
സ്വന്തം ലേഖകൻ
കൊച്ചി: മലയാളത്തില്‍ ചിരിയുടെ കൂട്ടില്‍ ഹിറ്റു സിനിമകളുടെ വലിയ നിര തീര്‍ത്ത സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖിന് വിട. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു വിയോഗം. കൊച്ചി അമൃത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സിദ്ദിഖിന്റെ ഭൗതിക ശരീരം നാളെ രാവിലെ കടവന്ത്ര ഇൻഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ദിഖ് കലാലോകത്തേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ധിഖും സിനിമയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.
സംവിധായകൻ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ദിഖിന്റെ സിനിമാ പ്രവേശം. സിദ്ദിഖ് – ലാല്‍ കോമ്പോ മോഹൻലാല്‍ ചിത്രമായ ‘പപ്പൻ പ്രിയപ്പെട്ട പപ്പനി’ലൂടെ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹൻലാലിന്റെ ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ധിഖും ലാലും തിളങ്ങി. സംവിധായകര്‍ എന്ന നിലയില്‍ ആദ്യ ചിത്രം ‘റാംജി റാവു സ്പീക്കിങ് ആയിരുന്നു. സിദ്ധിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.
അന്നോളമുള്ള കോമഡി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആഖ്യാന ശൈലിയുമായി എത്തിയ ലാലും സിദ്ധിഖും ആദ്യ സംരഭത്തില്‍ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരരായി. സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷവും ഇരുവരും തുടര്‍ച്ചയായി ഹിറ്റുകളില്‍ പങ്കാളിയായി. സുഹൃത്ത് ലാലുമായി പിരിഞ്ഞ സിദ്ദിഖ് സംവിധാനം ചെയ്തത് മമ്മൂട്ടി നായകനായ ‘ഹിറ്റ്ലര്‍’ ആയിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ലാലും പങ്കാളിയായി.
കത്തിനില്‍ക്കെ പിരിയുന്ന സംവിധായകൻ ഇരട്ടകള്‍. അതും രണ്ടുംപേരും സ്വയം തീരുമാനിക്കുന്നു. യാതൊരു ഗോസിപ്പിനും ഇടകൊടുക്കാതെ അവര്‍ പിരിയുന്നു. അതിന്റെ കാരണം എന്തെന്ന് ഇനിയും അവര്‍ വെളിപ്പെടുത്തിയില്ല. സ്വന്തം ഭാര്യമാരില്‍നിന്നുപോലും ആ ആത്മാര്‍ഥ സുഹൃത്തുക്കള്‍ അത് മറച്ചുവെച്ചു. സാധാരണ പിരിഞ്ഞാല്‍ പിന്നെ ചെളിവാരിയെറിയലാണ് നാം കാണാറുള്ളത്. പക്ഷേ ലാലും, സിദ്ധിഖും അപ്പോഴും അടുത്ത കൂട്ടുകാരനായി. സിദ്ദിഖിന്റെ ആദ്യ പടത്തിന് ലാല്‍ പ്രൊഡ്യൂസറായി.
മരണംവരെ അവര്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി. മാന്നാര്‍ മത്തായി സ്പീക്കിങ്ങ് എന്ന റാജിറാവിന്റെ രണ്ടാം ഭാഗത്തിനും മറ്റും ഒന്നിച്ച് കഥയും തിരക്കഥയും എഴുതി. മരണംവരെ ഇണപിരിയാത്ത സുഹൃത്തുക്കളായി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സൗഹൃദമായിരുന്നു സിദ്ദിഖിന്റെയും ലാലിന്റെയും. ഇന്നും അവര്‍ പിരിഞ്ഞതിന്റെ കാരണം ആര്‍ക്കും അറിയില്ല. അവര്‍ അത് പുറത്ത് പറഞ്ഞിട്ടുമില്ല. 69കാരനായ സിദ്ധിഖും 64കാരനായ ലാലും, നാലുപതിറ്റാണ്ടോളം കാത്തുവെച്ചത് കലര്പ്പിലാത്ത സൗഹൃദമായിരുന്നു.
