
കൂരാച്ചുണ്ട് ∙ മലയോര ഹൈവേയുടെ 28ാം മൈൽ – തലയാട് – പടിക്കൽവയൽ റീച്ചിൽ 28ാം മൈൽ മേഖലയിലെ പാതയോരം ഇടിയുന്നതിനാൽ കൃഷി ഭൂമിയും കാർഷിക വിളകളും തകരുന്നു. 28ാം മൈൽ വ്യൂ പോയിന്റ് ഭാഗത്ത് 200 മീറ്ററോളം പ്രദേശത്താണ് പ്രശ്നം. റോഡിന്റെ ഇടത് ഭാഗത്ത് പാതയുടെ ഭൂമി 12 മീറ്ററോളം ഉയരത്തിൽ കൃഷിയിടത്തോടു ചേർന്ന് ഇടിച്ച് മണ്ണെടുത്തിരുന്നു.
ഈ ഭാഗത്താണ് കൃഷിഭൂമിയിലെ തെങ്ങ്, മരങ്ങൾ ഉൾപ്പെടെ തകരുന്നത്. തടത്തിൽ ഫിലോമിന ജോർജ്, തടത്തിൽ നിമിഷ മിക്കി എന്നിവരുടെ തെങ്ങ്, റബർ കാർഷികാദായമുള്ള 2 ഏക്കറോളം ഭൂമിയാണ് ഇടിയുന്നത്.
മഴക്കാലത്ത് 4 ഭാഗങ്ങളിൽ ഇടിച്ചിൽ സംഭവിച്ചു.
ഇപ്പോഴും മണ്ണിടിച്ചിൽ തുടരുകയാണ്. റോഡ് നിർമാണത്തിനു മണ്ണിടിച്ചതോടെ കൃഷിയിടത്തിലേക്ക് ഉണ്ടായിരുന്ന റോഡും നഷ്ടപ്പെട്ടതോടെ സ്വന്തം ഭൂമിയിലേക്ക് കയറാൻ വഴിയില്ലാത്ത സ്ഥിതിയിലായി.
റോഡിന്റെ ഇടത് ഭാഗത്ത് സംരക്ഷണ ഭിത്തി നിർമാണം എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കെആർഎഫ്ബി അധികൃതർ പറയുന്നു.
റോഡിന്റെ വലതുവശത്ത് 10 മീറ്ററോളം ആഴത്തിലാണു കൃഷി ഭൂമി. ഈ മേഖലയിലും റോഡിന്റെ സംരക്ഷണ ഭിത്തി നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല.
വർഷങ്ങൾക്ക് മുൻപ് 30 മീറ്ററിലധികം വീതിയിൽ റോഡിന് ഭൂമി ഏറ്റെടുത്തതാണ്. ഈ ഭാഗത്ത് റോഡിന്റെ 15 മീറ്ററോളം ദൂരം കൂടി ഭിത്തി കെട്ടിയെടുക്കാൻ ഉണ്ടെന്നു പറയുന്നു.
പണി തുടങ്ങിയതോടെ സ്വകാര്യ ഭൂമിയിലേക്ക് പ്രവേശിക്കാനുള്ള റോഡും നഷ്ടമായി.
ജോർജ് തോമസ് തടത്തിൽ, ഷൈൻ ജോർജ് തടത്തിൽ, സണ്ണി തോമസ് തടത്തിൽ, ലൗലി സണ്ണി തടത്തിൽ, സജി ചോരപ്പള്ളി, ജോയി തോമസ് തടത്തിൽ എന്നിവരുടെ കൃഷിഭൂമിക്കും, വിളകൾക്കും റോഡ് സംരക്ഷണ ഭിത്തി നിർമിച്ചില്ലെങ്കിൽ ഭീഷണിയാണ്. പാതയോരം ഇടിഞ്ഞ് സ്വകാര്യ ഭൂമിയിലേക്ക് വീഴും.
തെങ്ങ്, റബർ, കൊക്കോ, കമുക് എന്നിവയുള്ള കൃഷി ഭൂമിയാണിത്.
ജോർജ് ചിറ്റക്കാട്ടുകുഴി, ഇബ്രാഹിം എകരൂൽ എന്നിവരുടെ വീടുകൾക്കും അപായ സാധ്യതയാണ്. റോഡിന്റെ ഒരു ഭാഗത്ത് മാത്രം മണ്ണിടിച്ചു എളുപ്പം പ്രവൃത്തി നടത്താനുള്ള കരാറുകാരന്റെ നീക്കമാണ് അപകട
ഭീഷണിക്ക് കാരണമെന്ന് കർഷകർ പറയുന്നു. ഈ റീച്ചിൽ മറ്റ് ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിച്ചതു പോലെ പാതയുടെ ഇരു ഭാഗങ്ങളിലും ഭിത്തി നിർമിക്കണമെന്നും കൃഷിയിടത്തിലേക്ക് നിലവിലുണ്ടായിരുന്ന റോഡ് പുനഃസ്ഥാപിച്ച് നൽകണമെന്നുമാണ് ആവശ്യം ഉയരുന്നത്.
പ്രശ്നപരിഹാരത്തിനായി കർഷകർ കെആർഎഫ്ബി അധികൃതർക്ക് പരാതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]