
റോഡിൽ ചെളിവെള്ളം; സ്കൂൾ യാത്ര കഠിനം: ദുർഗതി മടവൂർ എൻഎസ്എസ് എച്ച്എസ്എസിലെ വിദ്യാർഥികൾക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മടവൂർ∙ സ്കൂളിലേക്കുള്ള റോഡിലെ കുഴിയിൽ വർഷങ്ങളായി ചെളി വെള്ളം കെട്ടി നിൽക്കുന്നതിനാൽ ചെളി വെള്ളത്തിൽ ചവിട്ടാതെ സ്കൂളിൽ പോകാൻ കഴിയാതെ വിദ്യാർഥികൾ.മടവൂർ എൻഎസ്എസ് എച്ച്എസ്എസിലെ വിദ്യാർഥികൾക്കാണ് ഈ ദുർഗതി. 5 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളായി 1250 വിദ്യാർഥികൾ പഠിക്കുന്ന പഞ്ചായത്തിലെ പ്രധാന സ്കൂളാണ് മടവൂർ എൻഎസ്എസ് എച്ച്എസ്എസ്. മഴക്കാലമായാൽ റോഡിലെ കുഴിയിൽ വെള്ളം നിറയും. മഴ പെയ്തു കൊണ്ടിരിക്കുന്ന സമയത്ത് റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങും.പ്രധാന റോഡിൽ നിന്നും അയണിക്കാട്, വിളയ്ക്കാട് റോഡിൽ മാവിൻമൂട്ടിൽ നിന്നും 100 മീറ്റർ അകലെയാണ് സ്കൂൾ. മടവൂർ പഞ്ചായത്ത് ഓഫിസും ഈ റോഡിൽ തന്നെ.
പഞ്ചായത്ത് ഓഫിസിൽ നിന്നും 25 മീറ്റർ ദൂരത്താണു സ്കൂൾ. പഞ്ചായത്ത് വാഹനവും സ്വന്തമായി വാഹനവും ഉള്ളതിനാൽ സെക്രട്ടറി അടക്കമുള്ള ജീവനക്കാർ, പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികൾ എന്നിവർക്ക് ചെളി വെള്ളത്തിൽ കാൽ നനയാതെ പഞ്ചായത്ത് ഓഫിസിൽ എത്താം. എന്നാൽ വിദ്യാർഥികൾക്ക് മാത്രം ഇതിനു കഴിയുന്നില്ല.സ്കൂളിൽ നിന്ന് ഒട്ടേറെ തവണ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. എംപി, എംഎൽഎ, ജില്ല പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നിവർക്കും പലതവണ പരാതികൾ നൽകിയിട്ടും നടപടിയില്ല.വർഷങ്ങളായി വിദ്യാർഥികൾ അനുഭവിക്കുന്ന ദുരിതത്തിന് ആരെങ്കിലും നടപടി എടുക്കുമോ എന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്.