
വരാപ്പുഴ∙ കടമക്കുടി ദ്വീപ് സമൂഹത്തിൽ ഇനിയാരും കുടുങ്ങില്ല; കടമക്കുടി ദ്വീപുകളിലേക്കെത്തുന്ന വിനോദസഞ്ചാരികൾക്കും ഇതരയാത്രികർക്കും വിശാലമായ യാത്രാസൗകര്യമൊരുക്കി വാട്ടർ മെട്രോ വരുന്നു. വാട്ടർ മെട്രോയുടെ കടമക്കുടി, പാലിയംതുരുത്ത് മെട്രോ ടെർമിനലുകളുടെ നിർമാണ പ്രവർത്തനം അന്തിമഘട്ടത്തിലാണ്.
ഡിസംബറോടെ ടെർമിനലുകളുടെ പ്രവർത്തനസജ്ജമാക്കാനാണു പദ്ധതി.
റോഡും പാലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വന്നതോടെ കടമക്കുടിയിലേക്ക് എത്താൻ നിലവിൽ തടസ്സങ്ങൾ കുറവാണ്. വാട്ടർ മെട്രോ എത്തുന്നതോടെ നിലവിലുള്ള പോരായ്മകൾക്കും പരിഹാരമാകും.
ആനന്ദ് മഹീന്ദ്ര അടക്കമുള്ള വ്യവസായ പ്രമുഖർ പോലും കാണാൻ ആഗ്രഹിക്കുന്ന സ്ഥലമായി കടമക്കുടി ഇതിനകം മാറി. യാത്രാസൗകര്യങ്ങൾ വർധിക്കുന്നതോടെ കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്നാണു പ്രതീക്ഷ.
കൊച്ചി നഗരത്തിൽ നിന്ന് 8 കിലോമീറ്റർ മാത്രം അകലെയാണ് കടമക്കുടി.
വലിയ കടമക്കുടി, മുരിക്കൽ, പാളയം തുരുത്ത്, പിഴല, ചെറിയ കടമക്കുടി, മൂലമ്പിള്ളി, പുതുശ്ശേരി, ചരിയംതുരുത്ത്, ചേന്നൂർ, കോതാട് തുടങ്ങിയ ദ്വീപുകളുടെ സമൂഹമാണ് കടമക്കുടി പഞ്ചായത്ത്. വാട്ടർ മെട്രോയ്ക്കു മുളവുകാട് പഞ്ചായത്ത്, പൊന്നാരിമംഗലം, ചേന്നൂർ, കോതാട്, പിഴല, തുണ്ടത്തുംകടവ്, ചരിയംതുരുത്ത്, എളങ്കുന്നപ്പുഴ, മൂലമ്പിള്ളി ടെർമിനലുകൾക്ക് സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയാക്കി. ടെൻഡർ നടപടികൾ സ്വീകരിച്ചു വരികയാണ്.
വൈപ്പിൻ, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് ടെർമിനലുകളിലായി 19 ബോട്ടുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഏറ്റവും കൂടുതൽ യാത്രക്കാർ ഹൈക്കോർട്ട്- ഫോർട്ട്കൊച്ചി റൂട്ടിലാണ്.
കായൽ വിഭവങ്ങൾ, കായൽക്കാഴ്ചകൾ
കടമക്കുടിയുടെ കായൽഭംഗി ആസ്വദിക്കാം.
ഞണ്ടും ചെമ്മീനും താറാവും കായൽ മത്സ്യങ്ങളും ഉൾപ്പെടെ കായൽ വിഭവങ്ങൾ രുചിക്കാം. പക്ഷി നിരീക്ഷണത്തിനും സായാഹ്ന സവാരിക്കുമെത്തുന്ന വിനോദസഞ്ചാരികൾക്കു വാട്ടർ മെട്രോയിലൂടെ കാഴ്ചകൾ ആസ്വദിച്ചു കടമക്കുടിയിലെത്താം.
നിലവിൽ വൈപ്പിൻ, ബോൾഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വൈപ്പിൻ നിയോജക മണ്ഡലത്തിൽ 14 ടെർമിനലുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]