കൽപറ്റ ∙ ഉരുൾപൊട്ടലിൽ 37 പേർക്കു ഗുരുതര പരുക്കു പറ്റിയെന്നും സംസ്ഥാന ദുരന്തപ്രതികരണനിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയിൽനിന്ന് 18.86 ലക്ഷം രൂപ സഹായമായി നൽകിയെന്നുമാണു കലക്ടറേറ്റിൽനിന്നുള്ള വിവരാവകാശ മറുപടി. എന്നാൽ, പരുക്കേറ്റവരുടെ എണ്ണം ഇതിലുമെത്രയോ ആണെന്നു ദുരന്തബാധിതർ സാക്ഷ്യപ്പെടുത്തുന്നു.
പലർക്കും ഒരു രൂപ പോലും ധനസഹായം കിട്ടിയില്ല. മേപ്പാടി ഒന്നാംമൈലിലെ വാടകവീട്ടിൽ താമസിക്കുന്ന സൽന എന്ന 17 വയസ്സുകാരി ഇപ്പോഴും തലയ്ക്കേറ്റ പരുക്കിന്റെ വേദനയിലാണ്.
ഇടയ്ക്കിടെ കണ്ണിൽനിന്നു കണ്ണീർ ഒലിച്ചിറങ്ങിക്കൊണ്ടേയിരിക്കും. മകളുടെ കാര്യത്തിൽ ആരോഗ്യവകുപ്പിനു ഗുരുതരമായ ചികിത്സാപ്പിഴവ് ഉണ്ടായെന്നാണു പിതാവ് കിഴക്കേക്കര ബൈജുവിന്റെ ആരോപണം.
കൈപിടിച്ചുകയറ്റുമോ സർക്കാർ?
ഉരുൾജലം വീടു തകർത്തപ്പോൾ ടിവി മൊഡ്യൂൾ തലയിൽ വീണാണു സൽനയ്ക്കു പരുക്കേറ്റത്.
എനിക്കും ഭാര്യ സുചിത്രയ്ക്കും പരുക്കുണ്ടായിരുന്നു. ഞങ്ങളെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മേപ്പാടി പിഎച്ച്സിയിലേക്കുമാണു രക്ഷാപ്രവർത്തകർ എത്തിച്ചത്.
ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാലാവും മകളുടെ തലയിൽ സിടി സ്കാൻ ചെയ്യാതെ തന്നെ 8 തുന്നിക്കെട്ടിട്ടു. ഒരു വർഷം കഴിഞ്ഞിട്ടും സൽനയുടെ വേദനയും അസ്വസ്ഥതയും മാറിയിട്ടില്ല.
ഇപ്പോൾ ഇടയ്ക്കിടെ കണ്ണിൽനിന്നു വെള്ളം വന്നുകൊണ്ടേയിരിക്കും–ബൈജു പറയുന്നു.
ഇരുകാലുകൾക്കും പരുക്കേറ്റ ബൈജുവിനു പുറത്തിറങ്ങാൻ കഴിയാത്തതിനാൽ സഹായത്തിനായി ആരെയും സമീപിക്കാനായില്ല. സർക്കാരിൽനിന്നു തുടർചികിത്സാ സഹായം കിട്ടിയില്ലെന്നും ബൈജു പറഞ്ഞു. മൂക്കിലും വായിലും മണ്ണ് അടിഞ്ഞതിന്റെ ഫലമായി ബൈജുവിനെ ശ്വാസംമുട്ട് വിടാതെ പിന്തുടരുകയാണ്.
കാലിൽ കമ്പി കയറി ഗുരുതര പരുക്കേറ്റു ചികിത്സയിലായിരുന്ന സുചിത്രയ്ക്കും ഇപ്പോഴും അവശതകളേറെ. സർക്കാരിൽനിന്ന് ഉപജീവനസഹായവും വാടകയും ലഭിക്കുന്നുണ്ടെന്നതാണു കുടുംബത്തിന്റെ ആശ്വാസം.
ആശ്രയമാകണം എല്ലാവർക്കും
മണ്ണും കല്ലും മലവെള്ളവുമെല്ലാംകൂടി വലിയൊരു ചാലിലേക്കു തള്ളിയിട്ടതാണു മുണ്ടക്കൈ സ്വദേശി മിൻഹത്തിനെ.
ആരൊക്കെയോ വലിച്ചുകയറ്റിയതുകൊണ്ടു ജീവൻ രക്ഷപ്പെട്ടു. 15 ദിവസം മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലായി.
ചെലവുകളെല്ലാം സർക്കാർ വഹിച്ചു. പിന്നീട് വാടകവീട്ടിലേക്കു മാറിയശേഷം തുടർചികിത്സാ സഹായം കിട്ടിയില്ലെന്നു മിൻഹത്തിന്റെ ഭർത്താവ് നസീർ പറയുന്നു.
മാസത്തിലൊരിക്കൽ ആംബുലൻസ് വിളിച്ച് മേപ്പാടിക്കു പോകണം. ഡോക്ടറുടെ ഫീസ്, എക്സ്റേ, എംആർഐ, സ്കാനിങ്, മരുന്നുകൾ എന്നിവയ്ക്കായി നല്ലൊരു തുക ചെലവഴിക്കണം.
സർക്കാരിൽനിന്നുള്ള ഉപജീവനസഹായം മാത്രമാണ് ആശ്രയം. ടൗൺഷിപ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
തുടർചികിത്സാ സഹായം കൂടി മുടക്കമില്ലാതെ കിട്ടിയിരുന്നെങ്കിൽ ആശ്വാസമായേനെ– മിൻഹത്ത് പറഞ്ഞു.
