്യമില്ലാത്ത ഈ സംവിധാനം ഗതാഗത സുരക്ഷാ രംഗത്തെ സുപ്രധാനമായ ഒരു സാങ്കേതിക മുന്നേറ്റമായിരിക്കുമെന്ന് ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ ടെക്നിക്കൽ അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹ്മദ് അൽ-നിമ്രാൻ വ്യക്തമാക്കി.
പുതിയ സംവിധാനം വരുന്നതോടെ കാര്യക്ഷമത വർധിക്കുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരത്തിലിറങ്ങുന്നവരുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്ക് ലൈസൻസ് നിഷേധിക്കുകയെന്നതാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ 1,06,000-ത്തിൽ അധികം വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 2,389 വാഹനങ്ങൾ സ്ക്രാപ്പ് യാർഡിലേക്ക് മാറ്റിയതായും കണക്കുകൾ വ്യക്തമാക്കുന്നു.
വാഹന പരിശോധന നടത്തുന്നതിനായി നിലവിൽ 18 സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ആറ് പുതിയ അപേക്ഷകൾ വകുപ്പിന്റെ പരിഗണനയിലുണ്ട്.
മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ കൂടുതൽ സ്വകാര്യ കമ്പനികൾക്ക് ഈ രംഗത്തേക്ക് കടന്നുവരാൻ അവസരമൊരുക്കുമെന്നും ബ്രിഗേഡിയർ ജനറൽ അറിയിച്ചു. ഓട്ടോമാറ്റിക് സംവിധാനം വരുന്നതോടെ വാഹന പരിശോധനയ്ക്കെടുക്കുന്ന സമയം ഏതാനും മിനിറ്റുകളായി കുറയും.
ഇത് സ്വദേശികൾക്കും വിദേശികൾക്കും സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും കുവൈത്തിലെ റോഡ് സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