കൊച്ചിയിലെ പുല്ലേപ്പടിയില്‍നിന്നാണ് സിദ്ധീഖും ലാലും ഒരുപോലെ വളര്‍ന്നത്. സിദ്ദിഖ്്കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ എത്തിയതോടെ നാടകത്തിലും മറ്റും സജീവമായി. അന്ന് ഉസ്മാൻ എന്ന സുഹൃത്തായിരുന്നു മിമിക്രി പരിപാടികളില്‍ ഒപ്പമുണ്ടായിരുന്നത്. ഡിഗ്രിക്ക് ഒപ്പം പുല്ലേപ്പടി ദാറുല്‍ ഉലും സ്കൂളില്‍ ക്ലര്‍ക്കായും സിദ്ദിഖ് ജോലി ചെയ്തിരുന്നു. ഉസ്മാന് ശേഷമാണ് മറ്റൊരു പുല്ലേപ്പടിക്കാരൻ കൂട്ടായി എത്തുന്നത്. അതാണ് മൈക്കിള്‍ ലാല്‍. എന്ത്പറഞ്ഞാലും കൗണ്ടര്‍ അടിക്കുന്നതുകൊണ്ട് പല്ലേപ്പടി കൗണ്ടര്‍ ടീംസ് എന്നായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്.
മിമിക്രിയുമായി രാത്രി ഉത്സവപ്പറമ്ബിലും, പള്ളിപ്പെരുന്നാളിലുമൊക്കെ ഇവര്‍ എത്തി. അങ്ങനെയാണ് സിദ്ധിഖും ലാലും തമ്മിലെ സൗഹൃദം ദൃഢമാവുന്നത്. ഇവരുടെയും മിമിക്രിയുമായുള്ള ഊര് ചുറ്റല് കണ്ട ലാലിന്റെ അപ്പൻ മൈക്കിളാണ് ഇരുവരോടും കലാഭവനില്‍ ചേരാൻ നിര്‍ദേശിക്കുന്നത്. ലാലിന്റെ അപ്പൻ കലാഭവനിലെ തബല ആര്‍ട്ടിസ്റ്റുമായിരുന്നു. അങ്ങനെ അന്നത്തെ മിമിക്രിക്കാരുടെ സ്വപ്നഭൂമിയായ കലാഭവനില്‍ സിദ്ധിഖും ലാലും എത്തിപ്പെട്ടു. തന്നെ ഈ നിലയില്‍ എത്തിച്ചതിനുള്ള കടപ്പാണ് അദ്ദേഹം പലപ്പോഴും കൊടുക്കുന്നത് കലാഭവനും, അതിന്റെ ആത്മാവായ ആബേലച്ചനും തന്നെയാണ്.
82ലാണ് ഇവര്‍ കലാഭവനില്‍ എത്തുന്നത്. അൻസാര്‍, പ്രസാദ്, കലാഭവൻ റഹ്മാൻ, സിദ്ധീഖ്, ലാല്‍, സൈനുദ്ദീൻ, എന്നിവര്‍ ചെയ്യുന്ന മിമിക്രി കേരളം മുഴുവൻ ഹിറ്റായ കാലം. പുതിയ പുതിയ നമ്പറുകളുമായി അവര്‍ കേരളം മുഴുവൻ ചിരിപ്പിച്ചു. അങ്ങനെ ഉണ്ടായ പുരതി കലാരൂപമാണ് മിമികസ് പരേഡ്. അതിന്റെ സ്ക്രിപ്റ്റ് പൂര്‍ണ്ണമായും സിദ്ധിഖും ലാലുമായിരുന്നു. അങ്ങനെ സാമ്പ്രദായികമായി മിമിക്രിയില്‍ അവര്‍ വൻ മാറ്റങ്ങള്‍ വരുത്തി. അതും ജനം ഏറ്റെടുത്തു.
പക്ഷേ ഒരു വര്‍ഷം കഴിഞ്ഞതോടെ സിദ്ദിഖ് കലാഭവനില്‍നിന്ന് ഇറങ്ങി. അവിടെ സഹപ്രവര്‍ത്തകരുമായി ഉണ്ടായ ചില പ്രശ്നങ്ങള്‍ തന്നെ തളര്‍ത്തിയെന്നും ലാല്‍ മാത്രമാണ് തന്റെ കൂടെ നിന്നത് എന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞാണ് ഫാസിലിന്റെ ശിഷ്യരായി ഇരുവരും സിനിമയില്‍ എത്തുന്നത്. ഡ്രാഫ്റ്റ്മാനായ ലാലും അവധിയെടുത്താന് സിനിമക്കായി എത്തിയത്.
