
മാനന്തവാടി ∙ 2 നൂറ്റാണ്ടിലേറെ പഴക്കമുള്ള മാനന്തവാടി -ബാവലി -മൈസൂരു പാതയിൽ വാഹനയാത്ര അതികഠിനം. ടാറിങ് പാടേ തകർന്ന പാതയിലെ വലിയ കുഴികൾ യാത്ര പാടേ ദുഷ്കരമാക്കുകയാണ്.
ചെറിയ വാഹനങ്ങൾ വലിയ കുഴികളിൽ കുടുങ്ങുന്നതും പതിവാണ്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിലൂടെ ചരിത്രത്തിൽ ഇടം നേടിയ പാതയാണ് ഇന്ന് അവഗണന നേരിടുന്നത്.
കേരള – കർണാടക അതിർത്തിയായ ബാവലി മുതൽ മച്ചൂർ വരെയുള്ള 10 കിലോമീറ്റർ ഭാഗത്ത് നിലവിൽ കർണാടക പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ ജോലിക്കും കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ പല വിധ തടസ്സങ്ങളും ഉയർത്തുന്നുണ്ട്.
റോഡ് പണിക്കുള്ള വാഹനങ്ങൾ പലപ്പോഴും തടയുന്നതും റോഡരികിൽ മണ്ണ് നിക്ഷേപിക്കാൻ അനുവദിക്കാത്തതും എല്ലാം ഇതിന്റെ ഭാഗമാണ്. പ്രതിസന്ധികളെ അതിജീവിച്ച് 20 കോടി രൂപ ചെലവിൽ പ്രാഥമിക നവീകരണം പുരോഗമിച്ച് വരികയാണ്.എന്നാൽ മച്ചൂർ മുതൽ ബെള്ള വരെയുള്ള 5 കിലോമീറ്ററിൽ അധികം വരുന്ന ഭാഗത്ത് പേരിന് പോലും റോഡ് നിലവിലില്ലാത്ത അവസ്ഥയാണ് നിലവിൽ.
മഴ പെയ്തതിനാൽ ചെളി വെള്ളം നിറഞ്ഞുകിടക്കുന്ന വലിയ കുണ്ടും കുഴിയും താണ്ടി വേണം വാഹനങ്ങൾക്ക് കടന്ന് പോകാൻ.
കൊട്ടിയൂർ ക്ഷേത്രത്തിലെ ഉത്സവ സമയത്ത് ഇവിടെ മണിക്കൂറുകൾ നീണ്ട
ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. മച്ചൂർ മുതൽ വനാതിർത്തി വരെയും റോഡിന് മതിയായ വീതി ഇല്ലാത്തത് അപകട
സാധ്യത ഉയർത്തുന്നുണ്ട്. വൈകിട്ട് 6 മുതൽ രാവിലെ 6 വരെ രാത്രിയാത്രാ ഗതാഗത നിയന്ത്രണം നിലനിൽക്കുന്ന പാതയാണിത്.
എന്നാൽ ഈ സമയത്തും കർണാടക വനപാലകരുടെ മേൽനോട്ടത്തിൽ വിദേശികൾ അടക്കമുള്ള യാത്രക്കാരുമായി കാനന സവാരിക്ക് 50 ൽ ഏറെ വാഹനങ്ങളാണ് വനത്തിനുള്ളിൽ സർവീസ് നടത്തുന്നത്.
കർണാടക അതിർത്തി പ്രദേശമായ ബൈരക്കുപ്പ, മച്ചൂർ, ബാവലി എന്നിവിടങ്ങളിലെ സാധാരണക്കാർക്ക് രാത്രിയിൽ ചികിത്സ തേടി ആശുപത്രിയിൽ എത്താൻ പോലും കഴിയാത്ത അവസ്ഥ നിലനിൽക്കവെ ആണ് വനം വകുപ്പിന്റെ കീഴിൽ സഫാരി നടത്തുന്നത്.
റോഡ് നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നും വൈകിട്ട് 6 മുതൽ ഉള്ള രാത്രിയാത്രാ ഗതാഗത നിയന്ത്രണം രാത്രി 9 മുതലായെങ്കിലും പരിമിതപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]