വെള്ളറട∙അതിർത്തി മലയോര ഗ്രാമങ്ങളിൽ വന്യമൃഗശല്യം കാരണം കർഷകരും നാട്ടുകാരും വലയുന്നു.അമ്പൂരി, വെള്ളറട, കള്ളിക്കാട് ഗ്രാമപഞ്ചായത്തുപ്രദേശത്തുള്ളവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. പതിറ്റാണ്ടു മുൻപ് തമിഴ്നാട് സർക്കാർ നാഗർകോവിൽ കന്യാകുമാരി എന്നിവിടങ്ങളിലെ ചേരികളിലും ചാലുകളിലും വളർന്നിരുന്ന പന്നികളെയും അമ്പലങ്ങളിൽ തമ്പടിച്ചിരുന്ന കുരങ്ങുകളെയും പിടികൂടി അതിർത്തി വനത്തിൽ കൊണ്ടുവിട്ടതാണ് പിന്നീട് മലയോര ഗ്രാമീണർക്ക് വിനയായത്. നാട്ടിൽ കഴിഞ്ഞിരുന്ന പന്നികൾക്കും കുരങ്ങന്മാർക്കും കാട്ടിൽ തീറ്റതേടി പരിചയമില്ല.
വിശക്കുമ്പോൾ ഇവ കൂട്ടത്തോടെ ജനവാസ മേഖലയിലേയ്ക്ക് എത്തുകയാണ്.
മനുഷ്യരെ ഭയമില്ലാത്തതുകാരണം വിരട്ടിയോടിച്ചാലും കുരങ്ങന്മാർ പോകാറില്ല. അംഗബലം കൂട്ടിയെത്തി അക്രമാസക്തരാകുന്നതാണ് പതിവ്.
സഹ്യപർവത നിരകളിലുൾപ്പെട്ട കൂനിച്ചി–കൊണ്ടകെട്ടി മലനിരകളുടെ അടിവാരങ്ങളിലെ കൃഷി തോട്ടങ്ങളിലാണ് ഇവയുടെ വാസം. പെറ്റുപെരുകുന്നതുകാരണം മാസങ്ങൾ പിന്നിടുന്തോറും അംഗസംഖ്യ ഇരട്ടിക്കുകയാണ്.
ഉണങ്ങാനിട്ടിരിക്കുന്ന വസ്ത്രങ്ങളും വീട്ടുപകരണങ്ങളും എടുത്തുകൊണ്ടുപോവുക, കാർഷിക വിളകൾ നശിപ്പിക്കുക, സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുക, റബർതോട്ടങ്ങളിൽ പാൽ നിറഞ്ഞിരിക്കുന്ന ചിരട്ടകൾ തട്ടികമിഴ്ത്തുക, വീട്ടിനുള്ളിൽ കയറി ആഹാരസാധനങ്ങൾ നശിപ്പിക്കുക, മേൽക്കൂരയിലെ ഓടുകളും ഷീറ്റുകളും തകർക്കുക എന്നിവയാണ് വാനരന്മാരുടെ വിനോദങ്ങൾ.
വിരട്ടിയോടിക്കാൻ ശ്രമിച്ചാൽ കൂടുതൽ അംഗബലത്തോടെ തിരിച്ചെത്തും.
രാത്രികളിലാണ് പന്നിക്കൂട്ടങ്ങൾ എത്തുന്നത്. മുന്നിൽകാണുന്നതെല്ലാം നശിപ്പിച്ചിട്ടാണ് ഇവയുടെ മടക്കം.
പുലർച്ചെ ടാപ്പിങ്ങിനു പോകുന്ന തൊഴിലാളികളെ ആക്രമിച്ച സംഭവങ്ങളും ഏറെയുണ്ട്. വാഴ, മരച്ചീനി, ചേമ്പ്, ചേന കൃഷികളെല്ലാം പന്നികൾ കാരണം നശിച്ചു.പ്രകൃതിക്ഷോഭങ്ങളിലും വന്യമൃഗശല്യത്തിലും നശിക്കുന്ന കാർഷികവിളകളുടെ നഷ്ടപരിഹാരം യഥാസമയം ലഭിക്കുന്നില്ലെന്ന കർഷകരുടെ പരാതിയും വനരോദനമാവുകയാണ്.
പല കർഷകരും കൃഷിയ്ക്കായെടുത്ത ബാങ്ക് വായ്പകളുടെ അടവു മുടങ്ങി നല്ലൊരു ശതമാനം കർഷകരും കടക്കെണിയിലായി. ഗ്രാമങ്ങളിൽ മഴക്കെടുതിയിൽ കൃഷി നശിച്ചവർക്കും ധനസഹായം യഥാസമയം കിട്ടുന്നില്ല.
കാട്ടിനുള്ളിൽ വെള്ളവും ആഹാരവും കിട്ടാതായതുകൊണ്ടാണ് വന്യമൃഗങ്ങളെല്ലാം നാട്ടിലേയ്ക്കിറങ്ങുന്നത്. ആയിരക്കണക്കിനു കുരങ്ങന്മാർ വിഹരിക്കുന്ന പ്രദേശത്തുനിന്നും കുറച്ച് പിടികൂടി മാറ്റിയാലും പ്രശ്നം തീരില്ല.
ഈ ശ്രമം പലവട്ടം പരാജയപ്പെട്ടതാണ്.
കുരങ്ങൻമാരുടെയും പന്നികൂട്ടത്തിൻെറയും ശല്യംകാരണം ഒരു കൃഷിയും ചെയ്യാനൊക്കാത്ത സ്ഥിതിയായി. പ്രമുഖരാഷ്ട്രീയപാർട്ടികൾക്കെല്ലാം കർഷകസംഘടനകളുണ്ടെങ്കിലും മലയോരപ്രദേശത്തെ കർഷകർനേരിടുന്ന ഈ ഗുരുതര പ്രശ്നത്തിനെതിരെ ആരും കാര്യമായി പ്രതികരിക്കുകയോ സമരം നടത്തുകയോ ചെയ്യുന്നില്ല.
വന്യമൃഗങ്ങൾ നാട്ടിലേയ്ക്കിറങ്ങാതിരിക്കാനായി കാട്ടിനുള്ളിൽ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാനും, തടയണകൾനിർമ്മിച്ച് വെള്ളം നിറുത്താനും കെ.ബി.
ഗണേഷ്കുമാർ വകുപ്പ്മന്ത്രിയായിരുന്നപ്പോൾ പദ്ധതിയിട്ടെങ്കിലും നടന്നില്ല. എപ്പോഴെങ്കിലും കാട്ടിനുള്ളിൽ ആവാസ വ്യവസ്ഥയൊരുക്കി വന്യമൃഗങ്ങൾ നാട്ടിലേക്കെത്തുന്നത് തടയുന്നതുവരെ മലയോരനിവാസികൾ ശല്യം സഹിച്ചേമതിയാകൂ.
കൃഷിനശിപ്പിക്കാനായി വന്യമൃഗങ്ങൾ കൂട്ടംചേർന്നാണ് എത്തുന്നത്. പക്ഷേ കാലങ്ങളായി കൃഷിനാശം സഹിക്കുന്ന കർഷകർ സംഘടിക്കുന്നുമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]