
കണ്ണൂർ വിമാനത്താവളത്തിൽ വൈദ്യുതി കേബിൾ തകരാറിൽ; പ്രതിദിനം നഷ്ടം 7 ലക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൈദ്യുതി എത്തിക്കുന്ന കെഎസ്ഇബി കേബിൾ തകരാറിലായി. വിമാനത്താവള കമ്പനിയായ കിയാലിനു പ്രതിദിനം 7 ലക്ഷം രൂപയാണു നഷ്ടം. കെഎസ്ഇബി വൈദ്യുതിയുടെ അഭാവത്തിൽ വിമാനത്താവളത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ ലീറ്റർ കണക്കിനു ഡീസവാണ് ആവശ്യം. ഇതിലൂടെയാണു പ്രതിദിനം ലക്ഷക്കണക്കിനു രൂപ അധിക ചെലവാകുന്നത്. വൈദ്യുതി നിലച്ചെങ്കിലും വിമാനത്താവള പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നു കിയാൽ അധികൃതർ വ്യക്തമാക്കി.
4 ദിവസം മുൻപാണു വിമാനത്താവളത്തിൽ വൈദ്യുതി നിലച്ചത്. കെഎസ്ഇബിയുടെ ചാവശ്ശേരി സബ് സ്റ്റേഷനിൽനിന്നു ഭൂഗർഭ കേബിൾ വഴിയാണു വിമാനത്താവളത്തിലേക്കു വൈദ്യുതിയെത്തിക്കുന്നത്. ഭൂഗർഭ കേബിളായതിനാൽ തകരാർ എവിടെയാണെന്നു കണ്ടെത്തുന്നതിലെ പ്രയാസമാണു കാലതാമസം സൃഷ്ടിച്ചത്. ഇന്നലെയാണു ചാവശ്ശേരി ടൗണിൽ കേബിൾ ഷോട്ട് കണ്ടെത്തിയത്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. പ്രതിദിനം ശരാശരി 3 ലക്ഷം രൂപയാണു വിമാനത്താവളത്തിൽ വൈദ്യുതി ബിൽ. വൈദ്യുതി മുടങ്ങിയതോടെ ഇരട്ടിയിലധികം തുകയാണു ചെലവാകുന്നത്.