കണ്ണൂർ ∙ മൂന്നാമത് നോർത്ത് മലബാർ ട്രാവൽ ബസാർ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നവംബർ 15, 16 തീയതികളിൽ നടക്കും. അഞ്ഞൂറോളം ടൂർ ഓപ്പറേറ്റർമാരും നൂറോളം സ്ഥാപനങ്ങളും പങ്കെടുക്കും.
നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെയും ടൂറിസം സംരംഭകരുടെയും സംയുക്തസംരംഭമായ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷന്റെയും (നോംടോം) വിമാനത്താവളത്തിന്റെയും മെട്രോ മാർട്ടിന്റെയും സഹകരണത്തോടെയാണു മേള. ഉത്തര മലബാറിലെ ടൂറിസം സാധ്യതകളെ മറ്റു സംസ്ഥാനങ്ങളിലെ ടൂർ ഓപ്പറേറ്റർമാരെ അറിയിക്കാൻ മേളയിലൂടെ സാധിക്കുമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ പറഞ്ഞു.
ഉത്തര മലബാറിലേക്കുള്ള എയർലൈൻ കണക്ടിവിറ്റി പരമാവധി വർധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ഈ വർഷം പോയിന്റ് ഓഫ് കോൾ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും എയർപോർട്ട് എംഡി സി.ദിനേശ്കുമാർ പറഞ്ഞു.
അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന്, കണ്ണൂരിൽ ഏകദേശം 14,000 യാത്രക്കാരുടെ കുറവുണ്ടായി. ആ കുറവ് നികത്തിവരികയാണ് – അദ്ദേഹം പറഞ്ഞു.
സ്പിരിച്വൽ ടൂറിസം, ക്രൂസ് ടൂറിസം, ഹെൽത്ത് ടൂറിസം, വെഡിങ് ടൂറിസം, വെൽനെസ് ടൂറിസം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ഒട്ടേറെ സെമിനാറുകൾ ഉണ്ടാകുമെന്ന് എസ്.ആർ.ഡി.പ്രസാദ് (രക്ഷാധികാരി, നോംടോം), സിജി നായർ (സിഇഒ, മെട്രോ മാർട്ട്), സി.അനിൽകുമാർ (സെക്രട്ടറി, നോംടോം), സച്ചിൻ സൂര്യകാന്ത് (വൈസ് പ്രസിഡന്റ്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്), കെ.നാരായണൻ കുട്ടി (ട്രഷ), ടി.വി.മധുകുമാർ (വൈസ് പ്രസിഡന്റ്, നോംടോം), കെ.കെ.പ്രദീപ് (വൈസ് പ്രസിഡന്റ്) എന്നിവർ അറിയിച്ചു.
രാജ്യത്തുതന്നെ ആദ്യമായാണ് ഒരു വിമാനത്താവളം ട്രാവൽ മാർട്ടിനു വേദിയാകുന്നത്. ആകർഷകമായ നോർത്ത് മലബാർ ടൂറിസം സർക്യൂട്ടുകൾ മേളയിൽ ആവിഷ്കരിക്കും.
മേളയിൽ പ്രമുഖ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹൗസ്ബോട്ടുകൾ, ആയുർവേദ പഞ്ചകർമ സ്ഥാപനങ്ങൾ, ട്രാവൽ ഏജൻസികൾ, ടൂർ പ്ലാനർമാർ, ആശുപത്രികൾ, ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ഏജൻസികൾ, ഫാം ടൂറിസം പ്രമോട്ടേഴ്സ് തുടങ്ങിയവരുടെ സ്റ്റാളുകൾ ഉണ്ടാകും.
രണ്ടാംദിവസം പൊതുജനങ്ങൾക്ക് സ്റ്റാളുകൾ സന്ദർശിക്കാം. പ്രവേശനം സൗജന്യം.
റജിസ്ട്രേഷൻ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും: www.nmtb.in, 9947733339 / 9995139933, ഇമെയിൽ: [email protected] …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]