വിവാഹനിശ്ചയത്തിനായി വാങ്ങിയ സാരിയുടെ കളർ മങ്ങി: 36,500 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി
കൊച്ചി∙ സഹോദരിയുടെ വിവാഹനിശ്ചയത്തിനായി വാങ്ങിയ സാരിയുടെ കളർ പോയി ഉപയോഗശൂന്യമായ കേസിൽ തുണിക്കടയ്ക്ക് 36,500 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി. എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് നിക്ളാവോസ് ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഉപഭോക്താവ് പരാതിപ്പെട്ടപ്പോൾ യാതൊരു നടപടിയും സ്വീകരിക്കാത്ത സ്ഥാപനത്തിന്റെ നിലപാട് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി പറഞ്ഞു.
Also Read
സഹോദരിയുടെ വിവാഹനിശ്ചയത്തിനായി ഭാര്യയ്ക്കും മറ്റു ബന്ധുക്കൾക്കും 89,199 രൂപയ്ക്ക് 14 സാരികളാണ് പരാതിക്കാരൻ വാങ്ങിയത്.
മികച്ച ഗുണമേന്മയുള്ളവയെന്ന് സ്ഥാപനം വിശ്വസിപ്പിച്ചുവെന്ന് പരാതിക്കാരൻ പറയുന്നു. അതിൽ 16,500 രൂപ വിലയുള്ള സാരി ഉടുത്തപ്പോൾ ആദ്യ ദിവസം തന്നെ നിറം പോയി.
ഇത് പരാതിക്കാരനും ഭാര്യയ്ക്കും ഏറെ വിഷമം ഉണ്ടാക്കി. ഇ–മെയിൽ, വക്കിൽനോട്ടിസ് എന്നിവയിലൂടെ സാരിയുടെ പ്രശ്നം സ്ഥാപനത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഉപഭോക്തൃ സൗഹൃദം അല്ലാത്ത ഇത്തരത്തിലുള്ള വ്യാപാരികളുടെ പ്രവർത്തനങ്ങളുടെ നേർക്ക് നിശബ്ദമായിരിക്കാൻ കോടതികൾക്ക് കഴിയില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
സാരിയുടെ വിലയായ 16,500 രൂപ പരാതിക്കാരന് തിരിച്ചു നൽകണമെന്നും കൂടാതെ, നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവക്ക് 20,000 രൂപയും 45 ദിവസത്തിനകം നൽകണമെന്നുമാണ് കോടതി ഉത്തരവിട്ടത്. പരാതിക്കാരന് വേണ്ടി അഡ്വ.ആൽവിൻ ജ്വൽ എസ്.എസ് ഹാജരായി.
ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് gorodenkoff/istockphoto.comൽ നിന്ന് എടുത്തിട്ടുളളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

