ജറുസലം ∙ ഇസ്രയേലിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ അപ്രതീക്ഷിത മാറ്റങ്ങൾ സൂചിപ്പിച്ച് പുതിയ നീക്കങ്ങൾ. പ്രതിപക്ഷസഖ്യ സമവാക്യങ്ങൾ മാറിമറിയാൻ സാധ്യത കുറവെന്ന വിലയിരുത്തലുകൾക്കിടെയാണ് അറബ് ജോയിന്റ് ലിസ്റ്റുമായി പ്രതിപക്ഷസഖ്യം സഹകരണ സന്നദ്ധത പ്രകടിപ്പിച്ചത്.
പാർലമെന്റ് സ്പീക്കറായ ലിക്കുഡ് നേതാവ് അമീർ ഒഹാനയെ പുറത്താക്കാനുള്ള ഭൂരിപക്ഷം തികയ്ക്കാൻ പ്രതിപക്ഷ സഖ്യം സഹായം തേടിയെന്ന് ജോയിന്റ് ലിസ്റ്റിലെ പ്രധാന പാർട്ടിയായ തആലിന്റെ നേതാവ് അഹമ്മദ് തിബി അൽ ജസീറ ചാനലിനോടു വ്യക്തമാക്കി. ഇടക്കാല ഫലമനുസരിച്ച് തആലിന് 12 സീറ്റാണുള്ളത്.
സഖ്യത്തിലെ മറ്റൊരു പാർട്ടിയായ റആമിന് 7 സീറ്റാണുള്ളത്. 120 അംഗ പാർലമെന്റിൽ 61 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്.
ഇതിനിടയിൽ, പ്രതിപക്ഷത്തെ ജൂതപാർട്ടികൾ അറബ് പാർട്ടികളുമായി കൈകോർത്ത് അനിവാര്യമായ രാഷ്ട്രീയമാറ്റത്തിനു കളമൊരുക്കണമെന്ന ആവശ്യവുമായി പലസ്തീൻ–ജൂത ആക്ടിവിസ്റ്റ് മുന്നേറ്റമായ സ്റ്റാൻഡിങ് ടുഗെതർ രംഗത്തുണ്ട്. 1948 ൽ ഇസ്രയേൽ രൂപീകരിച്ചപ്പോൾ അവിടെ തുടർന്ന പലസ്തീൻകാരുടെ പിൻമുറക്കാരാണ് അറബ് ഇസ്രയേലികൾ.
അറബ്വിരുദ്ധ നിലപാടുകളുള്ള ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടി നയിക്കുന്ന സഖ്യം അറബ് പാർട്ടികളുമായി സഹകരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും, ജോയിന്റ് ലിസ്റ്റിനെ അവർ സമീപിച്ചത് ശ്രദ്ധേയമായ വഴിതിരിവായി മാറി. നെതന്യാഹു സർക്കാരിനെ ജനം താഴെയിറക്കിയെന്ന് ഡെമോക്രാറ്റ്സ് പാർട്ടി നേതാവ് യയ്ർ ഗോലാൻ പ്രതികരിച്ചു.
ലേബർ പാർട്ടിയും ഇടതുപക്ഷത്തെ മെറെറ്റ്സ് പാർട്ടിയും ലയിച്ച് 2024 ലാണ് ഡെമോക്രാറ്റ്സ് പാർട്ടി രൂപം കൊണ്ടത്. എന്നാൽ പ്രതിപക്ഷത്തെ പ്രമുഖ നേതാവായ അവിഗ്ദോർ ലീബർമാൻ അറബ് പിന്തുണയ്ക്ക് എതിരാണ്.
കൂടാതെ പ്രതിപക്ഷ സഖ്യത്തിലെ ടുഗെതർ പാർട്ടിയെ നയിക്കുന്ന മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റ്, യയ്ർ ലപീദ് ഉൾപ്പെടെയുള്ളവരുടെ നിലപാടുകളും അതീവ നിർണായകമാകും. ഇതേസമയം, ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലെന്ന് ഉറപ്പായ പശ്ചാത്തലത്തിൽ, പാർട്ടികൾ സഖ്യരൂപീകരണവുമായി മുന്നോട്ടുനീങ്ങണമെന്നും ഇനിയൊരു തിരഞ്ഞെടുപ്പുകൂടി ഒഴിവാക്കണമെന്നും ഇസ്രയേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് അഭ്യർത്ഥിച്ചു.
സഖ്യങ്ങൾ തകർന്ന് അടിക്കടി സർക്കാർ വീണതോടെ 2019നു ശേഷം രാജ്യത്ത് നടക്കുന്ന ആറാമത്തെ തിരഞ്ഞെടുപ്പാണിത്. നിലവിൽ 4,80,000 പ്രത്യേക വോട്ടുകളാണ് എണ്ണാനുള്ളത്.
പ്രത്യേക വോട്ടുകൾ എണ്ണാൻ സമയമെടുക്കുന്നതു മൂലമാണ് അന്തിമഫലം വൈകുന്നത്. നഴ്സുമാർ, നയതന്ത്ര പ്രതിനിധികൾ, സൈനികർ എന്നിവർ ഇസ്രയേലിലെ പോളിങ് സ്റ്റേഷനിലെത്താതെ വോട്ടു ചെയ്തതാണ് ഡബിൾ എൻവലപ് എന്ന പേരിൽ അറിയപ്പെടുന്ന പ്രത്യേക വോട്ടുകൾ.
മറ്റൊരിടത്ത് വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേകമായി ടാലി ചെയ്താണ് ഈ വോട്ടുകൾ എണ്ണുന്നത്. ഇത്തരത്തിൽ 6 ലക്ഷം വോട്ടുകൾ എണ്ണാൻ കിടക്കുന്നെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകൾ.
ഈ വോട്ടുകളും എണ്ണി പൂർത്തിയാക്കി നവംബർ 4ന് ഔദ്യോഗിക ഫലം പ്രസിദ്ധീകരിച്ചതിനു ശേഷം നവംബർ 18 വരെ പാർട്ടികൾക്ക് അപ്പീൽ നൽകാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