നോക്കത്താ ദൂരത്ത് കണ്ണും നട്ടും, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ക്കും ശേഷം, സിദ്ദിഖിനോടും ലാലിനോടും സ്വന്തമായി സിനിമചെയ്യാനും അത് ഒരുമിച്ച് ചെയ്യാനും പറഞ്ഞത് ഫാസിലാണ്. അങ്ങനെയാണ് സിദ്ദിഖ്-ലാല്‍ എന്ന ഹിറ്റ് ജോഡിയുണ്ടാവുന്നത്. 89ല്‍ ഇറങ്ങിയ റാംജിറാവ് സ്പീക്കിങ് എന്ന സിദ്ദിഖ് -ലാലിന്റെ ആദ്യചിത്രം ഫാസില്‍ നിര്‍മ്മിച്ചു.
അത് ഡ്യൂപ്പര്‍ സൂപ്പര്‍ ഹിറ്റായി പിന്നീടങ്ങോട്ട് തുടര്‍ച്ചായായി എല്ലാവര്‍ഷവും ഈ സംവിധാന ഇരട്ടകളുടെ ഓരോ ഹിറ്റ് ചിത്രങ്ങളെത്തി. ഇൻ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങള്‍ തീയേറ്ററുകളെ ഇളക്കിമറിച്ചു.പക്ഷേ കാബൂളിവാലക്ക് ശേഷമുള്ള തൊട്ടടുത്ത വര്‍ഷം മലയാള ചലച്ചിത്രപ്രേമികളെ ഞെട്ടിച്ച ഒരു വാര്‍ത്തയാണ് പുറത്തുവന്നത്. സിദ്ധിഖും, ലാലും സംവിധായകര്‍ എന്ന നിലയില്‍ വേര്‍പിരിഞ്ഞു.
സിദ്ദിഖും ലാലും വേര്‍പിരിഞ്ഞപ്പോഴും ഈ പതിവ് തുടര്‍ന്നു. ഗുരുവായ ഫാസിലാണ് ഇംഗ്ലീഷ് പേരുകള്‍ക്ക് പിന്നിലെ തലയെന്ന് സിദ്ദിഖ് പലവട്ടം പറഞ്ഞിരുന്നു. റാംജി റാവു സ്പീക്കിങ്ങിന് നൊമ്പരങ്ങളേ സുല്ല് സുല്ല് എന്നായിരുന്നു ആദ്യമിട്ട പേര്. എന്നാല്‍, പേരിനൊരു സ്റ്റൈലായിക്കോട്ടെയെന്ന് പറഞ്ഞ് ഫാസിലാണ് റാംജി റാവ് സ്പീക്കിങ് എന്ന പേരിട്ടത്.
മറ്റൊരു ഹിറ്റായ ഇന്‍ഹരിഹര്‍ നഗര്‍ എന്ന സിനിമക്ക് മാരത്തോണ്‍ എന്നാണ് ആദ്യം കണ്ട പേര്. ഇതും ഫാസില്‍ മാറ്റി ഇന്‍ ഹരിഹര്‍ നഗര്‍ എന്നാക്കി. ഈ രണ്ടു ചിത്രങ്ങളോടെ തിരിഞ്ഞുനോക്കേണ്ടി വരാത്തതിനാല്‍ പിന്നീട് വന്ന ചിത്രങ്ങള്‍ക്കും ഇംഗ്ലീഷ് പേരു മതിയെന്ന് തീരുമാനിച്ചു. വളരെ ഗൗരവമാണെന്ന് പേരു കേട്ടാല്‍ തോന്നുമെങ്കിലും ഹാസ്യം കൊണ്ട് അര്മാദിച്ച ചിത്രങ്ങളായിരുന്നു ഇതെന്നതും രസകരം.
തന്റെ ഹിറ്റ് ചിത്രങ്ങളൊന്നും മലയാളത്തില്‍ ഒതുക്കിയിരിന്നില്ല സിദ്ദിഖ്, തെന്നിന്ത്യയിലും ബോളീവുഡിലും പുനരാവിഷ്കരിച്ചു. മറുനാട്ടിലെ താരങ്ങള്‍ സിദ്ദിഖിന്റെ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അഭിനയിച്ചു. സല്‍മാൻഖാനും കരീനാകപൂറും വിജയും സൂര്യയുമെല്ലാം സിദ്ദിഖ് സിനിമകളുടെ ഭാഗമായി.
