
ഗേറ്റ് കീപ്പർമാരുടെ സമയോചിതമായ ഇടപെടൽ: കന്യാകുമാരി–പുനലൂർ പാസഞ്ചർ ട്രെയിൻ രക്ഷപ്പെട്ടത് വലിയ ദുരന്തത്തിൽ നിന്ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙വനിതാ ഗേറ്റ് കീപ്പർമാരുടെ സമയോചിതമായ ഇടപെടലിലാണ് വലിയ ഒരു ദുരന്തത്തിൽ നിന്ന് ഇന്നലെ രാത്രി കന്യാകുമാരി–പുനലൂർ പാസഞ്ചർ ട്രെയിനിനെ രക്ഷിച്ചത്. കപ്പലണ്ടി മുക്കിലെ ഗേറ്റ് കീപ്പർമാരായ പ്രാക്കുളം സ്വദേശി എസ്.വിനിതാമോളുടെയും മഹേശ്വരിയുടെയും സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാകാൻ കാരണമായത്. വഞ്ചിനാട് എക്സ്പ്രസ് കടന്നു പോയ ശേഷം ഗേറ്റ് തുറന്നു. തൊട്ടടുത്ത നിമിഷം കന്യാകുമാരി– പുനലൂർ പാസഞ്ചർ വരുന്നതിനാൽ ഗേറ്റ് അടയ്ക്കാനുള്ള സന്ദേശം എത്തി. ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് പോളയത്തോട് ശ്മശാനത്തിന് സമീപത്തു നിന്ന വലിയ മരം ട്രാക്കിലേക്കു വീണത്. ട്രാക്കിൽ വലിയ ശബ്ദവും തീയും പുകയും ഉയരുന്നതു കണ്ടതോടെ ഉടൻ കൊല്ലത്തെ സ്റ്റേഷൻ മാസ്റ്ററെ വിളിച്ചു അപകട മുന്നറിയിപ്പു നൽകി.ഇതെത്തുടർന്നാണ് കൊല്ലത്തേക്കു വരികയായിരുന്ന കന്യാകുമാരി– പുനലൂർ പാസഞ്ചർ അപകടം നടന്നതിന് 100 മീറ്റർ മുൻപ് പോളയത്തോട് റെയിൽവേ ഗേറ്റിനു സമീപം നിർത്താൻ സാധിച്ചത്.
ശബ്ദം കേട്ട് ട്രാക്കിന് സമീപത്തെ വീടുകളിൽ നിന്നവരെല്ലാം നിലവിളിച്ചു കൊണ്ട് ഒാടിപ്പോകുന്നതും കാണാമായിരുന്നുവെന്ന് മഹേശ്വരി പറഞ്ഞു. മഴയത്തും കർത്തവ്യനിരതരായി റെയിൽവേയുടെ ടെക്നിക്കൽ വിഭാഗത്തിലെ വനിതാ ജീവനക്കാർ. റെയിൽവേയുടെ ഇലക്ട്രിക്കൽ ട്രാക്ഷൻ വിഭാഗത്തിലെ ജീവനക്കാരായ രമ്യ, സന്ധ്യ, മായ, സുജ, ജൂലിയറ്റ് എന്നിവരാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ജോലികൾ നടത്താൻ മുൻനിരയിൽ ഉണ്ടായിരുന്നത്. പുരുഷ ജീവനക്കാരോടൊപ്പം ഇവരും വേഗം കർത്തവ്യനിരതരായി. വൈദ്യുതി കമ്പിയിലേക്കു വീണ മരങ്ങൾ അഗ്നി രക്ഷാസേനയും റെയിൽവേയുടെ മറ്റു ജീവനക്കാരും നാട്ടുകാരും ചേർന്ന് മുറിച്ചു നീക്കി. ആദ്യം കയറിയ ജീവനക്കാരനെ സഹായിക്കാനാണ് വനിതാ ജീവനക്കാരികൾ കൂടി മുകളിലേക്കു കയറിയത്.
ഭയന്ന് നാട്ടുകാർ
കൊല്ലം∙ വലിയ ശബ്ദവും തീയും പുകയും കണ്ട് പ്രദേശവാസികൾ വീടിന് പുറത്തേക്ക് ഇറങ്ങിയോടി. ഇന്നലെ രാത്രി പോളയത്തോട് ശ്മശാനത്തിന് സമീപത്തു നിന്ന വലിയ മരം റെയിൽവേ വൈദ്യുതി ലൈനിലേക്കു വീഴുന്ന ശബ്ദമാണ് നാട്ടുകാരെ ഭയപ്പെടുത്തിയത്. സ്ഫോടനം നടക്കുന്ന തരത്തിലുള്ള ശബ്ദവും തീയുമായിരുന്നു ട്രാക്കിൽ. എന്താണ് നടക്കുന്നതെന്ന് അറിയാതെ എല്ലാവരും വീട്ടിൽ നിന്നും പുറത്തേക്ക് ഒാടുകയായിരുന്നു. അതിനിടെ വീടുകളിലെ വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു, അപ്പോഴാണ് ട്രാക്കിൽ തീയും പുകയും ഉയരുന്നതു കണ്ടത്. മരം നിന്നു കത്തുന്നതാണ് പിന്നീട് കണ്ടത്. പോളയത്തോട് ശ്മശാനത്തിനു സമീപത്തുള്ള കോർപറേഷന്റെ മാലിന്യവും കാലഹരണപ്പെട്ട വാഹനങ്ങളും തള്ളിയിരിക്കുന്ന പറമ്പിലെ വലിയ മരമാണ് കടപുഴകി വീണത്. ഇവിടെയുള്ള മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നുണ്ടെന്ന് നേരത്തേ നാട്ടുകാർക്കു പരാതിയുണ്ട്.