
സുഹൃദ് രാജ്യം, ചങ്ങാതി മോദി! എന്നിട്ടും, ഇന്ത്യയ്ക്കെതിരെ യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചത് പിഴയടക്കം 50% തീരുവ.
ട്രംപ് ഏറ്റവുമധികം ഇറക്കുമതി തീരുവ ചുമത്തിയ രണ്ട് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബ്രസീലിനും 50% പ്രഖ്യാപിച്ചിരുന്നു.
വ്യാപാരരംഗത്ത് യുഎസിന്റെ ബദ്ധവൈരിയായ ചൈനയുമായി ട്രംപിന്റെ പ്രതിനിധികൾ ചർച്ച തുടരുകയാണ്. വഴങ്ങിയില്ലെങ്കിൽ ചൈനയെ കാത്തിരിക്കുന്നത് 50 ശതമാനത്തിനും മുകളിൽ തീരുവ.
ട്രംപിനെതിരെ കടുത്ത വാക്കുകളുമായി നേരത്തേ ബ്രസീൽ രംഗത്തെത്തിയിരുന്നു.
അമേരിക്കയിലേക്ക് കയറ്റുമതി നടത്തിയില്ലെങ്കിലും ബ്രസീലിന് ഒന്നും സംഭവിക്കാനില്ലെന്നാണ് ബ്രസീൽ പ്രസിഡന്റ് ലുല ഡി സിൽവ അഭിപ്രായപ്പെട്ടത്. ട്രംപുമായി ചർച്ച ചെയ്ത് സ്വയം അപമാനിതനാകാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൈനയാകട്ടെ, യുഎസ് കടുത്ത തീരുവ ചുമത്തിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള ഒരുക്കത്തിലുമാണ്.
അതേസമയം, ഇന്ത്യ സമചിത്തതയോടെയാണ് ട്രംപിനെതിരെ പ്രതികരിച്ചത്. ട്രംപിന്റെ നടപടി അന്യായവും അകാരണവുമാണെന്ന് വ്യക്തമാക്കിയ ഇന്ത്യ പക്ഷേ അമേരിക്കൻ ഉൽപന്നങ്ങൾക്ക് സമാന തീരുവ ചുമത്താൻ ഇതുവരെ തയാറായിട്ടില്ല.
രാജ്യത്തെ കർഷകരുടെ താൽപര്യങ്ങൾ ബലികഴിക്കാനില്ലെന്ന് ട്രംപിനുള്ള പരോക്ഷ മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു. അതേസമയം ട്രംപ് പ്രഖ്യാപിച്ച 50% തീരുവ സ്റ്റീലിനും അലുമിനിയത്തിനും ഉൾപ്പെടെ ബാധകമാണെന്നതിനാൽ അമേരിക്കയിൽ നിന്നുള്ള തിരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് ഇന്ത്യ പകരംതീരുവ പ്രഖ്യാപിച്ചേക്കും എന്ന് സൂചനയുണ്ട്.
എന്തുകൊണ്ടാണ് ബ്രസീലും ചൈനയും പ്രതികരിച്ചതുപോലെ ഇന്ത്യ ട്രംപിനെതിരെ അതേനാണയത്തിൽ ചുട്ടമറുപടി കൊടുക്കാതിരുന്നത്? അമേരിക്കൻ ഉൽപന്നങ്ങൾക്കുമേൽ ഇന്ത്യയും കടുത്ത തീരുവ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ട്? വിശദമായി നോക്കാം:
ട്രംപിന് മുന്നിൽ വഴങ്ങാനാവില്ല ഇന്ത്യയ്ക്ക്
രാജ്യത്തെ കർഷകരുടെ പ്രക്ഷോഭത്തിന്റെ ചൂട് കാർഷിക ബില്ലുകളുടെ അവതരണവേളയിൽ മോദി സർക്കാർ അറിഞ്ഞതാണ്.
ട്രംപ് ആവശ്യപ്പെടുന്നതുപോലെ അമേരിക്കൻ കാർഷിക, ക്ഷീര ഉൽപന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നുകൊടുക്കാൻ അതുകൊണ്ടുതന്നെ മോദി സർക്കാർ തയാറാവില്ല. ട്രംപിന് വഴങ്ങിയാൽ അത് രാജ്യത്ത് വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.
