റോഡിന്റെ വീതി 12 മീറ്റർ, എത്തുന്നത് ആയിരക്കണക്കിന് വാഹനങ്ങൾ; ആംബുലൻസിനും രക്ഷയില്ല: കുരുക്കൊഴിയാതെ കൊട്ടിയൂർ
കൊട്ടിയൂർ∙ പെരുമാളെ തേടിയെത്തുന്നവർ പെരുവഴിയിൽ കിടക്കേണ്ടി വരുന്നത് ആറും ഏഴും മണിക്കൂറുകൾ. മുൻവർഷങ്ങളിലും കൊട്ടിയൂരിൽ ഗതാഗതക്കുരുക്കുണ്ടാകാറുണ്ടെങ്കിലും മരണം വരെ സംഭവിക്കുന്ന തരത്തിലേക്കു കാര്യങ്ങൾ കൈവിട്ടുപോയത് ഇക്കൊല്ലമാണ്.
ഓരോ വർഷം കഴിയുന്തോറും കൊട്ടിയൂരിലേക്കെത്തുന്ന വിശ്വാസികളുടെ എണ്ണം വർധിക്കുകയാണ്. തെക്കൻ ജില്ലകളിൽനിന്ന് കൊട്ടിയൂരിലേക്കു പ്രത്യേക ടൂർ പാക്കേജ് തന്നെ ആരംഭിച്ചു.
Also Read
ബസുകളുൾപ്പെടെ ആയിരക്കണക്കിനു വാഹനങ്ങൾ കൊട്ടിയൂരിലെ ചെറിയ വഴിയിലേക്ക് എത്തിയതോടെ കാൽനടയാത്ര പോലും സാധിക്കാത്ത അവസ്ഥയായി. വിശ്വാസികൾ കൂടുതലായി എത്തുന്ന ശനി, ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിലാണു ഗതാഗതപ്രശ്നം അസഹ്യമാകുന്നത്.
അടുത്ത അവധി ദിവസങ്ങളിലും ആയിരക്കണക്കിനു വിശ്വാസികൾ എത്താനും ഗതാഗതം സ്തംഭിക്കാനും സാധ്യതയുണ്ട്. ∙ ആംബുലൻസിനും രക്ഷയില്ല കൊട്ടിയൂരിലെ ഗതാഗതക്കുരുക്കിൽപ്പെട്ട
ആംബുലൻസിലെ കുട്ടി മരിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ്. അമ്പായത്തോട് താഴെ പാല്‍ച്ചുരം കോളനിയിലെ പ്രജോഷ് – ബിന്ദു ദമ്പതികളുടെ മൂന്നര വയസ്സുള്ള മകന് പ്രജുല്‍ ആണ് മരിച്ചത്.
ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗബാധിതനാണ് പ്രജുല്‍. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍പെട്ട് മണിക്കൂറുകളോളം വൈകിയാണ് എത്തിയത്.
തുടർന്ന് കുട്ടിയെ മാനന്തവാടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തേ എത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞതായി പ്രജോഷ് പറഞ്ഞു.
Also Read
ആംബുലൻസിനു പോലും കടന്നുപോകാൻ സാധിക്കാത്തവിധമായിരുന്നു കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലെ തിരക്ക്. കൃത്യമായ മുന്നൊരുക്കങ്ങളും ആസൂത്രണവും നടത്താത്തതാണ് ആളുകളെ ദുരിതത്തിലാക്കിയതെന്നാണ് ആക്ഷേപം.
റോഡ് നവീകരിക്കണമെന്ന കാലാകാലങ്ങളായുള്ള ആവശ്യത്തോട് അധികൃതർ മുഖം തിരിച്ചുനിൽക്കുകയാണ്. ആകെ 12 മീറ്റർ വീതിയുള്ള റോഡിൽ ടാറിങ് വീതി 5.6 മീറ്ററാണ്.
ഡ്രയ്നേജില്ല, ഫുട്പാത്തില്ല, ഡിവൈഡറുകളില്ല, അറ്റകുറ്റപ്പണികൾ പോലും നടത്തിയില്ല. പതിറ്റാണ്ടുകൾക്കു മുൻപ് പണിത ഇടുങ്ങിയ പാലങ്ങളും കലുങ്കുകളും അതേപടി നിൽക്കുന്നു.
