
ഹരിപ്പാട് ∙ ശക്തമായ മഴയും നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തതോടെ രണ്ടു മാസത്തിനിടെ നാലാമത്തെ വെള്ളപ്പൊക്ക ഭീഷണിയിലാണ് അപ്പർ കുട്ടനാട്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
പള്ളിപ്പാട്, വീയപുരം, ചെറുതന പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നത്. ഗ്രാമീണ റോഡുകൾ വെള്ളത്തിനടിയിലായി.
ചെറുതന പൂപ്പള്ളിപ്പടി– ചില്ലാക്കേരി റോഡിലും, കാഞ്ഞിരം തുരുത്ത്–പുത്തൻതുരുത്ത് റോഡിലും വെള്ളം കയറി.
ചെങ്ങാരപ്പള്ളി ചിറയിലെ 60 വീടുകളിൽ ഏതുനിമിഷവും വെള്ളം കയറുന്ന സ്ഥിതിയിലാണ്.
പള്ളിപ്പാട് നാലുകെട്ടുംകവല, അംബി കോളനി, പുതുക്കാട് കോളനി എന്നിവിടങ്ങളിലെ വീടുകൾക്കു സമീപവും വെള്ളമെത്തി. അച്ചൻകോവിൽ, പമ്പ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്.
ക്ഷീരകർഷകർ പ്രതിസന്ധിയിൽ
ഹരിപ്പാട് ∙ മഴയും അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും ക്ഷീര കർഷകരെ പ്രതിസന്ധിയിലാകുന്നു. നിരന്തരമായ വെള്ളപ്പൊക്കം മൂലം പുല്ലിന്റെ ലഭ്യത ഇല്ലാതാകുകയാണ്.
കാലിത്തീറ്റയുടെ വില വർധനയും പുല്ലിന്റെ ലഭ്യതക്കുറവും മൂലം ക്ഷീരോൽപാദനം ഗണ്യമായി കുറഞ്ഞു. യന്ത്രം ഉപയോഗിച്ച് വിളവ് എടുക്കുന്നതിനാൽ ഒരു സീസണിലേക്കു ആവശ്യമായ വൈക്കോൽ സംഭരിക്കാൻ കർഷകർക്ക് കഴിയുന്നില്ല.
കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി വെള്ളപ്പൊക്കത്തിൽ നിന്നു ക്ഷീര മൃഗങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ്.
മഴക്കാലമാകുന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കാലിത്തൊഴുത്തു മുങ്ങുന്നത് പതിവാണ്. ദുരിതബാധിതരായ ജനങ്ങളെ റവന്യു വകുപ്പ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുമെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാൻ സംവിധാനമില്ല. അപ്പർ കുട്ടനാട് മേഖലയിൽ മൃഗസംരക്ഷണത്തിന് ഹൈടെക് ഷെഡുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന് ഒരു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.
വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന പള്ളിപ്പാട്, വീയപുരം, ചെറുതന, കരുവാറ്റ പഞ്ചായത്തുകളിൽ ഇത് പ്രാവർത്തികമാക്കിയാൽ ഒരു പരിധി വരെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് ക്ഷീര കർഷകർ പറയുന്നത്. പരമ്പരാഗത കർഷകർ കുറയുന്നതും പുതു തലമുറ ഈ രംഗത്തേക്ക് വരാത്തതും ക്ഷീരമേഖലയുടെ തകർച്ചയ്ക്ക് കാരണമാകുന്നുണ്ട്. ക്ഷീരകർഷകരുടെ സംരക്ഷണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]