
സ്വന്തം ലേഖകൻ
പാലാ: പകലെന്നോ രാത്രിയെന്നേ ഇല്ലാതെ കുരിശുപളളിക്കവലയില്‍ കഞ്ചാവ് കച്ചവടവും പരസ്യ മദ്യപാനവും നടക്കുന്നതായി പരാതിപ്പെട്ട് നാട്ടുക്കാർ. ഇതുമൂലം സമീപത്തെ വ്യാപാരികളും ഇതുവഴിയുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരും വളരെയധികം പ്രയാസം നേരിടുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിലും ജനറല്‍ സെക്രട്ടറി വി.സി. ജോസഫും പരാതിപ്പെട്ടു.
കുരിശുപള്ളി കവലയിലെ സാമൂഹ്യവിരുദ്ധ ശല്യത്തിനെതിരെ പരാതി പറഞ്ഞ വ്യാപാരികള്‍ക്ക് നേരെ ഗുണ്ടാ സംഘം അസഭ്യം പറയുകയും, വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നും പരാതിയിൽ പറയുന്നു.
ഇവിടെയുള്ള ഒരു കടയുടെ മറവില്‍ പരസ്യമായ മദ്യപനവും അസഭ്യം പറച്ചിലും കയ്യാങ്കളിയും നിത്യസംഭവമാണ്. വഴിയിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളെയും, സ്കൂള്‍ വിദ്യാര്‍ത്ഥികളെയും കമന്റടിക്കുന്നതും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും പതിവാണെന്നും ആക്ഷേപമുണ്ട്.
ഇതുപോലെ പാലാ ടി.ബി. റോഡിന് സമീപം റേഷൻകട റോഡില്‍ പരസ്യ മദ്യപാനവും വഴിയാത്രക്കാരെ ശല്യപ്പെടുത്തുന്നതും പതിവാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ചും വ്യാപാരികള്‍ പാലാ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവിടെ അനധികൃത മദ്യപാനമാണ് കൂടുതല്‍ ശല്യമായിട്ടുള്ളത്.
വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുൻപില് മദ്യപാനികള്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതും പതിവാണ്. ഇത് കാരണം വ്യാപാരികള്‍ വളരെയേറെ ബുദ്ധിമുട്ടിലാണ്. നഗരസഭയില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇല്ല. അതിനാല്‍ വ്യാപാരികള്‍ കട അടച്ചിട്ടു പോകുമ്പോള്‍ കടയ്ക്ക് മുന്നില്‍ വെള്ളം ഒഴിച്ചിട്ടാണ് പോകുന്നത്.
കുരിശുപള്ളി കവലയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും പാലാ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് നേതാക്കളായ വക്കച്ചൻ മറ്റത്തിലും വി.സി. ജോസഫും ആവശ്യപ്പെട്ടു.
The post പാലാ കുരിശുപള്ളി കവലയില്‍ കഞ്ചാവ് കച്ചവടവും പരസ്യ മദ്യപാനവും പതിവാകുന്നുവെന്ന് പരാതി; സാമൂഹ്യവിരുദ്ധരുടെ ശല്യത്തിനെതിരെ പരാതി പറഞ്ഞ വ്യാപാരികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ അസഭ്യ വർത്തമാനം ; വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവർക്ക് നേരെ ഭീഷണിപ്പെടുത്തൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]