
മുതുകുളം ∙ കാർത്തികപ്പള്ളി ഗവ. യുപി സ്കൂൾ കെട്ടിടം തകർന്നു വീണത് അവധി ദിനത്തിലായതിനാൽ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് രക്ഷിതാക്കളും നാട്ടുകാരും.
എന്നാൽ അധികൃതരുടേത് കടുത്ത വീഴ്ചയാണെന്നും അതു മറയ്ക്കാൻ അപകടത്തിനു ശേഷവും ശ്രമിച്ചെന്നും ആരോപണം ഉയർന്നതോടെ വിവാദവും പ്രതിഷേധങ്ങളും ശക്തമായി.6 കെട്ടിടങ്ങളാണ് സ്കൂളിലുള്ളത്. തകർന്നുവീണ കെട്ടിടത്തിന് 150 വർഷത്തോളം പഴക്കമുണ്ട്.
ഈ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഫിറ്റ്നസ് ലഭിക്കാത്തതിനാൽ ഈ കെട്ടിടത്തിലുണ്ടായിരുന്ന ക്ലാസുകൾ താൽക്കാലിക ഷെഡിലേക്കു മാറ്റിയിരുന്നുവെന്നു സ്കൂൾ അധികൃതർ പറയുന്നു.
എന്നാൽ ഇതു ശരിയല്ലെന്നാണ് ചില രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്.കഴിഞ്ഞ വ്യാഴാഴ്ച വരെ പഴയ സ്കൂൾ കെട്ടിടത്തിലാണ് ക്ലാസ് നടന്നതെന്ന് നാലാം ക്ലാസിലെ വിദ്യാർഥികൾ പറഞ്ഞു.
പഴയ സ്കൂൾ കെട്ടിടത്തിലാണ് കഴിഞ്ഞ ആഴ്ച വരെ ക്ലാസ് നടന്നതെന്ന് രക്ഷിതാക്കളിൽ ചിലരും ചൂണ്ടിക്കാട്ടി. മേൽക്കൂര തകർന്ന കെട്ടിടത്തിന് മുന്നിലെ ഭിത്തിയിൽ പതിനഞ്ചാം തീയതി കുട്ടികൾക്ക് നൽകിയ ആഹാരത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയത് കാണാമായിരുന്നു.
സമീപത്തെ ക്ലാസ് മുറിയിലെ അലമാരയിൽ കുട്ടികളുടെ ബുക്കുകളും പോസ്റ്ററുകളും മറ്റും വച്ചതും കാണാം.
പഴയ കെട്ടിടത്തിൽ തന്നെയാണ് ക്ലാസ് പ്രവർത്തിച്ചത് എന്നതിന്റെ തെളിവാണ് ഇതെന്ന് നാട്ടുകാരിൽ ചിലർ ചൂണ്ടിക്കാട്ടി. കെട്ടിടം തകർന്നതിനു പിന്നാലെ തിരക്കിട്ട് ക്ലാസ് മുറികളിൽനിന്നു ബെഞ്ചുകളും ഡെസ്കുകളും മാറ്റിയതായും സ്ഥലത്തെത്തിയവർ പറഞ്ഞു. സംഭവത്തിൽ കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഡിഡിഇയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം ഇന്ന് സ്കൂൾ സന്ദർശിക്കും.
സ്കൂൾ പരിസരത്ത് പ്രതിഷേധം സംഘർഷം
∙ കെട്ടിടം തകർന്നതിനു പിന്നാലെ സ്കൂൾ അങ്കണത്തിൽ ബിജെപി പ്രവർത്തകർ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനുശേഷം കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യം വിളി ആരംഭിച്ചു.
ഇതിനിടയിൽ കോൺഗ്രസ് പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിയുടെ ഫോട്ടോ ഉയർത്തി കാട്ടിയതോടെ സിപിഎം പ്രവർത്തകർ സർക്കാരിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും കോൺഗ്രസ് പ്രവർത്തകരുമായി വാക്ക്തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സ്കൂളിന്റെ അറ്റകുറ്റപ്പണികൾക്ക് മതിയായ പണം അനുവദിക്കാതിരുന്ന സംസ്ഥാന സർക്കാർ നടപടികളിൽ പ്രതിഷേധിച്ചും പഞ്ചായത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്ത സ്കൂൾ കെട്ടിടത്തിൽ ക്ലാസ് നടത്തിയ അധികാരികളുടെ നടപടികളിൽ പ്രതിഷേധിച്ചും കോൺഗ്രസ് പ്രവർത്തകർ കാർത്തികപ്പള്ളി ജംക്ഷനിലേക്ക് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
ഡിസിസി വൈസ് പ്രസിഡന്റ് ജോൺ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി വി.ഷുക്കൂർ അധ്യക്ഷത വഹിച്ചു.ഇന്ന് ചിങ്ങോലി പഞ്ചായത്തിലേക്ക് മാർച്ച് നടത്തുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.
സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കളും അറിയിച്ചു.
കുട്ടികളുടെ ജീവൻ പന്താടാൻ അനുവദിക്കില്ല: കെ.സി
ആലപ്പുഴ ∙ കാർത്തികപ്പളളി ഗവ.യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുട്ടികളുടെ ജീവൻ പന്താടാൻ സർക്കാരിനെ അനുവദിക്കില്ലെന്നും കെ.സി.വേണുഗോപാൽ എംപി. തകർന്നു വീണത് ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടമാണ്.
കെട്ടിടം എങ്ങനെ പ്രവർത്തിച്ചു എന്നതിൽ വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാറാകണം. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഴുവൻ സ്കൂളുകളുടെയും സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്നും സുരക്ഷാ ഭീഷണിയുള്ള കെട്ടിടങ്ങളുടെ അനുമതി റദ്ദാക്കണമെന്നും കെ.സി ആവശ്യപ്പെട്ടു.
പുതിയ കെട്ടിടം സജ്ജമാക്കണം: രമേശ് ചെന്നിത്തല
മുതുകുളം∙ സ്കൂളിലെ വൈദ്യുതീകരണം നടക്കാത്ത പുതിയ കെട്ടിടത്തിൽ പഠനമുറികൾ സജ്ജീകരിക്കുന്നതിനു താൽക്കാലിക സംവിധാനം എത്രയും വേഗം ഒരുക്കണമെന്ന് രമേശ് ചെന്നിത്തല എംഎൽഎ കലക്ടറോട് ആവശ്യപ്പെട്ടു.
ഇന്ന് മുതൽ പുതിയ കെട്ടിടത്തിൽ കുട്ടികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ സജ്ജീകരണം ഒരുക്കുമെന്നും, താൽക്കാലികമായി വൈദ്യുതി ഉപയോഗിക്കുന്നതിന് സംവിധാനം ഒരുക്കുമെന്നും കലക്ടർ ഉറപ്പുനൽകി. അപകടകരമായ കെട്ടിടത്തിന് മുൻഭാഗം ബാരിക്കേഡ് കെട്ടിത്തിരിച്ചു സുരക്ഷ ഉറപ്പാക്കുന്നതിനും തീരുമാനമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]