
മെഡിക്കല്‍ കോളജിൽ ഉപകരണങ്ങള്‍ എത്തിച്ചു; മാറ്റിവച്ച ശസ്ത്രക്രിയകള്‍ ആരംഭിച്ചു, രോഗികൾക്ക് ആശ്വാസം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ഡോ.ഹാരിസിന്റെ വെളിപ്പെടുത്തലിന്റെ ആഘാതത്തില്‍ ഞെട്ടിയുണര്‍ന്ന് ആരോഗ്യവകുപ്പും അധികൃതരും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യൂറോളജി വിഭാഗത്തില്‍ ലഭ്യമല്ലാതിരുന്ന ശസ്ത്രക്രിയ ഉപകരണങ്ങള്‍ ആശുപത്രിയിൽ എത്തിച്ചു. ഇതോടെ പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണു കരുതുന്നത്. ഹൈദരാബാദില്‍നിന്ന് ഉപകരണങ്ങള്‍ രാവിലെ എത്തിച്ചതോടെ മാറ്റിവച്ച ശസ്ത്രക്രിയകള്‍ ആരംഭിച്ചു. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങളാണ് ഹൈദരാബാദില്‍നിന്ന് വിമാനമാര്‍ഗം ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ചത്. യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിന്റെ തുറന്നുപറച്ചില്‍ ശസ്ത്രക്രിയ കാത്തിരുന്ന രോഗികള്‍ക്ക് ഏറെ ആശ്വാസമാണ് പകര്‍ന്നിരിക്കുന്നത്. ഉപകരണങ്ങള്‍ക്കു ക്ഷാമമുണ്ടായിരുന്നു എന്ന ഡോ.ഹാരിസിന്റെ വെളിപ്പെടുത്തല്‍ യാഥാര്‍ഥ്യമാണെന്നു തെളിഞ്ഞതായി രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞു. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം മൂലം രോഗികള്‍ അനുഭവിക്കുന്ന ദുരിതം വെളിപ്പെടുത്തി ശനിയാഴ്ചയാണ് ഡോ.ഹാരിസ് സമൂഹമാധ്യമത്തില്‍ കുറിപ്പ് എഴുതിയത്. ഇതു വന്‍വിവാദമായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രിയും മറ്റ് അധികൃതരും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചു.
ഡോ.ഹാരിസിന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന കാര്യങ്ങളാണ് അന്വേഷണ സമിതിയുടെ പരിശോധനയിലും കണ്ടെത്തിയതെന്നാണു റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജുകളില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ഇപ്പോഴുള്ളത് അതിസങ്കീര്‍ണമായ നടപടിക്രമങ്ങളാണെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ബി.പത്മകുമാര്‍, കൊല്ലം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ.രഞ്ജു രവീന്ദ്രന്, കോട്ടയം മെഡിക്കല്‍ കോളജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍, ആലപ്പുഴ മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ.എസ്.ഗോമതി എന്നിവരടങ്ങുന്ന സമിതിയുടെ വിലയിരുത്തല്‍. ഉപകരണങ്ങള്‍ വാങ്ങുന്നതിന് മെഡിക്കല്‍ കോളജുകളിലെ സൂപ്രണ്ടുമാര്‍ക്കുള്ള അധികാരം പരിമിതമാണെന്നും ഇതു കാലോചിതമായി മാറ്റി നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും സമിതി നിര്‍ദേശിച്ചു.
ഇതിനിടെ ഗവ.മെഡിക്കല്‍ കോളജിലെ അധ്യാപകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ അലംഭാവം പുലര്‍ത്തുന്നുവെന്ന് ആരോപിച്ച് കേരള ഗവ.മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) നേതൃത്വത്തില്‍ ഡോക്ടേഴ്സ് ദിനമായ ഇന്നുമുതല്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടന്നു. ശമ്പളക്കുടിശിക അനുവദിക്കുക, രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടര്‍മാരെ നിയമിക്കുക, ശമ്പള അപാകതകള്‍ പരിഹരിക്കുക എന്നിവയാണു പ്രധാന ആവശ്യങ്ങളെന്ന് പ്രസിഡന്റ് ഡോ.ടി.റോസ്നാര ബീഗവും സെക്രട്ടറി ഡോ.സി.എസ്.അരവിന്ദും പറഞ്ഞു.