കൊച്ചി ∙ തദ്ദേശ സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി നൽകുന്ന അപേക്ഷകളിലുള്ള ഉത്തരവുകൾ ഏകജാലക സംവിധാനമായ കെ-സ്മാർട്ട് പോർട്ടലിൽ അപ്ലോഡ് ചെയ്താൽ അതിനു നിയമസാധുത ഉണ്ടെന്നും നേരിട്ട് നൽകണമെന്ന് നിർബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി.കട്ടപ്പന നഗരസഭയിൽ പച്ചക്കറി, മാംസ സ്റ്റാൾ നടത്തിയിരുന്ന മനോജ് നൽകിയ ഹർജി തളളിയ ഉത്തരവിലാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈസൻസ് പുതുക്കാൻ നൽകിയ അപേക്ഷ സ്വീകരിച്ചശേഷം, അപേക്ഷ അംഗീകരിച്ചു അല്ലെങ്കിൽ തള്ളി എന്ന തീരുമാനം നിശ്ചിത സമയത്തിനകം അറിയിക്കാത്തതിനാൽ ലൈസൻസ് ലഭിച്ചതായി കണക്കാക്കാം എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 447(6) പ്രകാരം, അപേക്ഷ നൽകി 30 ദിവസത്തിനകം തീരുമാനം അറിയിച്ചില്ലെങ്കിൽ ലൈസൻസ് ലഭിച്ചതായി കണക്കാക്കാമെന്ന് ഹർജിക്കാരൻ വാദിച്ചു.
എന്നാൽ അപേക്ഷ തള്ളിയ ഉത്തരവ് നിശ്ചിത സമയത്തിനുള്ളിൽ കെ-സ്മാർട്ടിൽ അപ്ലോഡ് ചെയ്തിരുന്നുവെന്നു കട്ടപ്പന നഗരസഭ അറിയിച്ചു. ഹർജിക്കാരന് ഉത്തരവ് നൽകാൻ ശ്രമിച്ചെങ്കിലും സ്വീകരിക്കാൻ തയാറായില്ലെന്നും ഉത്തരവ് ഉൾപ്പെടുന്ന കത്ത് ഹർജിക്കാരന്റെ കെട്ടിടത്തിൽ പതിച്ചിരുന്നെന്നും നഗരസഭ അറിയിച്ചു.
കെ സ്മാർട്ടിൽ അപ്ലോഡ് ചെയ്യുന്ന ഉത്തരവുകൾക്ക് ഐടി നിയമ പ്രകാരം നിയമ സാധുതയുണ്ടെന്നും നേരിട്ട് അറിയിച്ചില്ലെന്ന വാദം ഉന്നയിക്കാൻ കഴിയില്ലെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കുന്നത്. പോർട്ടലിൽ അപ്ലോഡ് ചെയ്തിരുന്ന ഉത്തരവ് കാണാൻ കഴിഞ്ഞില്ലെന്ന ഹർജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചില്ല. അപേക്ഷയിലെ അപാകത പോർട്ടൽ വഴി തന്നെ ഹർജിക്കാരൻ തിരുത്തിയിട്ടുണ്ടായിരുന്നു എന്നതും കണക്കിലെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]