∙ ട്രംപിന്റെ 50% തീരുവ ഇന്ത്യയുടെ ജിഡിപിയിൽ 0.6% ഇടിവുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
അതായത് 23 ബില്യൻ ഡോളറിന്റെ (ഏകദേശം 2 ലക്ഷം കോടി രൂപ) ആഘാതം.
∙ അതേസമയം, യുഎസിന്റെ ക്ഷീരോൽപന്നങ്ങൾക്കുമാത്രം ഇന്ത്യൻ വിപണി തുറന്നുകൊടുത്താൽപോലും ഇന്ത്യയെ കാത്തിരിക്കുന്നത് 20 ബില്യൻ ഡോളറിന്റെ (1.8 ലക്ഷം കോടി രൂപ) നഷ്ടമായിരിക്കുമെന്ന് എസ്ബിഐ റിസർച് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
∙ 50% തീരുവഭാരം ഇന്ത്യയുടെ ജെം ആൻഡ് ജ്വല്ലറി കയറ്റുമതി മേഖലയ്ക്കും സമുദ്രോൽപന്ന മേഖലയ്ക്കും കനത്ത തിരിച്ചടിയാണ്. സമുദ്രോൽപന്ന മേഖല മാത്രം നേരിട്ടേക്കുക 25,000 കോടി രൂപയ്ക്കുമേൽ നഷ്ടം.
∙ വസ്ത്രകയറ്റുമതി മേഖല 40,000 കോടി രൂപയ്ക്കുമേൽ ആഘാതവും നേരിടും.
എന്തുകൊണ്ട് ഇന്ത്യ തിരിച്ചടിച്ചില്ല?
ട്രംപ് 50% തീരുവ പ്രഖ്യാപിച്ചതിന് ഇന്ത്യ ഇതുവരെ സമാനരീതിയിൽ തിരിച്ചടിച്ചിട്ടില്ല.
ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ചട്ടങ്ങൾക്ക് അനുസൃതമായി തിരഞ്ഞെടുത്ത യുഎസ് ഉൽപന്നങ്ങൾക്കുമാത്രം പകരംതീരുവ ചുമത്താനാണ് ഇന്ത്യ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കാത്തിരുന്നു കാണാം എന്ന നിലപാടിലാണ് ഇന്ത്യയെന്നും വിലയിരുത്തപ്പെടുന്നു.
അതിനും ചില കാരണങ്ങളുണ്ട്.
1) ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ 60% പങ്കുവഹിക്കുന്നതും ആഭ്യന്തര ഉപഭോക്തൃ വിപണിയാണ്. വിയറ്റ്നാം, ഫിലിപ്പീൻസ്, ചൈന തുടങ്ങിയവയ്ക്ക് കയറ്റുമതി മേഖലയാണ് വലിയ ആശ്രയം.
2) റഷ്യൻ എണ്ണയുടെ പേരിലാണ് ഇന്ത്യയ്ക്ക് ട്രംപ് കനത്ത തീരുവ പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് 15ന് നടക്കുന്ന പുട്ടിൻ-ട്രംപ് ചർച്ച വിജയിച്ചാൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് തിരശീല വീഴും. ഫലത്തിൽ, റഷ്യൻ എണ്ണയുടെ പേരിൽ ട്രംപ് എടുത്ത നടപടികളും അസാധുവാക്കേണ്ട
സ്ഥിതിവരും. ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച തീരുവ ട്രംപിന് സ്വയം കുറയ്ക്കേണ്ടിവരും.
3) ട്രംപിനെ നേരിട്ട് ആക്രമിക്കുന്നതിന് പകരം മോദി ചൈന, ബ്രസീൽ, റഷ്യ എന്നിവയുടെ നേതാക്കളുമായി ചർച്ച നടത്തുകയും ബ്രിക്സ് വഴി അമേരിക്കയെ സമ്മർദത്തിലാക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്.
