
നാട്ടുകാർ ഒന്നിച്ചിറങ്ങി; റോഡിലെ വെള്ളക്കെട്ടിനു പരിഹാരം
രാമങ്കരി ∙ നാട്ടുകാർ ഒന്നിച്ചു രംഗത്തിറങ്ങിയതോടെ റോഡിലെ വെള്ളക്കെട്ടിനു പരിഹാരം. രാമങ്കരി പഞ്ചായത്ത് 2–ാം വാർഡിൽ രാമങ്കരി ജംക്ഷൻ മുതൽ ആറ്റുതീരം വരെയുള്ള റോഡിൽ രാമങ്കരി പള്ളിക്കു സമീപം 40 മീറ്ററോളം സ്ഥലത്തെ വെള്ളക്കെട്ടാണു നാട്ടുകാർ പിരിവെടുത്തു മണ്ണ് ഇറക്കി ഉയർത്തിയത്. ആഴ്ചകളായി വെള്ളത്തിനടിയിലായ റോഡിലൂടെയുള്ള ഗതാഗതം ബുദ്ധിമുട്ടായതോടെയാണു നാട്ടുകാർ രംഗത്തിറങ്ങിയത്.
റോഡിന്റെ ഇരുവശവും പാടശേഖരമാണ്. രണ്ടാംകൃഷി ഇറക്കാത്ത പാടങ്ങൾ ആയതിനാൽ വെള്ളം കയറ്റി ഇട്ടിരിക്കുകയാണ്.ജലനിരപ്പ് ഉയർന്നതോടെ റോഡ് വെള്ളത്തിനടിയിലായി. ഇതോടെ 1–ാം വാർഡിലെ മണലാടി ഭാഗത്തുനിന്നുള്ളവരും 2–ാം വാർഡിലുള്ളവരും വാഹനങ്ങളും കാൽനടയായും വളരെ ബുദ്ധിമുട്ടിയാണു വെള്ളക്കെട്ടിലൂടെ രാമങ്കരി ജംക്ഷനിൽ എത്തിയിരുന്നത്.
റോഡിന്റെ ഒരുവശം കോയിൽവട്ടത്തു കിഴക്കേ ബ്ലോക്ക് പാടശേഖരവും മറുഭാഗത്തു നൂറ്റിനാൽപതിൻ പാടശേഖരവുമാണ്. ജലനിരപ്പ് ഉയർന്നാൽ എല്ലാ വർഷവും രാമങ്കരി പള്ളിക്കു സമീപം 40 മീറ്ററോളം ഭാഗം വെള്ളം കയറി വെള്ളത്തിനടിയിൽ ആകും.
സ്ഥിരമായുണ്ടാകുന്ന ദുരിതത്തിനു പരിഹാരം കാണാൻ റോഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾ 250 രൂപ മുതലുള്ള തുക നൽകിയാണു റോഡ് ഉയർത്തിയത്. റോഡ് ഉയർത്താനായി 14 ലോഡ് മണ്ണ് ഇറക്കിയതിന് ഒന്നര ലക്ഷത്തോളം രൂപ ചെലവായി. പഞ്ചായത്ത് പ്രസിഡന്റ് ആർ.രാജുമോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
കമ്മിറ്റി അംഗങ്ങളായ ബൈജു സേവ്യർ, നരേന്ദ്രൻ, സി.തോമസുകുട്ടി, ജോസ് തോമസ്, ബൈജു തോമസ് എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]