
പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുത്. ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനത്തിലോ പങ്കെടുപ്പിക്കരുത്. വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമോ പേരോ മറ്റ് സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. (onam kit puthuppally election)
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്ത് നൽകി. കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം വന്നത്. വിതരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പ് ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയിരുന്നു.
തേയില( ശബരി)–-100 ഗ്രാം, ചെറുപയർ പരിപ്പ്–-250ഗ്രാം, സേമിയ പായസം മിക്സ്(മിൽമ)–-250 ഗ്രാം , നെയ്യ്( മിൽമ)–-50 മില്ലി, വെളിച്ചെണ്ണ (ശബരി) –-അരലിറ്റർ, സാമ്പാർപ്പൊടി( ശബരി)–-100 ഗ്രാം, മുളക് പൊടി( ശബരി)–-100ഗ്രാം, മഞ്ഞൾപ്പൊടി( ശബരി)–-100 ഗ്രാം, മല്ലിപ്പൊടി( ശബരി)–-100ഗ്രാം, ചെറുപയർ–-500ഗ്രാം, തുവരപ്പരിപ്പ്–-250ഗ്രാം, പൊടി ഉപ്പ്–ഒരുകിലോ, കശു വണ്ടി–-50 ഗ്രാം, തുണി സഞ്ചി–-1 എന്നിവയാണ് കിറ്റിലുണ്ടാകുക.
അതേസമയം, യുഡിഎഫ് എംഎൽഎമാർ ഓണക്കിറ്റ് വാങ്ങില്ലെന്ന് അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി സപ്ലൈകോ രംഗത്തെത്തി. എംഎൽഎമാർക്കുള്ളത് സാധാരണ ഓണക്കിറ്റല്ലെന്നും റീബ്രാൻഡിങ്ങിന്റെ ഭാഗമായി ശബരി ഉൽപന്നങ്ങളാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും നൽകുന്നതെന്നും സപ്ലൈകോ അറിയിച്ചു. എംഎൽഎമാർക്കുള്ളത് മഞ്ഞക്കാർഡ് ഉടമകൾക്ക് നൽകുന്ന ഓണക്കിറ്റ് അല്ലെന്നാണ് സപ്ലൈകോ വ്യക്തമാക്കുന്നത്. 12 ഇനം ശബരി ഉത്പന്നങ്ങളാണ് എംഎൽഎമാർക്കുള്ള കിറ്റിൽ ഉള്ളത്. മഞ്ഞക്കാർഡ് ഉടമകൾക്ക് നൽകുന്നത് 14 ഇനങ്ങൾ ഉൾപ്പെടുത്തിയ കിറ്റാണ്.
എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്ന് യുഡിഎഫ് അറിയിച്ചിരുന്നു. എംഎൽഎമാർക്കുള്ള സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റ് പ്രതിപക്ഷം സ്വീകരിക്കില്ല. പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്ത കിറ്റ് സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് വ്യക്തമാക്കി. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജനപ്രതിനിധികൾക്ക് കിറ്റ് നൽകാൻ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് യുഡിഎഫ് വേണ്ടെന്ന് വെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]