
‘ഞങ്ങടെ വയറ്റത്തടിച്ചല്ലോ’; ഓഫ് റോഡ് ജീപ്പ് സവാരി നിരോധിച്ച് ഉത്തരവ്: ആയിരങ്ങൾ പ്രതിസന്ധിയിൽ
ഇടുക്കി∙ ജില്ലയിൽ ഓഫ് റോഡ് സവാരി നിരോധിച്ച് കലക്ടർ ഉത്തരവിറക്കിയതോടെ ഉപജീവനം വഴിമുട്ടിയ അവസ്ഥയിലാണ് ആയിരക്കണക്കിന് ജീപ്പ് ഡ്രൈവർമാരും കുടുംബങ്ങളും. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെങ്കിലും ഓഫ് റോഡ് ജീപ്പ് സവാരി നിയന്ത്രണം ടൂറിസത്തിനു കനത്ത തിരിച്ചടിയാകും. മലയോര മേഖലയിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ജീപ്പ് സവാരി മാത്രമാണ് ആശ്രയം.
ഈ സാഹചര്യത്തിൽ, നിലവിലെ വാഹനങ്ങൾ ക്രമവൽക്കരിച്ച് അനുമതി നൽകണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ ഓഫ് റോഡ് സവാരി നടത്തുന്ന വാഹനങ്ങൾ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഏകീകൃതമായി ക്രമവൽക്കരിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയിലുള്ളവർ.
കലക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.
രാമക്കൽമേട്ടിലേക്ക് 103 ജീപ്പുകൾ
ജില്ലയുടെ പ്രധാന ആകർഷണമായ രാമക്കൽമേട് – ആമപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ മാത്രം 103 ജീപ്പുകളാണ് സർവീസ് നടത്തുന്നത്. ആമപ്പാറയിലേക്കുള്ള ജീപ്പ് സവാരിയാണ് സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുന്നത്.
നിരോധനം തുടർന്നാൽ ഇടുക്കിയുടെ ജീപ്പ് സവാരിയും അതു സമ്മാനിക്കുന്ന അനുഭവങ്ങളും സഞ്ചാരികൾക്കു നഷ്ടമാകും. നിരോധനമേർപ്പെടുത്തിയതോടെ രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിൽ ആരവമൊഴിഞ്ഞ മട്ടാണ്.
ജീപ്പ് സവാരി നിരോധനത്തിൽ മറയൂർ ബസ് സ്റ്റാൻഡിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം.
ദുരിതത്തിൽ മൂന്നാറിലെ ജീപ്പ് ഡ്രൈവർമാർ
മൂന്നാറിലെ നൂറ്റിയൻപതിലധികം ഡ്രൈവർമാരും ഇവരുടെ കുടുംബങ്ങളുമാണ് ജീപ്പ് സവാരി നിരോധനം മൂലം ദുരിതത്തിലായിരിക്കുന്നത്.
മൂന്നാർ സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികളെ മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, ഗ്യാപ് റോഡ്, സൂര്യനെല്ലി, വട്ടവട, മാങ്കുളം തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ജീപ്പുകളിൽ സവാരിക്കും ഓഫ് റോഡ് സഫാരിക്കുമായി കൊണ്ടുപോകുന്നത്. ജീപ്പുകൾ പലപ്പോഴും അപകടത്തിൽ പെടുന്നത് കൊടുംവളവുകളും കയറ്റങ്ങളും കുത്തിറക്കങ്ങളും നിറഞ്ഞ മൂന്നാറിലെ റോഡുകളിലൂടെയുള്ള അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലമാണ്. ഇത്തരം സാഹസിക യാത്രകൾ നിയന്ത്രിക്കുന്നതിന് പൊലീസും മോട്ടർ വാഹന വകുപ്പും നിരന്തരമായ പരിശോധനകൾ നടത്തി നടപടിയെടുക്കുകയാണ് വേണ്ടതെന്നും നിരോധനമല്ല പരിഹാരമെന്നും അഭിപ്രായം ഉയരുന്നുണ്ട്.
കാന്തല്ലൂരിൽ സഞ്ചാരികളെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിക്കുന്ന ജീപ്പുകൾ നിരയായി നിർത്തിയിട്ടിരിക്കുന്നു.
മറയൂർ, കാന്തല്ലൂരിൽ 300 ജീപ്പുകൾ
മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലായി മുന്നൂറിലേറെ ജീപ്പുകളാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഡ്രൈവർമാർ, ഉടമകൾ ഉൾപ്പെടെ ജീപ്പിലൂടെ ഉപജീവന മാർഗം കണ്ടെത്തുന്നത് 1500ൽ അധികം കുടുംബങ്ങളാണെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ എത്തുന്ന വിനോദസഞ്ചാരികളെ കൂടുതലും ആകർഷിക്കുന്നത് ജീപ്പ് സവാരിയാണ്.
പ്രദേശത്ത് കൂടുതലും യുവാക്കൾ ലക്ഷങ്ങൾ മുടക്കി ജീപ്പ് വാങ്ങി ഓടിച്ചാണ് കുടുംബം പോറ്റുന്നത്. ഇതിനിടെ, കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ ജീപ്പ് സവാരി നിരോധനം ഡ്രൈവർമാരെ പ്രതിസന്ധിയിലാക്കി.
രൂക്ഷമായ വന്യമൃഗശല്യം മൂലം ഇവിടത്തെ കർഷകർ കൃഷികൾ എല്ലാംതന്നെ ഉപേക്ഷിച്ചു വരികയാണ്. കൂടുതൽ പേരും ഇപ്പോൾ ഊന്നൽ നൽകുന്നത് ടൂറിസം മേഖലയ്ക്കാണ്.
