
ദോഹ: 2026ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് സുരക്ഷയൊരുക്കാൻ ഖത്തറും. ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഖത്തർ ആഭ്യന്തര മന്ത്രാലയവും (എംഒഐ) അമേരിക്കന്‍ ആഭ്യന്തര സുരക്ഷ വിഭാഗമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയും (ഡിഎച്ച്എസ്) സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് അൽ താനിയും ഡിഎച്ച്എസ് സെക്രട്ടറി ക്രിസ്റ്റി നോയെമും തമ്മിൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് കരാറിൽ ഒപ്പുവെച്ചത്. കഴിഞ്ഞ വര്‍ഷം ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളും പ്രാഥമിക കരാറുകളില്‍ ഒപ്പുവെച്ചിരുന്നു.
കഴിഞ്ഞ ജൂണിൽ, സുരക്ഷ മേഖലയിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ഖത്തറിന്റെ ആഭ്യന്തര സുരക്ഷ വിഭാഗമായ ലഖ്വിയയും യു.എസിന്റെ സുരക്ഷ ഏജൻസിയായ എഫ്.ബി.ഐയും തമ്മിലുള്ള കരട് ധാരണപത്രത്തിന് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു. 2022 ലെ ലോകകപ്പിന് വേദിയൊരുക്കിയ ഖത്തറിന്റെ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങൾ വിശ്വമേളയുടെ വിജയത്തിന്റെ ഭാഗമായിരുന്നു.
അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഖത്തര്‍ ലോകകപ്പിന്റെ സുരക്ഷയിലും പങ്കാളികളായിരുന്നു. സുരക്ഷ സന്നാഹവും സംഘാടനടവുംകൊണ്ട് ശ്രദ്ധേയമായ കഴിഞ്ഞ ലോകകപ്പിനു പിന്നാലെ വിവിധ അന്താരാഷ്ട്ര മേളകളിലും ഖത്തറിന്റെ സുരക്ഷ പങ്കാളിത്തമുണ്ടായിരുന്നു.
2024 പാരിസ് ഒളിമ്പിക്സിലും പാരാലിമ്പിക്സിലും ഖത്തറിന്റെ സുരക്ഷ വിഭാഗങ്ങൾ സജീവ പങ്കാളിത്തം വഹിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]