കേരളത്തിൽ തുടർച്ചയായ രണ്ടാം പ്രവൃത്തിദിനത്തിലും കുറഞ്ഞ് സ്വർണവില. ഗ്രാമിന് ഇന്നു വില 10 രൂപ കുറഞ്ഞ് 10,180 രൂപയും പവന് 80 രൂപ താഴ്ന്ന് 81,440 രൂപയുമായി.
ശനിയാഴ്ചയും ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് 3,673.95 ഡോളറിൽ നിന്ന് 3,644 ഡോളറിലേക്ക് കുറഞ്ഞതാണ് കേരളത്തിലും ഇന്നു വില കുറയാൻ സഹായിച്ചത്.
രാജ്യാന്തര വിപണിയിലും കേരളത്തിലും ഇനി സ്വർണത്തിന് നിർണായകം ഈ വരുന്ന ബുധനാഴ്ചയാണ് (സെപ്റ്റംബർ 17).
അന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പണനയം പ്രഖ്യാപിക്കും. പലിശ കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.
അതു സംഭവിച്ചാൽ സ്വർണവില കുതിച്ചുകയറാം. കാരണം, പലിശ കുറയുന്നത് ഡോളറിനെയും ബോണ്ടിനെയും തളർത്തും.
ഗോൾഡ് ഇടിഎഫ് പോലുള്ള ‘സുരക്ഷിത നിക്ഷേപ’ങ്ങൾക്ക് പ്രിയമേറുകയും വില കൂടുകയും ചെയ്യും. മാത്രമല്ല, രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിൽ ആണെന്നിരിക്കേ, ഡോളർ തളരുന്നതും സ്വർണത്തിന്റെ ഡിമാൻഡും വിലയും കൂട്ടും.
നിലവിൽ കഴിഞ്ഞയാഴ്ചയിലെ റെക്കോര്ഡ് മുതലെടുത്ത് ഗോൾഡ് ഇടിഎഫുകളിൽ ലാഭമെടുപ്പ് നടന്നതാണ്, രാജ്യാന്തരവില അൽപം കുറയാനിടയാക്കിയത്.
ഡോളറിന്റെ വീഴ്ച, പലിശയിറക്കം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, താരിഫ് പോര് എന്നിവ സ്വർണത്തിന് ഉത്തേജകമാണെന്നും വില 2026 മധ്യത്തോടെ 4,000 ഡോളർ കടക്കുമെന്നും യുഎസ് ധനകാര്യസ്ഥാപനമായ ഗോൾഡ്മാൻ സാക്സ് അഭിപ്രായപ്പെട്ടു. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില ഒരുലക്ഷം രൂപ തൊടും.
∙ ഇന്ത്യൻ രൂപ ഡോളറിനെതിരെ ഇന്ന് ഒരു പൈസ ഉയർന്ന് 88.26ൽ ആണ് വ്യാപാരം തുടങ്ങിയത്.
ഇത് കേരളത്തിൽ സ്വർണവില അൽപം താഴാൻ സഹായിച്ചു. എന്നാൽ, വൈകാതെ രൂപയുടെ മൂല്യത്തിൽ 3 പൈസയുടെ കുറവുണ്ടായി.
∙ കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 5 രൂപ കുറഞ്ഞ് 8,435 രൂപയായി.
വെള്ളിവില ഗ്രാമിന് 140 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
∙ മറ്റൊരുവിഭാഗം വ്യാപാരികൾ 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 5 രൂപ കുറച്ച് 8,365 രൂപയാണ്. വെള്ളിക്ക് വില മാറ്റമില്ലാതെ 135 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]