മൂവാറ്റുപുഴ∙ എംസി റോഡിലെ കുഴി മൂടുന്നതിനെ കുറിച്ച് പഠിക്കാൻ കിഫ്ബി ചീഫ് പ്രൊജക്ട് എക്സാമിനറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം എത്തുന്നു. കുഴി മൂടുന്നതിനു മുൻപ് വിശദമായ പഠനം ആവശ്യമാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ കിഫ്ബിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് വിദഗ്ധ സംഘം എത്തുന്നത്.ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് കുഴി സ്കാൻ ചെയ്തു പഠനം നടത്തിയ ശേഷമായിരിക്കും കുഴി മൂടുന്നതിൽ ബുധനാഴ്ച അന്തിമ തീരുമാനത്തിലെത്തുക.
ഇതിനു ശേഷമായിരിക്കും കുഴി മൂടുക.എംസി റോഡിലെ കുഴി രൂപപ്പെടാൻ കാരണമെന്നു കരുതുന്ന 2 കാനകളും തകർന്ന നിലയിലാണെന്ന് ഇന്നലെ നടന്ന പരിശോധനയിൽ വ്യക്തമായി.
25 അടിയോളം താഴ്ചയിലാണ് കാനകൾ കണ്ടെത്തിയത്. രാവിലെ തന്നെ സ്ഥലത്ത് എത്തി മാത്യു കുഴൽനാടൻ എംഎൽഎ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയായിരുന്നു.
കച്ചേരിത്താഴം വഴിയുള്ള വാഹന ഗതാഗതം പൂർണമായി തടഞ്ഞതിനു ശേഷം കൂടുതൽ ആഴത്തിൽ മണ്ണെടുത്തു മാറ്റിയതോടെയാണു 25 അടിയോളം താഴ്ചയിൽ കാനകൾ കണ്ടെത്തിയത്.
കരിങ്കൽ കെട്ടിയാണ് കാനകൾ നിർമിച്ചിരുന്നത്.
ഗതാഗതം പുനരാരംഭിക്കും
കുഴി രൂപപ്പെട്ടതിനെ തുടർന്ന് അടച്ച കച്ചേരിത്താഴം പാലം ഇന്നു രാവിലെ തുറക്കും. കിഫ്ബി നിർദേശിക്കുന്ന സുരക്ഷാ നിർദേശങ്ങൾ പാലിച്ചാണ് പാലം തുറക്കുക. ഭാരവാഹനങ്ങൾ ഒഴികെ കാറുകളും മറ്റും പാലത്തിലൂടെ കടത്തി വിടും.
ഭാരവാഹനങ്ങൾ മറ്റു വഴികളിലൂടെ കടന്നു പോകണം. നഗരത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.
ചർച്ചകൾക്കൊടുവിൽ 2 പരിഹാര നിർദേശം
കാനകൾ തകർന്ന നിലയിൽ കണ്ടെത്തിയതോടെ മാത്യു കുഴൽനാടൻ എംഎൽഎ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ 2 പരിഹാര നിർദേശങ്ങളാണ് ഇവർ മുന്നോട്ടു വച്ചത്. നിലവിലെ കാനകളിൽ അറ്റകുറ്റപ്പണികൾ നടത്തി ശക്തിപ്പെടുത്തിയ ശേഷം കുഴി മൂടുക.തുടർന്ന് മൂന്നാമത്തെ പാലം നിർമാണം ആരംഭിക്കുമ്പോൾ ഇത് പൂർണമായി നീക്കം ചെയ്യുക എന്നതായിരുന്നു ആദ്യത്തെ നിർദേശം.
ഇത് വേഗത്തിൽ പൂർത്തിയാക്കാമെങ്കിലും ശാശ്വത പരിഹാരമല്ല എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.കച്ചേരിത്താഴം ജംക്ഷനിൽ റോഡിനു കുറുകെ കലുങ്ക് നിർമിച്ച് നഗരസഭ ഓഫിസിന്റെ മുറ്റത്തു കൂടി ആഴത്തിൽ കാന നിർമിച്ച് പുഴയുമായി ബന്ധിപ്പിക്കുന്ന പുതിയ ഡ്രെയ്നേജ് സംവിധാനം ഒരുക്കുക എന്നതായിരുന്നു രണ്ടാമത്തെ നിർദേശം.
ഇതിനാണ് കൂടുതൽ അംഗീകാരം ലഭിച്ചത്. ഈ നിർദേശമാണ് കിഫ്ബിക്ക് ശുപാർശ ചെയ്തിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]