
തിരുവനന്തപുരം∙
സേവനങ്ങൾ നൽകുന്ന ബയോമെട്രിക് ഉപകരണങ്ങളിൽ കേന്ദ്രം നിർദേശിച്ച സ്കാനർ മാറ്റത്തിനു തയാറാകാത്തതിനാൽ സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പിനു പിഴയും മാറ്റാൻ നടപടികൾ സ്വീകരിച്ച ഐടി വകുപ്പിനു നേട്ടവും. സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിങ്ങിനാണു നേട്ടമായത്.
എന്നാൽ, പതിനാലായിരത്തോളം റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങളിൽ സ്കാനർ മാറ്റാതിരുന്നതിനാൽ പ്രതിമാസം ലക്ഷണക്കിനു രൂപ പിഴ നൽകേണ്ട ഗതികേടിലാണു ഭക്ഷ്യപൊതുവിതരണ വകുപ്പ്.
എൽ സീറോ വിഭാഗത്തിലെതു മാറ്റി എൽ വൺ വിഭാഗത്തിലെ സ്കാനറുകൾ ഘടിപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2022 ഏപ്രിലിലാണു നിർദേശിച്ചത്.
സുരക്ഷ കൂടിയതും വിവരചോർച്ച തടയുന്നതുമായ എൻക്പ്രിറ്റഡ് സംവിധാനമുള്ളതാണ് എൽ വൺ വിഭാഗം സ്കാനറുകൾ. വ്യക്തിയുടെ ആധാർ വിവരങ്ങൾ പരിശോധിച്ചു സേവനങ്ങൾ നൽകുന്ന സംസ്ഥാന സർക്കാരുകൾക്കു കീഴിലെ വിവിധ വകുപ്പുകൾക്കും സ്വകാര്യ മേഖലയിലെയും ബാങ്കുകൾ ഉൾപ്പെടെ ഉള്ള സ്ഥാപനങ്ങൾക്കുമായിരുന്നു നിർദേശം.
സംസ്ഥാനങ്ങളും മറ്റും സാവകാശം ആവശ്യപ്പെട്ടതോടെ പിന്നീടു പല തവണയായി സമയം നീട്ടി നൽകി. ഒടുവിൽ 2025 ജൂൺ 30ന് മുൻപ് നിർബന്ധമായും ഇവ മാറ്റണമെന്നും അല്ലെങ്കിൽ പിഴ ചുമത്തുമെന്നും നിർദേശം വന്നു.
ഇതോടെ ഐടി വകുപ്പിനു കീഴിൽ സംരംഭകർ നടത്തുന്ന മൂവായിരത്തോളം അക്ഷയ കേന്ദ്രങ്ങളിലെ ബയോമെട്രിക് ഉപകരണങ്ങളിലെ സ്കാനറുകൾ മുഴുവൻ ജൂൺ പകുതിയോടെ മാറ്റി.
സുരക്ഷ കൂടിയ സ്കാനറുകൾ ഘടിപ്പിപ്പിച്ചതിനാൽ, കാര്യമായ സാങ്കേതിക പ്രശ്നങ്ങളില്ലാതെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 40 ലക്ഷത്തിൽപരം പേരുടെ മസ്റ്ററിങ് അക്ഷയകേന്ദ്രങ്ങൾ വഴി ഇതുവരെ പൂർത്തിയായി. ജൂൺ 25ന് ആരംഭിച്ച മസ്റ്ററിങ് ഒരു മാസം പൂർത്തിയാകും മുൻപേയാണ് ഈ നേട്ടം.
മുൻ വർഷങ്ങളിൽ സാങ്കേതിക തകരാറും പ്രശ്നങ്ങളും കാരണം മസ്റ്ററിങ് തടസ്സപ്പെടാറുണ്ടായിരുന്നു. 60 ലക്ഷത്തിൽപരം ഗുണഭോക്താക്കൾ ഓഗസ്റ്റ് 24ന് മുൻപാണ് മസ്റ്ററിങ് പൂർത്തിയാക്കേണ്ടത്.
2024 ഡിസംബർ 31 വരെ ക്ഷേമപെൻഷൻ വാങ്ങിയ ഗുണഭോക്താക്കൾക്കു തുടർന്നു ലഭിക്കാനും അവർ ജീവിച്ചിരിപ്പുണ്ടെന്നും തെളിയിക്കാനുമാണ് മസ്റ്ററിങ്.
റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങളിലെ ഇത്തരം സ്കാനർ മാറ്റാൻ 3 വർഷമായിട്ടും ഭക്ഷ്യപൊതുവിതരണ വകുപ്പ് തയാറാകാത്തതിനാൽ ഈ മാസം മുതൽ പ്രതിമാസം 8 ലക്ഷത്തിൽ പരം രൂപ പിഴയായി യുഐഡിഎഐക്കു നൽകേണ്ടി വരും. റേഷൻ കടകളിലെ ഒരു ഇടപാടിന് 10 പൈസ എന്ന തോതിലാണു പിഴ.
പ്രതിമാസം 80 ലക്ഷത്തിലേറെ ഇടപാടുകളാണു റേഷൻ കടകളിലാകെ നടക്കുന്നത്. കടയിൽ എത്തുന്ന ഉപഭോക്താവ് ഇ പോസ് യന്ത്രത്തിലെ സ്കാനറിൽ വിരൽ പതിപ്പിക്കുമ്പോൾ, ആധാർ അധിഷ്ഠിത സംവിധാനം വഴി അവരെ തിരിച്ചറിഞ്ഞ ശേഷമാണ് റേഷൻ വിതരണം ചെയ്യുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]