കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 25 കുട്ടികളുടെ മരണത്തിനു കാരണം കോവിഡ് വാക്സീൻ സ്വീകരിച്ചതാണെന്ന വാദമുയർത്താൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
ഇതു സംബന്ധിച്ച റിപ്പോർട്ട് അടുത്തയാഴ്ച വാക്സീൻ അഡ്വൈസറി പാനലിന് സമർപ്പിക്കുമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് വാക്സീൻ ആരൊക്കെ ഉപയോഗിക്കണമെന്നത് ഉൾപ്പെടെയുള്ള നയങ്ങൾ രൂപീകരിക്കുന്ന സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനെ (സിഡിസി) ഉപദേശിക്കുന്നത് ഈ പാനലാണ്.
കോവിഡ് വാക്സീൻ നിർമാതാക്കളായ ഫൈസർ, മോഡേണ, നൊവാവാക്സ് എന്നിവയുടെ ഓഹരികൾ മാധ്യമവാർത്തകൾക്ക് പിന്നാലെ കനത്ത നഷ്ടത്തിലേക്കു പതിച്ചു.
ഫൈസർ ഓഹരി 3%, നൊവാവാക്സ് 4%, മോഡേണ 7 ശതമാനം എന്നിങ്ങനെയാണ് ഇടിഞ്ഞത്. കോവിഡ് വാക്സീൻ ഉപയോഗത്തിന് നിയന്ത്രണവും പുതിയ ചട്ടങ്ങളും ഏർപ്പെടുത്തിയേക്കുമെന്ന ആശങ്ക ഓഹരികളെ തളർത്തുകയായിരുന്നു.
കോവിഡ് വാക്സീൻ സംബന്ധിച്ച് ജനങ്ങളിൽ ഭീതിവിതയ്ക്കാൻ തെറ്റായ പ്രചാരണങ്ങൾക്ക് കഴിയുമെന്ന ആശങ്കകളും തിരിച്ചടിയായി.
വാക്സീൻ അഡ്വേഴ്സ് ഇവന്റ് റിപ്പോർട്ടിങ് സിസ്റ്റത്തിൽ (വെയേഴ്സ്) വന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് കോവിഡ് വാക്സീനുകൾക്കെതിരെ തിരിയാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നത്. കോവിഡ് വാക്സീനുകളുമായി ബന്ധപ്പെട്ട
പരാതികൾ ബോധിപ്പിക്കാനുള്ള സംവിധാനമാണ് വെയേഴ്സ്. എന്നാൽ, വെയേഴ്സിലെ റിപ്പോർട്ടുകളുടെ ആധികാരികതയെ പലരും ചോദ്യം ചെയ്യുന്നുണ്ട്.
കാരണം, പൊതുജനങ്ങൾ സ്വന്തം നിലയ്ക്ക് നേരിട്ടാണ് ഇതിൽ റിപ്പോർട്ട് ചെയ്യുന്നത്. പലരും വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താറുമില്ല.
കുട്ടികളുടെ മരണത്തിൽ സിഡിസിയും നേരിട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുട്ടികളുടെ കുടുംബത്തിൽ നിന്ന് മൊഴിയെടുത്ത അന്വേഷണ സംഘം, പോസ്റ്റുമോർട്ടം നടപടികളിലേക്കും കടക്കും. വാക്സീൻ അഡ്വൈസറി പാനലിന്റെ ഇനിയുള്ള നീക്കങ്ങളാണ് നിർണായകം.
കോവിഡ് വാക്സീൻ 75 വയസ്സിനു മുകളിലുള്ളവർക്ക് മാത്രം മതിയെന്ന നിലപാടിലേക്ക് പാനൽ പോയേക്കുമെന്ന് സൂചനകളുണ്ട്. ഇതാണ് പ്രധാനമായും വാക്സീൻ കമ്പനികളുടെ ഓഹരികളെ ഉലച്ചത്.
കുട്ടികൾ, യുവാക്കൾ, ആരോഗ്യപ്രശ്നങ്ങളില്ലാത്തവർ എന്നിവരെ പൂർണമായും വാക്സീൻ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കിയേക്കാം. ഇൻഷുറൻസ് കവറേജിൽ നിന്നും വാക്സീനുകളെ ഒഴിവാക്കിയേക്കും.
അതേസമയം, ആരോപണങ്ങളെ തള്ളുകയാണ് വാക്സീൻ കമ്പനികൾ.
ഒട്ടേറെ രാജ്യങ്ങളിൽ കമ്പനിയുടെ വാക്സീൻ ഉപയോഗിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും കുട്ടികൾക്കും ഗർഭിണികൾക്കും വരെ സുരക്ഷിതമാണെന്ന് ഉറപ്പിച്ചിട്ടുള്ളതാണെന്നും മോഡേണ പ്രതികരിച്ചു. യുഎസിൽ 6 മാസത്തിനുമേൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീൻ എടുക്കാൻ അനുമതി നൽകിയിരുന്നു.
എന്നാൽ, ഇതു നിർബന്ധമായിരുന്നില്ല. 6 മാസം മുതൽ 17 വയസ്സുവരെയുള്ള കുട്ടികളുടെ മരണമാണ് വെയേഴ്സിൽ റിപ്പോർട്ട് ചെയ്തതെന്നാണ് സൂചനകൾ.
2023 ജൂലൈക്ക് ശേഷമാണ് വിവിധ കാലയളവിലായി കുട്ടികളുടെ മരണം സംഭവിച്ചത്.
രക്തം കട്ടപിടിക്കുന്നത് പോലെയുള്ള പ്രശ്നങ്ങൾ കോവിഡ് വാക്സീൻ എടുത്തവരിൽ കണ്ടെത്തിയതായി 2022ൽ റിപ്പോർട്ടുകളുണ്ടായിരുന്നു. രക്തം കട്ടിപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് (ത്രോംബോസൈറ്റോപീനിയ) ചിലരിൽ റിപ്പോർട്ട് ചെയ്തത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]