പാടേ തകർന്ന ജീവിതങ്ങൾ
ദുരന്തത്തിനു നേരിട്ട് ഇരയായവർ മാത്രമല്ല, ചെറുകിട വ്യാപാരം ഉൾപ്പെടെ ഉപജീവനമാർഗം നഷ്ടപ്പെട്ടവരും ദുരന്തഭൂമിയിലുണ്ട്.
ചൂരൽമല ടൗണിലെ ഒട്ടേറെ കടകളും സ്ഥാപനങ്ങളും തകർന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിജില്ലാ കമ്മിറ്റിയുടെ കണക്കനുസരിച്ച്, ചൂരൽമലയിലും മുണ്ടക്കൈയിലുമായി 78 വ്യാപാര സ്ഥാപനങ്ങളാണ് ഉരുൾപൊട്ടലിൽ തകർന്നത്.
നഷ്ടം 25 കോടി രൂപയോളം വരുമെന്ന് അവർ കണക്കാക്കുന്നു. കടകളിലുണ്ടായിരുന്ന സാധനങ്ങളും ചരക്കുകളും പൂർണമായും നശിച്ചു.
പല വ്യാപാരികളുടെയും ജീവിതകാല സമ്പാദ്യം ഒറ്റരാത്രികൊണ്ട് ഇല്ലാതായി. ദുരന്തബാധിതർക്ക് സർക്കാർ സഹായങ്ങൾ പ്രഖ്യാപിച്ചെങ്കിലും വ്യാപാര സ്ഥാപനങ്ങൾക്ക് നേരിട്ട
നഷ്ടത്തിന് മതിയായ നഷ്ടപരിഹാരമോ പുനർനിർമാണ സഹായമോ ലഭിക്കാത്തത് പല വ്യാപാരികളെയും കൂടുതൽ ദുരിതത്തിലാക്കി. നഷ്ടക്കണക്ക് ബാധ്യതകളുടേതും
ഉരുൾദുരന്തത്തിൽ 1555 വീടുകൾ പൂർണമായും വാസയോഗ്യമല്ലാതായി.
750 കർഷകരുടെ 310 ഹെക്ടറിലെ കൃഷി നശിച്ചു. 3 പാലങ്ങൾ തകർന്നു.
തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 136 കെട്ടിടങ്ങൾ, 209 കടകൾ, മറ്റ് 100 കെട്ടിടങ്ങൾ, 2 സ്കൂളുകൾ, 1.5 കിലോമീറ്റർ റോഡ്, 124 കിലോമീറ്റർ വൈദ്യുത ലൈനുകൾ എന്നിവയും നശിച്ചു. ദുരന്തം നേരിട്ടു ബാധിച്ച, മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലായി 12 ബാങ്കുകളാണ് വായ്പ നൽകിയത്.
വായ്പ എടുത്തവരുടെ എണ്ണം 3220 ആണ്. 35.32 കോടിയാണ് ആകെ വായ്പ.
കൃഷി വായ്പയായി 19.81 കോടി എടുത്തത് 2460 പേരാണ്. ചെറുകിട
സംരംഭകർ 3.4 കോടി രൂപയും വായ്പയെടുത്തിട്ടുണ്ട്.
എഴുതിത്തള്ളാത്ത കടക്കെണിക്കുരുക്ക്
ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയമാണുള്ളത്. മൊറട്ടോറിയം കാലാവധി തീരാൻ ഇനി അധികം നാളുകളില്ല.
സ്ഥിരജോലിയോ വരുമാനമോ ഇല്ലാതായവർ വായ്പത്തിരിച്ചടവ് എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ്. മൊറട്ടോറിയം കാലാവധി കഴിയുമ്പോഴേക്ക് വായ്പകൾ പുനഃക്രമീകരിക്കാനും തിരിച്ചടവ് കാലാവധി നീട്ടാനും തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണു ദുരന്തബാധിതർ.
ദേശീയദുരന്തനിവാരണ നിയമത്തിലെ 13 ാം വകുപ്പ് അനുസരിച്ച് വായ്പ എഴുതിത്തള്ളാൻ ഉത്തരവിടാൻ കേന്ദ്രസർക്കാരിനു കഴിയുമായിരുന്നിട്ടും ചെയ്തില്ലെന്നു മാത്രമല്ല, 13ാം വകുപ്പ് തന്നെ എടുത്തുകളയുകയും െചയ്തു. ഇതിനിടയിൽ, കേരള ബാങ്ക് ചൂരൽമല ശാഖയിലെ ദുരിതബാധിതരുടെയും മരിച്ചവരുടെയും മുഴുവൻ വായ്പകളും എഴുതിത്തള്ളാൻ തീരുമാനിച്ചിരുന്നു.
ചികിത്സാ സഹായം നേരിട്ടു നൽകും
ഉരുൾപൊട്ടൽ ബാധിതരിൽ ചികിത്സാ സഹായം നേരിട്ടു നൽകാൻ സർക്കാർ തീരുമാനമായി.
സ്വകാര്യ ആശുപത്രികളിൽ തുടർചികിത്സ നടത്തുന്നവർക്ക് ബിൽ ഹാജരാക്കുന്ന മുറയ്ക്ക് പണം അനുവദിക്കാനാണു തീരുമാനം. നിലവിൽ 8 പേർക്ക് 2.5 ലക്ഷം രൂപ നൽകി.
ഉരുൾപൊട്ടലിൽ പരുക്കേറ്റ് ഒരാഴ്ച ചികിത്സയിൽ കഴിഞ്ഞവർക്ക് 55,400 രൂപ വീതവും ഒരാഴ്ചയിൽ കൂടുതൽ കിടന്നവർക്ക് 66000 രൂപ വീതവും നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

