തിരുവനന്തപുരം∙ പീച്ചി
മര്‍ദനത്തില്‍ ഒന്നര വര്‍ഷത്തിനു ശേഷം നടപടി എടുത്ത് അധികൃതര്‍. പീച്ചി എസ്എച്ച്ഒ ആയിരുന്ന പി.എം.രതീഷിനെ സസ്പെന്‍ഡ് ചെയ്തു.
ദക്ഷിണ മേഖലാ ഐജി ശ്യാം സുന്ദറിന്റേതാണു നടപടി. നിലവില്‍ കടവന്ത്ര എസ്എച്ച്ഒ ആണ് രതീഷ്.
നിയസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം രതീഷിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. അന്വേഷണം നടക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
2023 മേയ് 24ന് തൃശൂര്‍ പട്ടിക്കാട്ടെ ഹോട്ടലില്‍ നടന്ന വാക്കുതര്‍ക്കവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ സ്റ്റേഷനിലെത്തിയ ഹോട്ടല്‍ മാനേജര്‍ റോണി ജോണിയെയും ഡ്രൈവര്‍ ലിതിന് ഫിലിപ്പിനെയും എസ്എച്ച്ഒ ആയിരുന്ന രതീഷ് മർദിച്ചുവെന്നാണ് പരാതി.
ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വിവരമറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ ഹോട്ടല്‍ ഉടമ ഔസേഫിന്റെ മകന് പോള്‍ ജോസഫിനെ ഉള്‍പ്പെടെ എസ്എച്ച്ഒ ലോക്കപ്പിലടയ്ക്കുകയും പരാതി ഒത്തുതീര്‍പ്പാക്കുന്നതിനു നിര്‍ദേശിക്കുകയും ചെയ്തു.
ഒത്തുതീര്‍പ്പിനായി പരാതിക്കാരന് 5 ലക്ഷം രൂപ ആവശ്യപ്പെടുകയും അതില്‍ 3 ലക്ഷം പൊലീസിനാണെന്നു പറയുകയും ചെയ്തു. 5 ലക്ഷം രൂപ സിസിടിവി ക്യാമറയ്ക്കു മുന്നില്‍വച്ചാണ് ഔസേഫ് കൈമാറിയത്.
തന്നെ ആരും മര്‍ദിച്ചില്ലെന്നു പരാതിക്കാരന് മൊഴി നല്കി ജില്ലാ അതിര്‍ത്തി കടന്നു പോയതിനു പിന്നാലെ പൊലീസ് ജീവനക്കാരെ മോചിപ്പിച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷന് മുഖേന പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങള്‍ ലഭിക്കുന്നതിന് ഔസേഫ് അപേക്ഷിച്ചു.
ഒരു വര്‍ഷത്തോളം നടത്തിയ നിയമപോരാട്ടത്തിലാണ് ദൃശ്യങ്ങള്‍ ലഭ്യമായത്.
2023 മേയ് 24നാണ് സംഭവങ്ങളുടെ തുടക്കം. പട്ടിക്കാട്ട് ലാലീസ് ഗ്രൂപ്പ് നടത്തുന്ന ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടലില്‍, അന്ന് ഉച്ചയ്ക്ക് രണ്ടരയോടെ പാലക്കാട് വണ്ടാഴി സ്വദേശി ദിനേഷും സഹോദരിയുടെ മകനും ഭക്ഷണം കഴിക്കാനെത്തി.
ഇരുവരും ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. സഹോദരിയുടെ മകന് ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞതോടെ ബാക്കി ഭാഗം പാഴ്സലെടുക്കാന്‍ ഇവര്‍ പറഞ്ഞു.
ഇതിനിടെ ഇക്കാര്യം പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായി. ഇതോടെ ഹോട്ടല്‍ മാനേജര്‍ റോണി ജോണി സംഭവത്തില്‍ ഇടപെട്ടു.
തര്‍ക്കം രൂക്ഷമായതോടെ റോണി പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും പൊലീസെത്തിയില്ല.