ജയറാമും മുകേഷു ശ്രീനിവാസനും ജഗതിയുമെല്ലാം നിറഞ്ഞാടിയ സിദ്ദിഖിന്റെ ഹിറ്റ് ചിത്രമാണ് ഫ്രണ്ട്സ്. സിനിമ തമിഴിലെത്തിയപ്പോള്‍ താരങ്ങള്‍ മാറി. വിജയും സൂര്യയും വടിവേലുവും വെള്ളിത്തിരയില്‍ ഹിറ്റ് തീര്‍ത്തു. പക്ഷേ സംവിധായകന് മാത്രം മാറ്റമുണ്ടായില്ല ഒരേയൊരു സിദ്ദിഖ്. 2003 ലാണ് സിദ്ദിഖ്, മമ്മൂട്ടിയെ ഫ്രെയിമിലാക്കിയ ക്രോണിക് ബാച്ചിലര്‍ പുറത്തിറങ്ങിയത്. തൊട്ടടുത്ത വര്‍ഷം തമിഴിലെത്തിയപ്പോള്‍ ചിത്രം എങ്ക അണ്ണയായി, വിജയ് കാന്തും പ്രഭൂദേവയയും ഫ്രെയിമിലെത്തി. ‘ഫുക്രി’, ‘ബിഗ് ബ്രദര്‍’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ സിദ്ദിഖ് നടനായും എത്തിയിട്ടുണ്ട്.
ഒരിടവേളയ്ക്ക് ശേഷം സിദ്ദിഖിന്റെ ശക്തമായ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ചത് 2011ലായിരുന്നു. സൂപ്പര്‍ ഹിറ്റായ ബോര്‍ഡി ഗാര്‍ഡ് തമിഴില്‍ കാവലനായി, വിജയും അസിനും തമിഴില്‍ തകര്‍ത്താടി. തമിഴില്‍ ഒതുങ്ങിയില്ല സിദ്ദിഖിന്റെ ഹിറ്റ് തരങ്കം. സിദ്ദിഖിന്റെ സംവിധാനത്തില്‍ ബോഡിഗാര്‍ഡ് ബോളീവുഡിലുമെത്തി. വെറുമൊരു മൊഴിമാറ്റത്തിനും ചുണ്ടനക്കങ്ങള്‍ക്കുമപ്പുറം താരങ്ങളെ തന്നെ തേടിപ്പിടിച്ച് പാട്ടുകളും ഹിറ്റിന് വേണ്ട ചേരുവകളെല്ലാം കൂട്ടിച്ചേര്‍ത്തുമായിരുന്ന സിദ്ദിഖിന്റെ പരീക്ഷണങ്ങള്‍.
സിദ്ദിഖ് നിരവധിടെലിവിഷൻ ഷോകളുടെ ഭാഗമായും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ‘മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡി’ന്റെ ജഡ്ജ് ആയിരുന്നു. കോമഡി സ്റ്റാര്‍ സീസണ് 2 ഷോയിലും ജഡ്ജായെത്തി. സിനിമാ ചിരിമ എന്ന ടെലിവിഷൻ ഷോയുടെ അവതാരകനായിരുന്നു. മലയാളത്തിന്റെ പുതു മിമിക്രി സിനിമാ താരങ്ങള്‍ക്ക് സിദ്ദിഖ് എന്നും പ്രോത്സാഹനവുമായി എത്താറുണ്ട്.
റാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല, ഹിറ്റ്ലര്‍, ഫ്രണ്ട്സ്, ക്രോണിക് ബാച്ച്ലര്, ബോഡി ഗാര്‍ഡ്, കാവലൻ, ലേഡീസ് ആൻഡ് ജെന്റില്‍മെൻ, ഭാസ്കര്‍ ദ് റാസ്കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍. നിരവധി ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കുകയും ചെയ്തു. ഇതിനിടെ പല സിനിമകളിലും അഭിനേതാവിന്റെ കുപ്പായവും സിദ്ദീഖ് അണിഞ്ഞു. വിവിധ ടിവി പരിപാടികളുടെ അവതാരകനുമായിരുന്നു. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]