
കൊടുവള്ളി∙ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കൊടുവള്ളി നഗരസഭയിൽ പുറത്തിറക്കിയ കരട് വോട്ടർ പട്ടികയ്ക്കെതിരെ നഗരസഭ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസ് ഉപരോധിച്ചു. യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ രാവിലെ പത്തോടെ പ്രകടനമായെത്തിയ പ്രവർത്തകർ ഓഫിസ് ഉപരോധിക്കുകയായിരുന്നു.
വാർഡ് പുനർവിഭജന സമയത്തു തന്നെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.
ശരാശരി ഒരു ഡിവിഷനിൽ ഉണ്ടായിരിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണം പാലിക്കാതെയും ഡിവിഷനുകൾക്കു കൃത്യമായ അതിർത്തികൾ ഇല്ലാത്തതും ഉൾപ്പെടെയുള്ള പരാതികളിൽ ഇപ്പോൾ ഹൈക്കോടതിയിൽ കേസ് നടന്നു വരികയാണ്.
ഇതിനിടെയാണു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന് ആരോപണമുയർന്നത്.
ഉപരോധത്തിന് മണ്ഡലം യുഡിഎഫ് കൺവീനർ കെ.കെ.എ.കാദർ, ഡിസിസി സെക്രട്ടറി വിനോദ് പടനിലം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.പി.മജീദ്, വി.കെ.അബ്ദു ഹാജി, സി.പി.റസാഖ്, അലി മാനിപുരം, സി.കെ.ജലീൽ, കെ.പി.അശോകൻ, വി.സി.നൂർജഹാൻ, ടി.മൊയ്തീൻ കോയ, എം.നസീഫ്, കെ.ശിവദാസൻ, ടി.കെ.പി.അബൂബക്കർ, സുലൈമാൻ പോർങ്ങോട്ടൂർ, ടി.പി.നാസർ, ഒ.പി.മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.
ഉപരോധം ഒരു മണിക്കൂറോളം നീണ്ടതിനെ തുടർന്നു കൊടുവള്ളി, തിരുവമ്പാടി, കാക്കൂർ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. തുടർന്നു കൊടുവള്ളി ഇൻസ്പെക്ടർ യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് വൈകിട്ട് 4ന് ജോയിന്റ് ഡയറക്ടറുമായി ചർച്ച ചെയ്യാമെന്ന ധാരണയിൽ ഉപരോധം അവസാനിപ്പിച്ചു.
നഗരസഭാ ഓഫിസിലെത്തിയ കോഴിക്കോട് തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി.പ്രസാദ്, യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി. ഇന്ന് കോഴിക്കോട് കലക്ടറേറ്റിൽ കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്താനും തീരുമാനമായി.
കരട് വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് യുഡിഎഫ്
തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടികയിൽ കൊടുവള്ളി നഗരസഭയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് യുഡിഎഫ്.
നിലവിലെ വാർഡ് വിഭജന സംബന്ധമായുള്ള കേസുകൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിലനിൽക്കെയാണ് വ്യാപക ക്രമക്കേടുള്ള പട്ടിക പ്രസിദ്ധീകരിച്ചതെന്നും, വാർഡുകളിൽ നിന്നും സ്വന്തക്കാരെയും പാർട്ടി വോട്ടർമാരെയും മാറ്റി അതിർത്തിയും മാനദണ്ഡങ്ങളും ലംഘിച്ചാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
ചില വാർഡുകളിൽ എഴുനൂറും മറ്റു ചിലതിൽ ആയിരത്തി അഞ്ഞൂറും വോട്ടുകൾ ഉൾപ്പെടുത്തി അശാസ്ത്രീയമായി പ്രസിദ്ധീകരിച്ച പട്ടിക അംഗീകരിക്കാനാകില്ല. ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മണ്ഡലം യുഡിഎഫ് കൺവീനർ കെ.കെ.എ.കാദർ, മുനിസിപ്പൽ യുഡിഎഫ് ചെയർമാൻ വി.കെ.അബ്ദു ഹാജി, കൺവീനർ സി.പി.റസാഖ് എന്നിവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]