
‘41 വർഷത്തിനുശേഷം നമ്മൾ ഇതാ വീണ്ടും ബഹിരാകാശത്ത്; ജയ് ഹിന്ദ്, ജയ് ഭാരത് !’: ഇന്ത്യയ്ക്കായി ശുഭാംശുവിന്റെ സന്ദേശം
ന്യൂഡൽഹി∙ ബഹിരാകാശത്തുനിന്ന് ഹിന്ദിയിൽ നമസ്കാരം പറഞ്ഞ് ശുഭാംശു ശുക്ല. ആക്സിയം–4 ദൗത്യത്തിന്റെ ഭാഗമായി ഫാൽക്കൺ–9 റോക്കറ്റിൽ ശുഭാംശു ഉൾപ്പെടെ നാലുപേർ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു യാത്ര തിരിച്ചു.
പേടകം ബഹിരാകാശത്തു എത്തിയതിനു പിന്നാലെ ഇന്ത്യക്കാർക്കായി ഹിന്ദിയിൽ ശുഭാംശുവിന്റെ സന്ദേശമെത്തി.
‘‘നമസ്കാരം, എന്റെ രാജ്യത്തെ പ്രിയപ്പെട്ട ജനങ്ങളെ, 41 വർഷത്തിനുശേഷം നമ്മൾ വീണ്ടും ബഹിരാകാശത്തെത്തി.
ഇത് വളരെ ആശ്ചര്യജനകമായ യാത്രയാണ്. സെക്കൻഡിൽ ഏഴര കിലോമീറ്റർ വേഗതയിൽ ഭൂമിയെ ചുറ്റുകയാണ് ഞങ്ങൾ.
നിങ്ങൾ എല്ലാവർക്കുമൊപ്പമാണ് ഞാനെന്ന് എന്റെ ചുമലിൽ പതിച്ച ത്രിവർണ പതാക എന്നോടു പറയുന്നു. ഇത് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള എന്റെ യാത്രയുടെ തുടക്കമല്ല.
പക്ഷേ, മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ തുടക്കമാണ്. ഈ യാത്രയിൽ നിങ്ങളെല്ലാവരും ഭാഗമാകണമെന്നാണ് എന്റെ ആഗ്രഹം.
അഭിമാനം കൊണ്ട് നിങ്ങളുടെ നെഞ്ച് നിറയണം. നമുക്ക് ഒത്തൊരുമിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്ക് തുടക്കമിടാം.
നന്ദി. ജയ് ഹിന്ദ്!
ജയ് ഭാരത്!’’ – ശുഭാംശു പറഞ്ഞു. എല്ലാം ദൈവത്തിന്റെ അനുഗ്രഹമെന്ന് ശുഭാംശുവിന്റെ പിതാവ് ശംഭുദയാൽ ശുക്ല പറഞ്ഞു. ഉത്തർ പ്രദേശിലെ ലക്നൗവിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വികസിത് ഭാരത് എന്നതിലേക്കുള്ള ചവിട്ടുപടിയാണ് ശുഭാംശുവിന്റെ ഈ നേട്ടെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.
അതേസമയം, നാളെ വൈകുന്നേരം നാലരയോടെ പേടകം ബഹിരാകാശനിലയിൽ ഡോക്ക് ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]