
തുറവൂർ∙ മഴ മാറി കാലാവസ്ഥ അനുകൂലമായതോടെ ഉയരപ്പാത നിർമാണം സജീവമായെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷം. അരൂർ– തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന മേഖലയിൽ ചരക്ക് ലോറിയടക്കം വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പാലിക്കാത്തത് പാതയിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
ഒരാഴ്ചയായി അരൂർ ക്ഷേത്രം കവല മുതൽ ബൈപാസ് കവല വരെയുള്ള ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അരമണിക്കൂർ ഇടവിട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. അവധി ദിവസമായ ഇന്നലെയും യാത്രക്കാർക്ക് അരൂർ മുതൽ തുറവൂർ എത്താൻ എടുത്തത് മണിക്കൂറുകളോളം.
അരൂർ–തുറവൂർ ഉയരപ്പാത നടക്കുന്ന 12.75 കിലോമീറ്ററിൽ ഗതാഗതക്കുരുക്കൊഴിവാക്കാൻ വീതി കൂട്ടിയ ഭാഗങ്ങളിൽ പെയ്ത്തുവെള്ളം കെട്ടിനിൽക്കുന്നതും കുഴികളും ഗതാഗതക്കുരുക്കിനു കാരണമാകുന്നു.
ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി വലിയ വാഹനങ്ങൾ അരൂർ ക്ഷേത്രം കവലയിൽ നിന്നു അരൂക്കുറ്റി റോഡ് വഴി തിരിഞ്ഞ് തുറവൂർ, ചേർത്തല എന്നിവിടങ്ങളിലുടെയും വൈറ്റിലയിൽ നിന്നു കോട്ടയം വഴിയും ആലപ്പുഴയിൽ നിന്നു എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തുറവൂരിൽ നിന്നു ടിഡി റോഡ് വഴി തോപ്പുംപടിയിലേക്ക് പോകണമെന്നുമായിരുന്നു നിർദേശം. എന്നാൽ ഗതാഗത നിയന്ത്രണം കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ട
അധികൃതർ വേണ്ട ഗൗരവം എടുക്കാത്തത് ഗതാഗതക്കുരുക്കിന് കാരണമാകുന്നെന്നാണ് ആക്ഷേപം.
പത്മാക്ഷിക്കവലയ്ക്കു സമീപം അപകടങ്ങൾ പതിവ്
തുറവൂർ∙ ദേശീയപാതയിലേക്ക് കയറുന്ന പത്മാക്ഷിക്കവലയ്ക്കു കിഴക്കു ഭാഗത്തുള്ള റോഡിലെ കുഴിയിൽ വീണ് വാഹനങ്ങൾ അപകടത്തിലാകുന്നത് പതിവാകുന്നു.
ദേശീയപാത തുറവൂർ–പറവൂർ റീച്ചുമായി ബന്ധപ്പെട്ടുള്ള അടിപ്പാത നിർമാണം നടക്കുന്ന ഭാഗമാണിത്. കയറ്റത്തിൽ തന്നെ കുഴി രൂപപ്പെട്ടതിനാൽ ലോഡുമായി ദേശീയപാതയിലേക്ക് കയറുന്ന വാഹനങ്ങൾ കുഴിയിൽ വീണ് കയറ്റം കയറാതെ എൻജിൻ നിലച്ചു പോകുമ്പോൾ പിന്നിലേക്ക് നിരങ്ങി നീങ്ങുകയും പിന്നാലുള്ള വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടവും സംഭവിക്കുന്നു.ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പുതിയ റോഡ് ഉയർന്നതോടെ ഇവിടെ കുത്തനെയുള്ള കയറ്റമാണ്. ഇരുചക്രവാഹനങ്ങളും ഒട്ടോ,ടാക്സി വാഹനങ്ങളും കുഴിയിൽ വീണ് അപകടത്തിൽപെടുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]