
ഷൊർണൂർ റെയിൽവേ സ്റ്റേഷന് മേൽപാലത്തിൽ തൂങ്ങിനിന്ന് യുവാവിന്റെ ആത്മഹത്യ ഭീഷണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഷൊർണൂർ ∙ റെയിൽവേ സ്റ്റേഷനിൽ രണ്ടര മണിക്കൂർ നേരം അഗ്നിരക്ഷാസേനയെയും, റെയിൽവേയെയും മുൾമുനയിൽ നിർത്തി യുവാവിന്റെ ആത്മഹത്യ ഭീഷണി. റെയിൽവേ സ്റ്റേഷനിൽ മേൽപാലത്തിനു മുകളിൽ മണിക്കൂറുകളോളം തൂങ്ങിനിന്നാണ് ബംഗാൾ സ്വദേശിയായ ക്രിസ്റ്റം ഒറാവോൺ (30) ആത്മഹത്യാഭീഷണി മുഴക്കിയത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ പ്ലാറ്റ്ഫോമിൽ എത്തിയ യാത്രക്കാരൻ പുതിയ മേൽപാലത്തിൽ കയറി അഞ്ച്, ആറ് പ്ലാറ്റ്ഫോമിനു മധ്യഭാഗത്തായി തൂങ്ങിനിന്നു.
ആദ്യ ഘട്ടത്തിൽ റെയിൽവേ പൊലീസും, ആർപിഎഫും ഉൾപ്പെടെ ഇയാളെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ഒടുവിൽ ഷൊർണൂർ അഗ്നിരക്ഷാസേന എത്തി യുവാവിനെ പിന്തിരിക്കാൻ ശ്രമം നടത്തി. റെയിൽവേയുടെ ഹൈ ടെൻഷൻ വൈദ്യുതലൈൻ കടന്നുപോകുന്നതിനു മുകളിലായാണു ഇയാൾ തൂങ്ങി നിന്നിരുന്നത്. ഇതോടെ നാല്, അഞ്ച് പ്ലാറ്റ്ഫോമിൽ വരേണ്ട ട്രെയിനുകൾ പിടിച്ചിട്ടു. പിന്നീട് വൈദ്യുതിബന്ധം വിഛേദിച്ചു.
അവസാനം പൊലീസും അഗ്നിരക്ഷാസേനയും താഴെ വലവിരിച്ച് മണിക്കൂറുകളോളം കാത്തുനിന്നു.ഒടുവിൽ അഗ്നിരക്ഷാസേനാംഗങ്ങൾ യുവാവിന് അടുത്തെത്തിയാണ് പിടിച്ച് താഴെ ഇറക്കിയത്. നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് ഉൾപ്പെടെ 3 ട്രെയിനുകൾ ഇതോടെ വൈകി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡി. രാജേഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ആർ. വിപിൻദാസ്, കെ. രഞ്ജിത്ത്, എം.വി.വിനീത്, ആർ.ദിലീപ്, എസ് ഗോവിന്ദൻകുട്ടി, എസ്. ഷംനാദ്, യു.വി. അനന്തകൃഷ്ണൻ തുടങ്ങിയവർ രക്ഷാദൗത്യത്തിന് നേതൃത്വം നൽകി.