ട്രംപ് കൂടുതൽ താരിഫ് പോര് നടത്തുന്ന ഈ 3 രാജ്യങ്ങളും ബ്രിക്സിലെ പ്രധാന അംഗങ്ങളുമാണ്.
4) ട്രംപ് ഇന്ത്യയ്ക്കെതിരെ താരിഫ് പോരിനിറങ്ങിയതിനു പിന്നാലെ ഇന്ത്യ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ റഷ്യയിലേക്ക് അയച്ചതും ഇതിന്റെ ഭാഗമാണ്.
5) റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ഡോളർ ഉപയോഗിക്കുന്നു എന്ന് ട്രംപ് ഭരണകൂട വക്താക്കൾ നേരത്തേ ആരോപിച്ചിരുന്നു.
എന്നാൽ, ഇന്ത്യ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് യുഎഇ ദിർഹമാണ്.
6) ട്രംപിന് പകരംതീരുവ ഏകപക്ഷീയമായി പ്രഖ്യാപിച്ച് എക്സിക്യൂട്ടീവ് ഓർഡർ ഇറക്കാനുള്ള അധികാരമുണ്ടോ എന്നത് സംബന്ധിച്ച് അമേരിക്കൻ കോടതികളിൽ കേസ് നടക്കുന്നുണ്ട്. വിധി എതിരായാൽ അദ്ദേഹം പ്രഖ്യാപിച്ച തീരുവകളെല്ലാം അസാധുവാകും.
കോടതിയിലേക്കും കണ്ണുംനട്ടിരിക്കുകയാണ് ഇന്ത്യ.
ചർച്ചയുടെ പാതയിൽതന്നെ ഇന്ത്യ
കഴിഞ്ഞ ഫെബ്രുവരിയിൽ മോദിയും ട്രംപും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ സാധ്യമാക്കുന്നത് ചർച്ചയായിരുന്നു. ഈ വർഷം ഒക്ടോബർ-നവംബറോടെ കരാർ യാഥാർഥ്യമാക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ, ട്രംപ് വൈകാതെ മലക്കംമറിഞ്ഞു. ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ പകരംതീരുവയും പ്രഖ്യാപിച്ചു.
ഇന്ത്യ ഇപ്പോഴും കരാറിനായി ഉറച്ചുനിൽക്കുകയാണ്. വ്യാപാരക്കരാർ യാഥാർഥ്യമായാൽ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്കും പ്രധാനമന്ത്രി മോദിക്കും അത് ‘ബംപർ ലോട്ടറി’യാകും.
നാമമാത്ര തീരുവയോടെ യുഎസിലേക്ക് കയറ്റുമതി നടത്താൻ ഇന്ത്യൻ കമ്പനികൾക്ക് കഴിയും. ഇത് വ്യാപാരരംഗത്തെ എതിരാളികൾക്കുമേൽ വലിയ മുൻതൂക്കം നേടാനും ഇന്ത്യയ്ക്ക് സഹായകമാകും.
∙ യുഎസിൽ നിന്നുള്ള ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ചില ഇനങ്ങൾക്ക് ഇന്ത്യ ഇതിനകം തീരുവ കുറച്ചിട്ടുണ്ട്.
∙ മസ്കിന്റെ ടെസ്ല കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഇന്ത്യയിൽ രണ്ട് ഷോറൂമുകൾ തുറന്നു.
∙ ഇന്ത്യ യുഎസിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതിയും വൻതോതിൽ കൂട്ടിയിട്ടുണ്ട്.
∙ ട്രംപ്-പുട്ടിൻ ചർച്ച, യുഎസ്-ചൈന ചർച്ച, ട്രംപിന്റെ തീരുവയുദ്ധത്തിനെതിരെ യുഎസിൽ നടക്കുന്ന കേസുകൾ എന്നിവയിലേക്കാണ് പ്രധാനമായും ഇന്ത്യയുടെ ഉറ്റുനോട്ടം.
കാത്തിരുന്നുകാണാം എന്നതുതന്നെ തൽക്കാലം ഇന്ത്യയുടെ തന്ത്രമെന്ന് നിരീക്ഷകർ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]