
അയ്യന്തോൾ ∙ ലാലൂർ സ്വദേശിയായ യുവാവിന്റെ അപകടമരണത്തിനു കാരണം റോഡിലെ കുഴിയാണെന്ന് ആരോപിച്ച് കോൺഗ്രസ്–ബിജെപി കൗൺസിലർമാരും ആം ആദ്മി പ്രവർത്തകരും പ്രതിഷേധിച്ചു. അപകടമുണ്ടായ അയ്യന്തോൾ മാർക്കറ്റിനു സമീപത്തെ കുഴിയിൽ പ്രതീകാത്മകമായി വാഴ നട്ടും കൊടികൾ സ്ഥാപിച്ചും പ്രതിഷേധിച്ച കോൺഗ്രസ്–ബിജെപി കൗൺസിലർമാരും പ്രവർത്തകരും ഏറെ നേരം വഴിയിൽ കിടന്ന് റോഡ് ഉപരോധിക്കുകയും ചെയ്തു.
കനത്ത മഴ അവഗണിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
അപകടമുണ്ടായതിനു പിന്നാലെ റോഡ് ഉപരോധം കൂടിയായതോടെ മൂന്നു മണിക്കൂറോളം അയ്യന്തോൾ–പുഴയ്ക്കൽ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.ഇതോടെ കലക്ടറേറ്റിനു സമീപത്തും പുഴയ്ക്കലും പൊലീസ് വാഹനഗതാഗതം വഴിതിരിച്ചു വിട്ടു. പതിനൊന്നരയോടെ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പിന്നാലെ 11.45നാണ് വാഹനങ്ങൾ കടത്തിവിട്ടത്. കുഴിയിൽ വീഴാതിരിക്കാൻ ശ്രമിച്ചപ്പോഴാണ് ബൈക്ക് ബസിനടിയിൽപെട്ടതെന്നു കൗൺസിലർമാരും പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു.പൊതുമരാമത്ത് വകുപ്പും തൃശൂർ കോർപറേഷനും മനുഷ്യ ജീവൻ വിധിക്കു വിട്ടുകൊടുക്കുന്നുവെന്നാരോപിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം.
കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലന്റെ നേതൃത്വത്തിൽ കൗൺസിലർമാരും പ്രവർത്തകരും റോഡിലിരുന്നു മുദ്രാവാക്യം വിളിച്ചു . കൗൺസിലർമാരായ മേഫി ഡെൽസൺ, സുനിതാ വിനു, ലാലി ജയിംസ്, കെ.സുരേഷ്, പ്രവർത്തകരായ എ.
പ്രസാദ്, കെ.സുമേഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് അറസ്റ്റ് ചെയ്തു നീക്കി ഇവരെ വെസ്റ്റ് സ്റ്റേഷനിലെത്തിച്ച ശേഷം കേസെടുക്കുകയും പിന്നീടു ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു.
∙ ബിജെപി നടത്തിയ റോഡ് ഉപരോധത്തിൽ കൗൺസിലർമാരായ എൻ.പ്രസാദ്, വി.ആതിര, മേഖലാ പ്രസിഡന്റ് എ.നാഗേഷ്, വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി.മേനോൻ, ജില്ലാ മീഡിയ കൺവീനർ ദിനേഷ്കുമാർ കരിപ്പേരിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മുരളിനാഥ്, കൃഷ്ണ മോഹൻ, മണ്ഡലം സെക്രട്ടറിമാരായ രതീഷ് കടവിൽ, ഭാഗ്യരതി ചന്ദ്രൻ, ഏരിയ പ്രസിഡന്റ് രതീഷ് ചന്ദ്രൻ, ജനറൽ സെക്രട്ടറി സൗമ്യ അനീഷ്, ദീപ ചന്ദ്രൻ, ശ്രീജി വി.മോഹൻ, ഉഷ മരുതിയൂർ, സുഭാഷ്, ബാലചന്ദ്രൻ കുന്നമ്പത്ത്, സുജിത് കുമാർ എന്നിവർ നേതൃത്വം നൽകി.
∙ റോഡിലെ അപകടാവസ്ഥയെക്കുറിച്ച് ആം ആദ്മി പാർട്ടി പൊതു മരാമത്ത് വകുപ്പ് അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നെന്നും കുഴി അടയ്ക്കാതിരുന്നത് വകുപ്പിന്റെ അനാസ്ഥയാണെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ബിന്നി പൊന്തേക്കൻ, തൃശൂർ മണ്ഡലം പ്രസിഡന്റ് ആന്റണി തട്ടിൽ, സെക്രട്ടറി ആനന്ദ്, ഒല്ലൂർ മണ്ഡലം പ്രസിഡന്റ് ജോൺസൺ ഐനിക്കൽ എന്നിവർ സ്ഥലത്തെത്തി പ്രതിഷേധിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]