തൃക്കരിപ്പൂർ ∙ നാടിന്റെയാകെ വികസനത്തിന് വിഘാതമായ ബീരിച്ചേരി, വെള്ളാപ്പ് ജംക്ഷൻ എന്നീ റെയിൽവേ ഗേറ്റുകളിൽ മേൽപാലം പണിയുന്നത് സംബന്ധിച്ച് നിലവിലുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതായും ജിഎഡി (ജനറൽ അലൈൻമെന്റ് ഡ്രോയിങ്)ക്ക് താമസമില്ലാതെ അംഗീകാരം ലഭിക്കുമെന്നും തൃക്കരിപ്പൂർ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള റെയിൽവേ കർമസമിതി അറിയിച്ചു. ഇരു മേൽപാലങ്ങളുടെയും ലാൻഡിങ് മുനവ്വിറിനു സമീപം ഒരേ പോയിന്റിൽ എത്തുന്ന വിധത്തിലാണ് ഡ്രോയിങ് സമർപ്പിച്ചത്.
2 മേൽപാലങ്ങൾ പണിയുന്നത് മൂലം ടൗണിന്റെ മറ്റു വികസനങ്ങൾക്ക് അത് തടസ്സമാകുമെന്നും മേൽപാലങ്ങളുടെ ടൗൺ ഭാഗത്തെ ലാൻഡിങ് ( തുടക്കം) രണ്ടിടങ്ങളിലാകുന്നത് വികസനം കൂടുതൽ സങ്കീർണമാകുമെന്ന് കണ്ടതിനാലുമാണ് ഡിസൈൻ പല പ്രാവശ്യം തിരിച്ചയക്കുന്ന സാഹചര്യമുണ്ടായത്.
കൂടാതെ വെള്ളാപ്പ് മേൽപാലത്തിന്റെ കിഴക്ക് ഭാഗത്തെ തുടക്കം ടൗണിലെ പല വ്യാപാര സ്ഥാപനങ്ങളെയും സാരമായി ബാധിക്കുകയും സ്വകാര്യ വ്യക്തികൾക്ക് വലിയ തോതിൽ സ്ഥലം നഷ്ടപ്പെടുന്ന സ്ഥിതിയും സംജാതമായിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസൈൻ പല തവണ തിരുത്തലുകൾക്ക് വിധേയമായതെന്നു കർമസമിതി വിശദീകരിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, എം.രാജഗോപാലൻ എംഎൽഎ എന്നിവർ നിരവധി തവണ ബിആർഡിസി ഉദ്യോഗസ്ഥരെയും ചെന്നൈ എഗ്മോറിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെയും ബന്ധപ്പെടുകയും കർമസമിതി എഗ്മോർ ഓഫിസിൽ ദുരിതം നേരിട്ട് ബോധിപ്പിച്ചിട്ടുമുണ്ട്. തുടർച്ചയായ ബന്ധപ്പെടലിന്റെ ഫലമായി വെള്ളാപ്പ് മേൽപാലം നിലവിലുള്ള ഗേറ്റിൽ നിന്നു തെക്ക് മാറി പരമാവധി അസൗകര്യങ്ങൾ കുറച്ച് കൊണ്ട് റെയിൽവേ ലൈൻ മുറിച്ചു കടക്കുന്നതിനും ബീരിച്ചേരി–വെള്ളാപ്പ് മേൽപാലങ്ങളുടെ ടൗൺ ഭാഗത്തെ ലാൻഡിങ് ഒരേ പോയന്റിൽ എത്തുന്ന വിധത്തിലുമാണ് ക്രമീകരിച്ചത്.
മേൽ ഡ്രോയിങ്ങുകൾ കാലതാമസമില്ലാതെ അംഗീകരിക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും കർമസമിതി അറിയിച്ചു.
ഭാവി പരിപാടികളുടെ ആസൂത്രണത്തിനായി കഴിഞ്ഞദിവസം കർമസമിതി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ അധ്യക്ഷത വഹിച്ചു.
കൺവീനർ ഇ.ജയചന്ദ്രൻ, കെ.കെ.രാജേന്ദ്രൻ, ടി.വി.ബാലകൃഷ്ണൻ, എം.ടി.പി.കരീം, ടി.വി.ഷിബിൻ, പി.കുഞ്ഞിക്കണ്ണൻ, കെ.വി.വിജയൻ, കെ.ശശിധരൻ, എ.ജി.ബഷീർ, കെ.വി.പി.സാബിർ, ഇ.വി.ദാമോദരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം.മനു, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി.പി.ഷുഹൈബ്, പഞ്ചായത്ത് അംഗങ്ങളായ എം.രജീഷ് ബാബു, ഫായിസ് ബീരിച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]