കോഴിക്കോട് ∙ മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് നാലുവരി പാത നിർമാണവുമായി ബന്ധപ്പെട്ടു മുറിച്ചു മാറ്റിയ മരത്തടികൾ ലേലത്തിൽ വിൽപന നടന്നില്ല. മരം മുറിച്ചു റോഡ് അരികിലും വ്യാപാര കേന്ദ്രങ്ങൾക്ക് മുന്നിലും കൂട്ടിയിട്ടതോടെ ഓണ വിപണിയിൽ കച്ചവടം നടക്കാതെ നൂറിലേറെ വ്യാപാരികൾ ദുരിതത്തിലായി.
രണ്ടു മാസം മുൻപാണ് മലാപ്പറമ്പ് മുതൽ മാനാഞ്ചിറ വരെ റോഡ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 5.5 കിലോമീറ്ററിൽ 152 കൂറ്റൻ മരങ്ങളാണ് പിഡബ്ല്യുഡി മുറിച്ചത്. ഈ മരങ്ങൾ സിവിൽ സ്റ്റേഷന്റെ സമീപവും, പാലാട്ടുതാഴം, സിഎച്ച് മേൽപാലം ജംക്ഷനിൽ സിഎസ്ഐ റിട്രീറ്റ് സെന്റർ എന്നീ സ്ഥലങ്ങളിലാണ് കൂട്ടിയിട്ടത്.
ഓണം ആഘോഷത്തിനു മുൻപ് മരകഷ്ണം മാറ്റുമെന്നു പിഡബ്ല്യുഡി അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.
ഇതോടെ ഓണം വിപണി പ്രതീക്ഷിച്ച വ്യാപാരികൾ കച്ചവടമില്ലാതെ ദുരിതത്തിലാകുകയായിരുന്നു.സിഎസ്ഐ റിട്രീറ്റ് സെന്ററിനു മുന്നിൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കു മറവായി പത്തു മീറ്റർ ഉയരത്തിലാണ് മരം കൂട്ടിയിട്ടത്. ഇതോടെ റോഡിൽ നിന്നു കടകൾ കാണാത്ത രീതിയിലാണ്.
ഇതോടൊപ്പം ഓട
നിർമാണത്തിനായി രണ്ടര മീറ്റർ വീതിയിൽ കുഴി വെട്ടിയതോടെ വ്യാപാര സ്ഥപനങ്ങളിലേക്കു വാഹനം കയറാത്ത അവസ്ഥയായതോടെ ആവശ്യക്കാർ എത്താതെയായെന്നു വ്യാപാരികൾ പറഞ്ഞു. സിഎസ്ഐ കെട്ടിടം, എരഞ്ഞിപ്പാലം പാലാട്ടുതാഴം, സിവിൽ സ്റ്റേഷനു സമീപം ഗാന്ധി ആശ്രമത്തിനു മുൻവശം എന്നിവിടങ്ങളിലെ വ്യാപാരികളാണ് ഏറെയും ദുരിതത്തിലായത്.
റോഡ് നിർമാണം ദ്രുതഗതിയിൽ നടക്കുന്നതോടെ പ്രവൃത്തി സ്ഥലത്ത് കൂട്ടിയിട്ട
മരങ്ങൾ കരാറുകാർ പലസ്ഥലത്തേക്ക് മാറ്റിയിടുന്നതും വ്യാപാരികൾക്ക് ദുരിതമാകുന്നുണ്ട്.
നിശ്ചയിച്ച വില 20 ലക്ഷം;ലേലം മൂന്നാം തവണയും പാളി
കോഴിക്കോട് ∙ മാനാഞ്ചിറ – മലാപ്പറമ്പ് റോഡ് വികസനവുമായി ബന്ധപ്പെട്ടു മുറിച്ചു മാറ്റിയ മരങ്ങൾ പൊതുലേലത്തിനു 3 തവണ വിൽപനക്ക് വച്ചിട്ടും ആവശ്യക്കാർ എത്തിയില്ല. റോഡരികിൽ നിന്നു മുറിച്ചു മാറ്റിയ 152 മരങ്ങളുടെ തടികൾക്കു വനം വകുപ്പ് നിശ്ചയിച്ച തുക 20 ലക്ഷം രൂപയാണ്.
എന്നാൽ ലേലത്തിനു എത്തിയവർ 2 ലക്ഷം രൂപയാണു വില പറഞ്ഞത്. ഈ സാഹചര്യത്തിൽ അടുത്ത ദിവസം വീണ്ടും ലേലത്തിനു നടപടി തുടങ്ങുമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
വനം വകുപ്പിന്റെ ലൈസൻസ് ലഭിച്ചവർക്കു മാത്രമേ ലേലത്തിനു പങ്കെടുക്കാൻ കഴിയൂ. ഈ സാഹചര്യത്തിൽ ആവശ്യക്കാർക്കു പങ്കെടുക്കാൻ കഴിയുന്നില്ലെന്നു പറയുന്നു.
റോഡ് നിർമാണ കരാർ കമ്പനിയായ മിഡ്ലാൻഡ് 80 കോടി രൂപയുടെ പ്രവൃത്തിയാണ് ഏറ്റെടുത്തത്.
റോഡ് നിർമാണത്തിനായി പിഡബ്ല്യുഡി 9 ലക്ഷം രൂപയോളം മുടക്കിയാണു മരങ്ങൾ മുറിച്ചു മാറ്റിയത്. എന്നാൽ മുറിച്ചിട്ട
തടികൾക്ക് 20 ലക്ഷം രൂപ വനം വകുപ്പ് നിശ്ചയിച്ച സാഹചര്യത്തിൽ മരം ഏറ്റെടുക്കുന്നതിനു മരക്കച്ചവടക്കാർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്ത ദിവസം ഒരു ലേലം കൂടി നടത്താനാണ് പിഡബ്ല്യുഡി ഒരുങ്ങുന്നത്.
ലേലം നടക്കാതെ വന്നാൽ റോഡ് കരാർ കമ്പനി തന്നെ മരങ്ങൾ മാറ്റേണ്ട അവസ്ഥ വരുമെന്നാണു പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]