കണ്ണൂർ ∙ ജയിലിൽനിന്നു കോടതിയിൽ കൊണ്ടുപോകുമ്പോഴൊക്കെ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു മദ്യപിക്കാൻ സുഹൃത്തുക്കൾ അവസരമൊരുക്കിയിരുന്നെന്നു പൊലീസ് റിപ്പോർട്ട്. ടിപി കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പൊലീസ് സാന്നിധ്യത്തിൽ ഹോട്ടലിനു പുറത്തു മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ന്യൂമാഹി ഇരട്ടക്കൊലക്കേസ് വിചാരണയ്ക്കു ജൂലൈ 17നു തലശ്ശേരി അഡീഷനൽ ജില്ലാ കോടതിയിൽ ഹാജരാക്കി മടങ്ങുമ്പോഴാണിത്. സംഭവത്തിൽ എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥരായ ജിഷ്ണു, വൈശാഖ്, വിനീഷ് എന്നിവരെ സിറ്റി പൊലീസ് കമ്മിഷണർ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ അവസരമുണ്ടാക്കിയെന്ന കണ്ടെത്തലിനെത്തുടർന്നാണു നടപടി.
പൊലീസുകാരെ ഭീഷണിപ്പെടുത്തിയാണു സുഹൃത്തുക്കൾ മൂന്നു പ്രതികൾക്കും മദ്യം നൽകിയത്. സുഹൃത്തുക്കൾ അവിടെയെത്തി കാറിനു സമീപത്തുവച്ചു മദ്യം നൽകുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്.എന്നാൽ, ജയിലിൽനിന്നു പുറത്തു കൊണ്ടുപോകുമ്പോഴൊക്കെ സുഹൃത്തുക്കൾ മദ്യം എത്തിച്ചുനൽകാറുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഉന്നത ഇടപെടലിനെത്തുടർന്ന് എസ്കോർട്ട് പൊലീസുകാർക്ക് ഇടപെടാൻ സാധിക്കാറില്ല. കോടതിയിൽ ഹാജരാക്കി തിരിച്ചെത്തിക്കുമ്പോൾ ഇവരുടെ കൈവശമുള്ള ബാഗ് പരിശോധിക്കാറുമില്ല.
പുറത്തുനിന്നെത്തുമ്പോൾ പരിശോധിച്ച ശേഷമേ തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ.ജൂലൈ 21നു കൊടി സുനിക്ക് 15 ദിവസത്തെ പരോൾ ലഭിച്ചിരുന്നു.
വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കണമെന്ന വ്യവസ്ഥ ലംഘിച്ചതിനെത്തുടർന്നു പരോൾ റദ്ദാക്കി. ജൂലൈ 31നു കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചെത്തിച്ചു.
പരോൾ സമയത്തു സുനി കർണാടകയിൽ പോയെന്നു കണ്ടെത്തിയിരുന്നു. ന്യൂമാഹിയിൽ ബിജെപി പ്രവർത്തകരായ വിജിത്തിനെയും സിനോജിനെയും കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ സുനിയെ, ഈ കേസിന്റെ വിചാരണ തുടങ്ങിയപ്പോഴാണു ജനുവരി 29നു തവനൂർ സെൻട്രൽ ജയിലിൽനിന്നു കണ്ണൂരിലേക്കു മാറ്റിയത്.
പിണറായിക്കാലത്ത് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥ: അബ്ദുൽ കരീം ചേലേരി
കണ്ണൂർ∙ടിപി വധക്കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിൽ ഉൾപ്പെടെയുള്ള കൊടും ക്രിമിനലുകൾ പൊലീസുകാരുടെ ഒത്താശയോടെ മദ്യപിക്കുന്ന ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും പിണറായിക്കാലത്തു ചങ്ങലയ്ക്കു ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി. കൊലക്കേസ് പ്രതികൾക്ക് വിലങ്ങു പോലും വയ്ക്കാതെ സ്വൈരമായി വിഹരിക്കാൻ ആരാണ് സൗകര്യം ചെയ്തതെന്ന് സമഗ്ര അന്വേഷണത്തിന് വിധേയമാക്കണം. ഒന്നോ രണ്ടോ ഉദ്യോഗസ്ഥരെയും പൊലീസുകാരെയും സസ്പെൻഡ് ചെയ്താൽ തീരുന്നതല്ല ഇത്. സിസ്റ്റത്തിന്റെ പിഴവാണെന്നു പറഞ്ഞ് സമാധാനിക്കാവുന്നതുമല്ല. അബ്ദുൽ കരീം ചേലേരി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]