സംസ്ഥാനാന്തര വാഹനങ്ങളും ഇരുനൂറോളം ബസ് സർവീസുകളും സാധാരണ ദിവസങ്ങളിൽ ഈ റൂട്ടിലുണ്ട്. ഇതിനിടെയാണ് കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് ആയിരക്കണക്കിനു വാഹനങ്ങൾകൂടി എത്തുന്നത്.
മഴയിൽ വഴി തകർന്നതോടെ ആയിരത്തോളം വാഹനം പാർക്ക് ചെയ്യാൻ സാധിക്കുന്ന പാർക്കിങ് സ്ഥലം ഉപയോഗിക്കാൻ സാധിക്കാതെയും വന്നു. ഇതോടെ ഇതര സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ എത്തിയ തീർഥാടകർക്ക് യാത്ര ദുരിതമായി മാറി.
∙ 25 ലക്ഷം തീർഥാടകർ കഴിഞ്ഞ വർഷം കൊട്ടിയൂരിൽ 20 ലക്ഷം തീർഥാടകർ എത്തിയെന്നാണു കണക്ക്. ഈ വർഷം അത് 25–30 ലക്ഷമെങ്കിലും ആകുമെന്നാണു പ്രതീക്ഷിക്കുന്നത്.
28 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ജൂലൈ നാലിനാണ് അവസാനിക്കുന്നത്. ഇതിനിടയിൽ വരുന്ന അവധി ദിവസങ്ങളിലാണു തീർഥാടകർ ഒഴുകിയെത്തി റോഡിൽ കെട്ടിക്കിടക്കുന്നത്.
തീർഥാടകർ മാത്രമല്ല കൊട്ടിയൂർ, നീണ്ടുനോക്കി. ചുങ്കക്കുന്ന്, കേളകം, അമ്പായത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ പ്രദേശവാസികളും ഈ ദിവസങ്ങളിൽ പുറത്തിറങ്ങാൻ സാധിക്കാത്ത വിധം ബുദ്ധിമുട്ടിലാകും.
രോഗികളെ പോലും സമയത്ത് ആശുപത്രിയിലെത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. ∙ വഴി കണ്ടെത്തണം തൊഴാനെത്തി അനന്തമായി വഴിയിൽ കിടക്കേണ്ടി വരുന്ന തീർഥാടകരുടെ ദുരവസ്ഥയ്ക്കു താത്കാലിക പരിഹാരമെങ്കിലും വേണമെന്നാണ് ആവശ്യമുയരുന്നത്.
കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ കേളകം, ചുങ്കക്കുന്ന് എന്നിവിടങ്ങളിലും വയനാട്ടിൽനിന്നു വരുന്ന വാഹനങ്ങൾ ബോയ്സ്ടൗണിലും പിടിച്ചിട്ടു തീർഥാടകരെ കെഎസ്ആർടിസി ബസിൽ കൊട്ടിയൂരിലേക്കും തിരിച്ചും എത്തിക്കാൻ സൗകര്യം ഒരുക്കിയാൽ ഗതാഗതക്കുരുക്കിനു താത്കാലിക പരിഹാരമാകുമെന്നാണ് അഭിപ്രായം ഉയരുന്നത്. ക്ഷേത്രത്തിനടുത്തുള്ള സ്ഥലങ്ങൾ പരമാവധി പാർക്കിങ്ങിനായി ഉപയോഗിക്കാൻ സാധിക്കണം.
സമാന്തര പാതകളും ലിങ്ക് റോഡുകളും വികസിപ്പിച്ചാൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സാധിക്കും. സമാന്തര പാതകൾക്ക് സമീപത്തായി പാർക്കിങ് സൗകര്യം കണ്ടെത്താനും സാധിക്കും.
അടുത്ത വർഷത്തെ ഉത്സവത്തിനു മുൻപെങ്കിലും റോഡ് നവീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. അല്ലെങ്കിൽ തീർഥാടകർ മാത്രമല്ല, നാട്ടുകാർക്കും പുറത്തിറങ്ങാനുള്ള വഴിയും അടയും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

