ഷൊർണൂർ ∙ നിലമ്പൂർ– ഷൊർണൂർ റൂട്ടിലെ യാത്രക്കാർ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് ആശ്വാസമായി മെമു ട്രെയിൻ നിലമ്പൂരിലേക്ക് എത്തും. എറണാകുളം – ഷൊർണൂർ മെമു നിലമ്പൂർ വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കി.
ട്രെയിൻ നീട്ടിയെന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം കേന്ദ്രമന്ത്രി ജോർജ് കുര്യനാണു സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. നിലമ്പൂരുകാരുടെ ഏറെക്കാലത്തെ ആവശ്യമാണു റെയിൽവേ അംഗീകരിച്ചത്.
ട്രെയിൻ സർവീസിനായി മനോരമ നിരന്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.
ജനകീയ കൂട്ടായ്മയും നടത്തി. റെയിൽവേ ബോർഡ് നിർദേശമനുസരിച്ച് 66325, 66326 മെമുവിനു നിലമ്പൂർ റോഡ്, വാണിയമ്പലം, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര, കുലുക്കല്ലൂർ, വല്ലപ്പുഴ, എന്നിവിടങ്ങളിലാണു സ്റ്റോപ്പ്.
നിലവിൽ വൈകിട്ട് 5.40ന് എറണാകുളം ജംക്ഷനിൽനിന്നു പുറപ്പെടുന്ന മെമു, 8.40ന് ആണു ഷൊർണൂരിൽ എത്തുന്നത്. 4 മാസം മുൻപാണു റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്.
നിലവിലെ സമയക്രമം
∙ റെയിൽവേ ബോർഡ് നിർദേശമനുസരിച്ച് ഷൊർണൂരിൽ നിന്നു രാത്രി 8.35ന് നിലമ്പൂരിലേക്കു തിരിക്കുന്ന ട്രെയിനിന്റെ സ്റ്റോപ്പുകൾ– വല്ലപ്പുഴ: 8.50, കുലുക്കല്ലൂർ: 8.55, ചെറുകര: 9.02, അങ്ങാടിപ്പുറം : 9.11, പട്ടിക്കാട്: 9.18, മേലാറ്റൂർ: 9.
26, വാണിയമ്പലം: 9.43, നിലമ്പൂർ റോഡ് 10.05.പിറ്റേന്ന് ഉച്ചയ്ക്ക് 1.40ന് നിലമ്പൂരിൽ നിന്നു മടങ്ങുന്ന ട്രെയിനിന് വാണിയമ്പലം: 1.50, അങ്ങാടിപ്പുറം: 2.25. ഷൊർണൂർ: 2.55 എന്നിങ്ങനെ സമയം പറയുന്നുണ്ടെങ്കിലും മറ്റു സ്റ്റോപ്പുകളുടെ സമയം കാണിച്ചിട്ടില്ല.
ദക്ഷിണ റെയിൽവേയുടെ ഉത്തരവിൽ സമയക്രമം പൂർണമായി ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
സർവീസ് തുടങ്ങുന്ന തീയതി ഇന്നു പ്രഖ്യാപിച്ചേക്കും. കോയമ്പത്തൂർ-ഷൊർണൂർ മെമു, കണ്ണൂർ -ഷൊർണൂർ മെമു എന്നിവയും നിലമ്പൂരിലേക്കു നീട്ടിയേക്കും. കണ്ണൂർ –ഷൊർണൂർ എക്സ്പ്രസ്, കണ്ണൂർ –കോയമ്പത്തൂർ എക്സ്പ്രസ്, ഷൊർണൂർ –കോയമ്പത്തൂർ എക്സ്പ്രസ് സർവീസുകൾ മെമു ആക്കുന്നതും പരിഗണനയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

