
അയ്യന്തോൾ ∙ വീടിനു തൊട്ടടുത്തുണ്ടായ അപകടത്തിൽ യുവാവിന്റെ ജീവൻ പൊലിഞ്ഞതിന്റെ ഞെട്ടലിലാണു അയ്യന്തോൾ മാർക്കറ്റ് ജംക്ഷനിലെ പുളിക്കൻ കുടുംബാംഗങ്ങൾ. ഗൃഹനാഥൻ ചാക്കോയും ഭാര്യ ബാജിയും മകൾ ഹിമയും മക്കളും അപകട
സമയത്ത് വീട്ടിലുണ്ടായിരുന്നു.തൃശൂർ കോർപറേഷന്റെ കീഴിലുള്ള അയ്യന്തോൾ മാർക്കറ്റ് കെട്ടിടത്തിന് എതിർവശത്താണ് ഇവരുടെ വീട്. രാവിലെ വലിയ ശബ്ദം കേട്ടാണ് വീടിനുള്ളിൽ നിന്ന് റോഡിലേക്കു ചാക്കോയും ഭാര്യ ബാജിയുമെത്തിയത്.
നോക്കിയപ്പോൾ നിർത്തിയിട്ടിരിക്കുന്ന സ്വകാര്യ ബസിന്റെ പിൻഭാഗത്തായി ചേതനയറ്റ് യുവാവും സമീപത്തു ബൈക്കും.
നേരിയ മഴയ്ക്കൊപ്പം റോഡിലും പരിസരത്തും രക്തം കലർന്നിരുന്നു. സമീപത്തുണ്ടായിരുന്ന കുഴിയിലെ ചെളിവെള്ളം രക്തം കലർന്നു ചുവന്നു. മരിച്ച ഏബൽ ധരിച്ചിരുന്ന ഹെൽമറ്റ് പാതി ചളുങ്ങിയ നിലയിലായിരുന്നു.
ബൈക്കും ഭാഗികമായി തകർന്നിട്ടുണ്ട്. ഇതുവഴിയെത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും പരിസരത്തുണ്ടായിരുന്ന നാട്ടുകാരും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെന്ന് ഇരുവരും പറഞ്ഞു.
പിന്നാലെ ഡിവിഷൻ കൗൺസിൽ മേഫി ഡെൽസണുമെത്തി.
മുൻഭാഗത്തേക്ക് എത്തിയ മകൾ ഹിമ അപകടക്കാഴ്ച കണ്ടതും മക്കളുമായി വീടിനുള്ളിലേക്കു കയറി.തൃശൂർ–കുറ്റിപ്പുറം സംസ്ഥാന പാതയുടെ വികസനത്തിനായി പൂങ്കുന്നം–പുഴയ്ക്കൽ ഭാഗം അടച്ചുകെട്ടിയപ്പോൾ അയ്യന്തോൾ–പുഴയ്ക്കൽ റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. ഇതോടെ വലിയ വാഹനത്തിരക്കും ഗതാഗതക്കുരുക്കുമാണ് ഈ പാതയിൽ അനുഭവപ്പെട്ടിരുന്നതെന്നു കുടുംബാംഗങ്ങൾ പറയുന്നു.
പൂങ്കുന്നം–പുഴയ്ക്കൽ ഭാഗം കഴിഞ്ഞ ദിവസം തുറന്നു നൽകിയിട്ടും ഇതുവഴിയുള്ള വാഹനത്തിരക്ക് കുറഞ്ഞിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. വലിയ തിരക്കില്ലാത്ത രാവിലെയുണ്ടായ അപകടം നാട്ടുകാരെയും ഭീതിയിലാക്കിയിട്ടുണ്ട്.താരതമ്യേന വീതി കുറഞ്ഞ റോഡിൽ സ്വകാര്യ ബസുകളടക്കം മറ്റു വാഹനങ്ങളെ മറികടക്കുന്നത് അപകടകരമായ രീതിയിലാണെന്നു നാട്ടുകാരും പറയുന്നു.
സംഭവ സ്ഥലത്തുണ്ടായിട്ടും നിസ്സഹായരായി ഡോക്ടർമാർ
അയ്യന്തോൾ ∙ അപകട
സ്ഥലത്ത് ആദ്യമെത്തിയിട്ടും ബസിനടിയിൽപ്പെട്ട യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിയാതെ നിസ്സഹായരായി ഡോക്ടർമാർ.
അയ്യന്തോൾ ജംക്ഷനിലുള്ള ഡിഎച്ച് മെഡിക്കൽ ക്ലിനിക്കിലെ ഡോ.എ.എച്ച് അൽത്താഫ് മുഹമ്മദും (ഓർത്തോ വിഭാഗം) ഭാര്യ ഡോ.ആയിഷയും (റേഡിയോളജിസ്റ്റ്) രാവിലെ കേച്ചേരിയിലെ വീട്ടിൽ നിന്നു ക്ലിനിക്കിലേക്കു വരുമ്പോഴാണ് മാർക്കറ്റിനു മുന്നിൽ അപകടമുണ്ടായത്. ഒളരി മദർ ആശുപത്രിയിലും ഇരുവരും സേവനമനുഷ്ഠിക്കുന്നുണ്ട്.
അപകടമുണ്ടായതിനു പിന്നാലെ വാഹനം നിർത്തി ഇരുവരും സ്ഥലത്തെത്തി.
ബസിനടിയിൽ വീണു കിടക്കുന്ന ഏബലിന്റെ പൾസ് പരിശോധിച്ച ഡോ.അൽത്താഫ് മുഹമ്മദ് മരണം സ്ഥിരീകരിച്ചു. പിന്നാലെ ആംബുലൻസ് വിളിക്കാനും സഹായം നൽകി.
ഇതുവഴിയെത്തിയ മറ്റൊരു വനിതാ ഡോക്ടർ കൂടി ഏബലിന്റെ കണ്ണ് പരിശോധിച്ച് മരണം സ്ഥിരീകരിച്ചതായി ഡോ.അൽത്താഫ് മനോരമയോടു പറഞ്ഞു. ‘‘ ആശുപത്രിയിലും ക്ലിനിക്കിലുമായി വാഹനാപകടത്തിൽപ്പെട്ടു വരുന്ന സംഭവങ്ങൾ കണ്ടിട്ടുണ്ട്, ചികിത്സിച്ചിട്ടുണ്ട്.
രോഗിയെ രക്ഷപ്പെടുത്താൻ അപ്പോൾ ഞങ്ങൾ തയാറായിരിക്കും. എന്നാൽ കൺമുന്നിൽ ഇത്തരമൊരു ദാരുണ സംഭവം ആദ്യമാണ്.
ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മരിച്ച യുവാവിന്റെ ബാഗ് ബസിനടിയിലുണ്ടായിരുന്നു.
റോഡ് തകർച്ച മുതൽ ഡ്രൈവിങ് സംസ്കാരം വരെ അപകടങ്ങൾക്കു കാരണമാണ്’’–ഡോക്ടർ പറഞ്ഞു. കേച്ചേരിയുടെ ജനകീയ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന വിടവാങ്ങിയ ഡോ.എം.എം.
ഹനീഫയുടെ മകനാണ് ഡോ.അൽത്താഫ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]