തുടര്‍ന്ന് ഇവര്‍ പരാതി ഇമെയിലായി അയച്ചു. ഇതിന്റെ പകര്‍പ്പ് നല്‍കാനായി റോണിയും ഡ്രൈവര്‍ ലിതിന് ഫിലിപ്പും കൂടി വൈകിട്ട് അഞ്ചു മണിയോടെ പീച്ചി പൊലീസ് സ്റ്റേഷനിലേക്കു പോയി.
ഈ സമയം ദിനേഷും പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദിച്ചെന്നും ബിരിയാണി ദേഹത്തേക്കിട്ടെന്നുമായിരുന്നു ദിനേഷിന്റെ പരാതി.
ഇതോടെ, സ്റ്റേഷനിലെത്തിയ റോണിയെയും ലിതിനെയും എസ്എച്ച്ഒ പി.എം.രതീഷ് തടഞ്ഞുവച്ചെന്നും ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അടിക്കുകയും ചെയ്തെന്നും ഔസേഫ് പറയുന്നു. തുടര്‍ന്നാണ് ഔസേഫിനെ വിവരമറിയിക്കുന്നത്.
മകന് പോള്‍ ജോസഫിനൊപ്പമാണ് താന്‍ സ്റ്റേഷനിലെത്തിയതെന്ന് ഔസേഫ് പറയുന്നു.
‘‘അവിടെവച്ച് ഞങ്ങളും എസ്എച്ച്ഒയും തമ്മില്‍ തര്‍ക്കമുണ്ടായി. റോണിയെയും ലിതിനെയും പോളിനെയും ലോക്കപ്പിലടയ്ക്കുകയും കേസ് ഒത്തുതീര്‍പ്പാക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു.
ഇല്ലെങ്കില്‍ വധശ്രമത്തിനും ദിനേഷിന്റെ സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകനെ ഉപദ്രവിച്ചെന്ന പേരില്‍ പോക്സോ ചുമത്തിയും കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി. ചുമത്തിയാല്‍ മൂന്നൂ മാസത്തിനു ശേഷമേ ജാമ്യം ലഭിക്കൂ എന്നും അതുകൊണ്ട് എത്രയും വേഗം പരാതിക്കാരനുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കണമെന്നുമായിരുന്നു എസ്എച്ച്ഒയുടെ ഭീഷണി.
അഞ്ചു ലക്ഷം രൂപ തന്നെങ്കില്‍ മാത്രമേ പരാതി പിന്‍വലിക്കൂ എന്നായിരുന്നു ദിനേഷിന്റെ നിലപാട്. ഇതില്‍ മൂന്നു ലക്ഷം രൂപ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രണ്ടു ലക്ഷം രൂപ തനിക്കുമെന്നായിരുന്നു ദിനേഷ് പറഞ്ഞത്.
ഇതോടെ വീട്ടിലേക്കു വരാന്‍ ഞാന്‍ പറഞ്ഞു. തുടര്‍ന്ന് ദിനേഷ് സ്വന്തം കാറില്‍ വീട്ടിലെത്തി.
നാല് ലക്ഷം രൂപ നല്‍കിയിട്ട് ഇത്രയും മതിയോ എന്നു ചോദിച്ചെങ്കിലും തന്റെ സഹോദരി ആശുപത്രിയിലാണെന്നും പണത്തിന് ആവശ്യമുള്ളതിനാല്‍ അഞ്ചു ലക്ഷം തന്നെ വേണമെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് ഒരു ലക്ഷം രൂപ കൂടി നല്കി.
സിസിടിവി ക്യാമറയ്ക്കു മുന്നില്‍വച്ചാണ് ഔസേഫ് പണം കൈമാറിയത്. ഇതോടെ സ്റ്റേഷനിലെത്തി ദിനേഷ് പരാതി പിന്‍വലിച്ചു.
പിന്നീട് അരമണിക്കൂറിനു ശേഷമാണ് റോണിയെയും ലിതിനെയും പോളിനെയും ലോക്കപ്പില്‍നിന്ന് വിട്ടയച്ചത്’’ – ഔസേഫ് പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]