മുരുകൻമല, കച്ചാരം വെള്ളച്ചാട്ടം, ഇരച്ചിൽപാറ വെള്ളച്ചാട്ടം, ഭ്രമരം വ്യൂ പോയിന്റ്, പഴം – പച്ചക്കറി തോട്ടങ്ങൾ ഉൾപ്പെടെ 10 സ്ഥലങ്ങളിലാണ് പ്രധാനമായും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ജീപ്പ് സവാരി നടത്തുന്നത്. ഇവിടങ്ങളിൽ ആശ്രയം ഓഫ് റോഡ് ജീപ്പുകൾ മാത്രം
വെള്ളത്തൂവൽ പഞ്ചായത്തിലെ ചുനയംമാക്കൽ, രാജാക്കാട്, കൊന്നത്തടി പഞ്ചായത്തുകളിലായുള്ള പൊന്മുടി, ശാന്തൻപാറ പഞ്ചായത്തിലെ അക്കാതങ്കച്ചി പാറ, ആനയിറങ്കൽ, കള്ളിപ്പാറ, ഉടുമ്പൻചോല പഞ്ചായത്തിലെ ചതുരംഗപ്പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികൾ ആശ്രയിക്കുന്നത് ഓഫ് റോഡ് ജീപ്പുകളെയാണ്.
ചിന്നക്കനാൽ, ശാന്തൻപാറ, വെള്ളത്തൂവൽ, രാജാക്കാട് പഞ്ചായത്തുകളിൽ മാത്രം അഞ്ഞൂറിലധികം ജീപ്പ് ഡ്രൈവർമാരാണ് ഉപജീവനത്തിനായി ഓഫ് റോഡ് ട്രെക്കിങ് നടത്തുന്നത്.
അടിമാലി മേഖലയിൽ 500 ജീപ്പുകൾ
ഓഫ് റോഡ് ജീപ്പ് സവാരിക്ക് കടിഞ്ഞാൺ വീണത് ആനച്ചാൽ, മാങ്കുളം മേഖലയിലെ അഞ്ഞൂറോളം വരുന്ന വാഹന ഉടമകളുടെ ഉപജീവന മാർഗത്തെ പ്രതികൂലമായി ബാധിക്കും. ഇതോടനുബന്ധിച്ച് ഹോട്ടൽ ഉൾപ്പെടെയുള്ള മറ്റു വ്യാപാരമേഖലകളെയും ഇത് സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആനച്ചാലിൽ നിന്നു മുന്നൂറിലേറെ വാഹനങ്ങളാണ് ഓഫ് റോഡ് സവാരിയിലൂടെ ലഭിക്കുന്ന തുച്ഛമായ തുക ഉപയോഗിച്ച് ഉപജീവനം നടത്തുന്നത്.
കൂടാതെ മാങ്കുളത്ത് നൂറ്റിയൻപതോളം ജീപ്പുകളാണ് ട്രക്കിങ്ങിനുള്ളത്. നിയമപരമായ രേഖകളും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമുള്ള വാഹനങ്ങളാണ് ഇവിടെ ട്രെക്കിങ് നടത്തുന്നതെന്നു വാഹന ഉടമകളും ഡ്രൈവർമാരും പറയുന്നു. കൊളുക്കുമല ജീപ്പ് സവാരി മുടങ്ങിയേക്കില്ല
രാജകുമാരി∙ ഓഫ് റോഡ് ജീപ്പുകൾ മാത്രം സർവീസ് നടത്തുന്ന കൊളുക്കുമലയിലേക്കുള്ള ജീപ്പ് സവാരി മുടങ്ങിയേക്കില്ലെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ.
മാനദണ്ഡങ്ങൾ പാലിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് കൊളുക്കുമലയിലേക്ക് ജീപ്പുകൾ സർവീസ് നടത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി മോട്ടർ വാഹന വകുപ്പ് കലക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകും. മോട്ടർ വാഹന വകുപ്പ്, ഡിടിപിസി, പാെലീസ്, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകൾ സംയുക്തമായാണ് കൊളുക്കുമല സർവീസ് സുഗമമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നത്.
ഇരുനൂറ്റിമുപ്പതിലധികം ജീപ്പുകളാണ് സൂര്യനെല്ലിയിൽ നിന്ന് കൊളുക്കുമലയിലേക്ക് സർവീസ് നടത്തുന്നത്. ഒരു ജീപ്പിൽ 6 പേരെ മാത്രമാണ് യാത്ര ചെയ്യാൻ അനുവദിക്കുക. കൊളുക്കുമല ടിക്കറ്റ് കൗണ്ടറിലെ ചുമതലയുള്ള ഡിടിപിസി ഉദ്യോഗസ്ഥൻ ഡ്രൈവർമാരെ ബ്രെത്തലൈസർ ഉപയോഗിച്ചു പരിശോധിച്ച ശേഷമാണ് ടിക്കറ്റ് നൽകുന്നത്.
3 മാസം കൂടുമ്പോൾ മോട്ടർ വാഹന വകുപ്പ് വാഹനങ്ങൾ പരിശോധിച്ച് റജിസ്ട്രേഷൻ പുതുക്കി നൽകും. ലൈസൻസും 3 മുതൽ 5 വർഷം വരെ അനുഭവ പരിചയവുമുള്ള ഡ്രൈവർമാരെ മാത്രമാണ് കൊളുക്കുമല ട്രക്കിങ്ങിന് അനുവദിക്കുന്നത്. ഡ്രൈവർമാർക്ക് പാെലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.
ഡ്രൈവർമാർക്ക് കൃത്യമായ ഇടവേളകളിൽ മോട്ടർ വാഹന വകുപ്പ് ബോധവൽക്കരണ ക്ലാസുകളും നൽകുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]